മൂന്നാറിന്‍െറയും ഇരവികുളത്തിന്‍െറയും തണുപ്പുനിലങ്ങളില്‍ മാത്രമല്ല, കണ്ണൂര്‍ ജില്ലയുടെ ഒരു ഓരത്തും ആ നീലപ്പൂക്കള്‍ വിരിയുന്നു, വ്യാഴവട്ടത്തിലൊരിക്കല്‍... . കണ്ണൂര്‍ നഗരത്തില്‍ നിന്ന് 67 കിലോമീറ്റര്‍ അകലെ, കാഞ്ഞിരക്കൊല്ലി മലനിരകളിലേക്കായിരുന്നു ഈ യാത്ര. വെള്ളച്ചാട്ടങ്ങളും വ്യൂപോയിന്‍റുകളും കാഴ്ച സമ്മാനിക്കുന്ന ഈ മലമടക്കുകളില്‍ ഭാഗ്യമുണ്ടെങ്കില്‍ പൂത്തുനില്‍ക്കുന്ന നീലക്കുറിഞ്ഞികളും കാണാം.
ആറളം വനം വഴിയായിരുന്നു കാഞ്ഞിരക്കൊല്ലി മലനിരകളിലേക്ക് തിരിച്ചത്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് ടെമ്പോ ട്രാവലര്‍ വാനില്‍ 22 പേര്‍. രാവിലെ ഏഴരക്ക് തുടങ്ങിയ യാത്ര മട്ടന്നൂര്‍, ഇരിട്ടി വഴി പാലപ്പുഴ പാലത്തിലത്തെുമ്പോള്‍ സമയം 10 മണിയോടടുത്തിരുന്നു. പാലം കഴിഞ്ഞ് ആറളം ഫാമിലേക്കുള്ള കവാടം. പുഴ കണ്ടതോടെ, കൈയില്‍ കരുതിയ പ്രഭാത ഭക്ഷണം അവിടെവെച്ച് കഴിക്കാമെന്ന് തീരുമാനിച്ചു. പാലത്തില്‍ നിരന്നുനിന്ന് പ്രാതല്‍ കഴിച്ചു. പാറക്കെട്ടുകള്‍ നിറഞ്ഞ പുഴയിലിറങ്ങി കൈയും മുഖവും കഴുകി. പാലത്തില്‍ നിന്ന് തുടങ്ങിയ ഫോട്ടോ സെഷന്‍ പുഴക്ക് നടുവിലെ പാറക്കെട്ടുകളിലേക്ക് നീണ്ടു. പാറക്കെട്ടുകളിലേക്കുള്ള ചാട്ടത്തിനിടെ ഒരു മൊബൈല്‍ ഫോണ്‍ പുഴയെടുത്തതോടെ അത് അവസാനിക്കുകയും ചെയ്തു.
ചീങ്കണ്ണി പുഴക്കരയിലൂടെ...
ആറളം ഫാമിലൂടെ അഞ്ചുകിലോമീറ്റര്‍ യാത്രക്കൊടുവില്‍ വളയഞ്ചാലില്‍ ചീങ്കണ്ണി പുഴയോട് ചേര്‍ന്ന വന്യജീവി സങ്കേതത്തിനരികിലത്തെി. മനോഹരിയായി ഒഴുകുന്ന പുഴക്ക് കുറുകെയിട്ട തൂക്കുപാലം കണ്ടപ്പോള്‍ എല്ലാവരും അങ്ങോട്ടോടി. പലകകള്‍ തകര്‍ന്നും ദ്രവിച്ചും കിടന്ന പാലത്തിലൂടെ മറുകരയിലേക്കുള്ള യാത്ര സാഹസികമായിരുന്നു. ഉരുളന്‍ കല്ലുകളും പഞ്ചാര മണലും നിറഞ്ഞ പുഴ വല്ലാതെ കൊതിപ്പിച്ചു. തിരികെ കടക്കുന്നത് പുഴയിലൂടെയാവാമെന്ന് കരുതി. മുട്ടോളം ആഴം പ്രതീക്ഷിച്ചിറങ്ങി അരയോളം മുങ്ങിയപ്പോള്‍ തിരികെ കയറി. പുഴയരികിലെ ഇല്ലിക്കാട്ടിലൂടെ അല്‍പം മുന്നോട്ട് നടന്ന് ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ സ്ഥലത്തുകൂടി അക്കരെ കടന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതം വാങ്ങി കാടിന്‍െറ കവാടം കടന്നു. പടംപിടിക്കുന്നതിന്‍െറ ആവേശം കെട്ടപ്പോള്‍ പുഴക്ക് സമാന്തരമായി കാട്ടുപാതയിലൂടെ നടന്നു. കൂടെ വഴികാണിക്കാന്‍ വനംവകുപ്പിലെ ഗൈഡും. വെയില്‍ ഉദിച്ചുയരുന്ന സമയമായിട്ടും തണല്‍ നിറഞ്ഞ് തണുത്ത വഴികളിലൂടെയാണ് നടത്തം. കാടിനോട് ചേര്‍ന്ന് ചീങ്കണ്ണി പുഴയുടെ കടവുകളില്‍ കാട്ടുമക്കളുടെ നീരാട്ട്. വള്ളികള്‍ വളഞ്ഞുപുളഞ്ഞ് പന്തലിട്ട ഇടതൂര്‍ന്ന കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ നടന്നത് അറിഞ്ഞതേയില്ല. വനംവകുപ്പിന്‍െറ താല്‍ക്കാലിക അനുമതി മാത്രമുള്ളതിനാല്‍ ഇനി തിരിച്ചുനടക്കാമെന്നായി ഗൈഡ്.
അഞ്ചു കിലോമീറ്റര്‍ കൂടി പിന്നിട്ട് ഇടതുവശത്ത് ഉള്‍ക്കാട്ടിലൂടെ സഞ്ചരിച്ചാല്‍ കുടക് മലനിരകളില്‍ നിന്ന് ഉദ്ഭവിച്ചത്തെുന്ന മീന്‍മുട്ടി വെള്ളച്ചാട്ടത്തിലത്തൊം. വനംവകുപ്പ് അനുവദിക്കുന്ന ജീപ്പ് പോലുള്ള ചെറുവാഹനങ്ങളിലും കാട്ടുസവാരിയാവാം. ഭാഗ്യമുള്ളവര്‍ക്ക് അത്യപൂര്‍വമായി കാട്ടാനയേയോ മറ്റ് മൃഗങ്ങളെയോ കാണാം. വന്യജീവി സങ്കേതത്തില്‍ നിന്ന് ഒരാള്‍ക്ക് 15 രൂപ വീതം അടച്ച് പാസ് വാങ്ങിയിരിക്കണം. വനംവകുപ്പിന്‍െറ ഗൈഡില്ലാതെ യാത്ര അനുവദിക്കില്ല. കാഞ്ഞിരക്കൊല്ലി മലനിരകളിലേക്ക് യാത്ര കൂടി ഉദ്ദേശിച്ചതിനാല്‍ കാട്ടുവഴികളിലൂടെ ഞങ്ങള്‍ തിരിച്ചുനടന്നു.
കാഞ്ഞിരക്കൊല്ലിയിലേക്ക്
ആറളത്ത് നിന്ന് ഇരിട്ടി, ഉളിക്കല്‍ വഴി ഒരു മണിക്കൂര്‍ യാത്രയാണ് കാഞ്ഞിരക്കൊല്ലിക്ക്. വട്ട്യംതോട് വഴി മണിപ്പാറ കഴിഞ്ഞപ്പോള്‍ മുതല്‍ മലനിരകളുടെ കാഴ്ചയും കയറ്റവും അനുഭവപ്പെട്ടുതുടങ്ങി. മണിക്കടവില്‍ നിന്ന് ഏഴു കിലോമീറ്റര്‍ പിന്നിട്ട് കാഞ്ഞിരക്കൊല്ലിയിലത്തെി. പൊടിപാറുന്ന പാതക്കരികില്‍ ഒരു കുടുംബം നടത്തുന്ന തട്ടുകടയും ചുറ്റും ഏതാനും ടാക്സി ജീപ്പുകളും. ഞങ്ങളുടെ വാഹനം അവിടെ യാത്ര അവസാനിപ്പിച്ചു.
അല്‍പം കുന്ന് കയറി താഴ്വാരത്തുകൂടി നടന്നാല്‍ ആനതെറ്റി വെള്ളച്ചാട്ടത്തിലത്തൊം. എങ്കില്‍, ഉച്ചഭക്ഷണം അവിടെയാവാമെന്ന് കരുതി. ഭക്ഷണപ്പൊതിയും ആവശ്യത്തിന് കുടിവെള്ളവുമെടുത്ത് വെള്ളച്ചാട്ടത്തിലേക്ക്. ഇറക്കമിറങ്ങിചെല്ലുമ്പോള്‍ തന്നെ വെള്ളത്തിന്‍െറ ശബ്ദം കേള്‍ക്കാം. എന്നാല്‍ അരികിലത്തെിയപ്പോള്‍ പ്രതീക്ഷിച്ചത്ര വെള്ളമില്ല. മീറ്ററുകളോളം ഉയരമുള്ള ഭീമന്‍ പാറക്കെട്ടില്‍ നിന്ന് മൂന്ന് നാലാളുകള്‍ക്ക് നിരന്ന് നിന്ന് കുളിക്കാന്‍ പാകത്തില്‍ വെള്ളം പതിച്ച് താഴേക്കൊഴുകുന്നു. വെള്ളച്ചാല്‍ കടന്ന് വിശാലമായ പാറയില്‍ നിരന്നിരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിച്ചു. കുപ്പിവെള്ളം തീര്‍ന്നപ്പോള്‍ വെള്ളച്ചാട്ടത്തിലെ വെള്ളം ശേഖരിച്ച് കുടിച്ചു. തണുത്ത വെള്ളം സൂചിമുന കണക്കെ പതിക്കുന്ന വെള്ളച്ചാട്ടത്തിന് കീഴില്‍ പിന്നെയൊരു കുളിയും. ശരീരത്തിന് പതഞ്ഞുപൊങ്ങുന്ന ഉന്‍മേഷം.
ശശിപ്പാറ
അവിടെനിന്ന് ശശിപ്പാറയിലേക്ക്. സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തിലാണ് ശശിപ്പാറ. രണ്ടര കിലോമീറ്റര്‍ നടന്നാല്‍ മതിയെന്ന് കേട്ടാണ് പലരും കുന്നുകയറാനിറങ്ങിയത്. അല്‍പം കഴിഞ്ഞപ്പോഴാണ് ശരിക്കും കയറ്റമാണെന്ന് അറിഞ്ഞുതുടങ്ങിയത്. പാതിവഴി പിന്നിട്ടപ്പോള്‍ ഉശിരെല്ലാം കെട്ട് പലരും നടക്കാനുള്ള തീരുമാനത്തെ പഴിച്ചു. കുത്തനെയുള്ള കുന്ന് കയറുന്തോറും ശശിപ്പാറ മരീചികയാണെന്ന് തോന്നി. ഇറങ്ങിവരുന്നവരെല്ലാം ഇത്തിരികൂടി മാത്രമെന്ന് പറഞ്ഞതിനാല്‍ നടത്തം തുടര്‍ന്നു. ടാറിട്ട റോഡിലൂടെ ഇടക്കിടെ ജീപ്പുകള്‍ ചീറിക്കയറിവന്നു. ഒടുവില്‍ ശശിപ്പാറ കണ്ടു. കൊടൈക്കനാലിലെ ആത്മഹത്യ മുനമ്പിനെ ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ കാഴ്ച. പാറയുടെ മുകളില്‍ കയറിയിരുന്ന് അഗാധമായ താഴ്ചയിലേക്ക് കണ്ണോടിച്ചാലും താഴേക്ക് കാഴ്ചയത്തെില്ല. കിഴക്ക് കര്‍ണാടകയിലെ കുടക് മലനിരയുടെ മനോഹര ദൃശ്യം. അല്‍പനേരം കൂടി കഴിഞ്ഞാല്‍ ഇവിടം കോടമഞ്ഞ് ഒഴുകിയത്തെും. നീലക്കുറിഞ്ഞി പൂക്കുന്ന ഇടങ്ങളിലൂടെ ഒന്നു കണ്ണോടിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനിയൊരു വരവില്‍ ഈ കുറിഞ്ഞിച്ചെടികളെല്ലാം പൂവിടട്ടെ എന്ന് ആശിച്ച് മലയിറങ്ങി. കുത്തനെയുള്ള കുന്നിറങ്ങുന്നത് കയറിയതിനേക്കാള്‍ ഒട്ടും സുഖകരമായിരുന്നില്ല. കാലിലെ പേശികള്‍ വലിഞ്ഞുപിടിച്ചു.
മഴക്കാലത്താണ് കാഞ്ഞിരക്കൊല്ലി യഥാര്‍ഥ സൗന്ദര്യം പുറത്തെടുക്കുക. കോടമഞ്ഞ് നിറഞ്ഞ് പച്ചപുതച്ച് നനഞ്ഞൊട്ടി നില്‍ക്കുന്ന മനോഹര താഴ്വാരം. പതഞ്ഞൊഴുകുന്ന ഉടുമ്പ, ചിറ്റാരി പുഴകള്‍. ചൊക്രാം കുണ്ട്, കുപ്പായക്കടവ്, മായിനിക്കടവ്, പഞ്ചാരമുക്ക് കയം തുടങ്ങിയ സ്ഥലങ്ങളില്‍ പുഴയുടെ കാഴ്ചക്ക് പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം. പാറക്കുന്നുകളില്‍ നിന്ന് മറ്റൊന്നിലേക്ക് കാട്ടുപാതയിലൂടെ സഞ്ചാരം. കാഞ്ഞിരക്കൊല്ലിയിലേക്ക് ഇനിയൊരു യാത്രയുണ്ടെങ്കില്‍ അത് മഴക്കാലത്തായിരിക്കുമെന്നുറച്ചാണ് കുന്നിറങ്ങിയത്. ആനതെറ്റി പോലെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. അളകാപുരി, ആരതി വെള്ളച്ചാട്ടം, റാട്ട വെള്ളച്ചാട്ടം, താടിച്ചാട്ടം തുടങ്ങിയ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ പൂര്‍ണ പ്രതാപം കൈവരിക്കുന്നത് മഴക്കാലത്താണ്്. കന്‍മദപ്പാറ, ഹനുമാന്‍പാറ തുടങ്ങിയവയാണ് മറ്റു താഴ്വരക്കാഴ്ചകള്‍. നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വ ദൃശ്യവും ഇവിടെ കണ്ണിന് വിരുന്നേകും.
കണ്ണൂരില്‍ നിന്ന് 67 കിലോമീറ്ററാണ് കാഞ്ഞിരക്കൊല്ലിയിലേക്കുള്ള ദൂരം. ഇരിട്ടി വഴിയല്ലാതെ തളിപ്പറമ്പ്, പയ്യാവൂര്‍ വഴിയും കാഞ്ഞിരക്കൊല്ലിയിലത്തൊം. തളിപ്പറമ്പില്‍ നിന്ന് 45ഉം പയ്യാവൂരില്‍ നിന്ന് 15 കിലോമീറ്ററും ദൂരം. കുന്നത്തൂര്‍പാടി കടന്ന് പാടംകവല വഴിയാണ് കാഞ്ഞിരക്കൊല്ലിയിലെത്തേണ്ടത്. ഉത്തര മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ടൂറിസം വകുപ്പ് വികസന പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ഇനിയും സൗകര്യങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു. പ്രാദേശിക സന്നദ്ധ സംഘടനകളും ഡി.ടി.പി.സിയുമായി സഹകരിച്ച് കാഞ്ഞിരക്കൊല്ലി ടൂറിസം വികസന സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 9447687833. ആറളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് വനം വകുപ്പ് വാര്‍ഡന്‍: 0494 2493160, അസി. വാര്‍ഡന്‍: 2413160. എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.