ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ കൊമ്പുകോർത്ത സിയെഷും കൊവാസിച്ചും നാളെ ഒന്നിച്ച് നീലക്കുപ്പായത്തിൽ...

ലോകകപ്പിൽ അവസാന നാലിലെത്തി തോറ്റുപോയവരുടെ ലൂസേഴ്സ് അങ്കത്തിൽ മുഖാമുഖം നിന്ന മാറ്റിയോ കൊവാസിച്ചും ഹകീം സിയെഷും ചെൽസി ജഴ്സിയിൽ വീണ്ടുമിറങ്ങുന്നു. കോബാം കേന്ദ്രത്തിൽ പരിശീലനം ആരംഭിച്ച ഇരുവരും ഞായറാഴ്ച നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിൽ ചെൽസി നിരയിൽ ഇറങ്ങിയേക്കും.

ലോകകപ്പിൽ കലാശപ്പോരിനെത്തിയില്ലെങ്കിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളായിരുന്നു ക്രൊയേഷ്യയും മൊറോക്കോയും. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ക്രോട്ടുകൾ പഴയ പ്രതാപത്തിനൊത്ത് നിറഞ്ഞുകളിച്ചപ്പോൾ ആഫ്രിക്കൻ വീര്യം കൂടുതൽ കരുത്തോടെ കളത്തിലെത്തിച്ചാണ് മൊറോക്കോ കറുത്ത കുതിരകളായത്. എന്നാൽ, ലൂസേഴ്സ് ഫൈനലിൽ മൊറോക്കോയെ ചിത്രത്തിലില്ലാതാക്കി ക്രൊയേഷ്യ വൻജയവുമായി മടങ്ങി. ഇരുനിരകളിലായി മികച്ച കളി കെട്ടഴിച്ച് കൊവാസിചും സിയെഷും ശ്രദ്ധേയരായി.

ഖത്തർ ലോകകപ്പിന്റെ ആവേശവുമായി നാട്ടിൽ മടങ്ങിയെത്തിയ ടീമുകൾക്കൊപ്പം നാളുകൾ ചെലവിട്ടതിനൊടുവിലാണ് ഇരുവരും ​പ്രിമിയർ ലീഗിൽ പന്തുതട്ടാൻ എത്തുന്നത്. ചൊവ്വാഴ്ച ​ബേൺമൗത്തിനെതിരായ കളിയിൽ ഇരുവരും എത്തിയിരുന്നില്ല. എന്നാൽ, അടുത്ത മത്സരത്തിൽ രണ്ടുപേരുടെയും സാന്നിധ്യമുണ്ടാകുമെന്ന് കോച്ച് ഗ്രഹാം പോട്ടർ പറയുന്നു.

ബേൺമൗത്തിനെതിരെ ജയിച്ചെങ്കിലും കളിയിൽ റീസ് ജെയിംസിന് പരിക്കേറ്റത് ചെൽസിക്ക് ക്ഷീണം ചെയ്യും. പ്രിമിയർ ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ചെൽസി. ആദ്യ നാലിലെത്താൻ വരുംമത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ ​മാത്രം പോരാ, മറ്റുള്ളവർ പിറകോട്ടുപോകുകയും വേണം. ലിവർപൂൾ, യുനൈറ്റഡ് ഉൾപ്പെടെ ആദ്യ നാലിൽനിന്ന് പുറത്താണ് നിലവിൽ. ആഴ്സണൽ, ന്യൂകാസിൽ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ടീമുകളാണ് ആദ്യ നാലിലുള്ളത്. 

Tags:    
News Summary - Kovacic and Ziyech back with Chelsea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.