ജെ.എൻ.യു അതിക്രമത്തിന് ഒരു വർഷം; എങ്ങുമെത്താതെ പൊലീസ് അന്വേഷണം

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല കാമ്പസിൽ വിദ്യാർഥികൾക്ക് നേരെ എ.ബി.വി.പി നേതൃത്വത്തിൽ നടന്ന ക്രൂരമായ ആക്രമണത്തിന് ഒരു വർഷം. ഫീസ് വർധനവിനെതിരെ സമരം ചെയ്യുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് എ.ബി.വി.പി പിന്തുണയോടെ പുറത്തുനിന്നെത്തിയ ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടത്. ജെ.എൻ.യു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് ഉൾപ്പെടെയുള്ളവർക്ക് അന്ന് ഗുരുതര പരിക്കേറ്റിരുന്നു. അതേസമയം, കോവിഡ് സാഹചര്യം കാരണം കേസ് കൃത്യമായി അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.

വിദ്യാർഥികളെ ക്രൂരമായി മർദിച്ച അക്രമികൾ, കാമ്പസിലെ പൊതുമുതലുകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അക്രമത്തെ തുടർന്നുള്ള സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതിയും ഇല്ലാതായിരിക്കുകയാണ്.

15 വിദ്യാർഥികളായിരുന്നു പൊലീസിന്‍റെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ഇവർ വീടുകളിലേക്ക് മടങ്ങുകയും ചെയ്തതോടെ അന്വേഷണം പൊലീസ് നിർത്തി. സമരത്തിൽ അണിനിരന്ന ഇടതുവിദ്യാർഥി സംഘടനാ പ്രവർത്തകരെയും പൊലീസ് പ്രതികളാക്കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐഷി ഘോഷിനെയും പ്രതിപ്പട്ടികയിൽ ചേർത്തു.

സമരത്തിന് നേരെ അക്രമം നടക്കുമ്പോൾ പൊലീസ് കൈയുംകെട്ടി നോക്കിനിൽക്കുകയാണുണ്ടായതെന്ന് വിദ്യാർഥികളും അധ്യാപകരും അന്ന് പ്രതികരിച്ചിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തപോലെയായിരുന്നു ആക്രമണം. കശ്മീരി വിദ്യാർഥികളുടെയും മുസ്ലിം വിദ്യാർഥികളുടെയും മുറികൾ ഇവർ നേരത്തെ മനസിലാക്കി വെച്ചിരുന്നു.

വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകുകയും ചെയ്തു. എന്നാൽ, എഫ്.ഐ.ആറിലെ പൊരുത്തക്കേടുകൾ പൊലീസിന്‍റെ പങ്ക് ചോദ്യംചെയ്യുന്നതായിരുന്നു.

88 പേരെ ചോദ്യംചെയ്തതായാണ് പൊലീസ് പറയുന്നത്. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയാതായെന്ന് പൊലീസ് പറയുന്നു.

ഡൽഹി സർവകലാശാല വിദ്യാർഥിയും എ.ബി.വി.പി നേതാവുമായ കോമൾ ശർമയാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമികളിലൊരാളെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം കോമൾ ശർമ നിഷേധിച്ചു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ആഭ്യന്തര അന്വേഷണം അവസാനിപ്പിച്ചതായാണ് ജെ.എൻ.യു രജിസ്ട്രാർ പ്രമോദ് കുമാർ പറഞ്ഞത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.