‘‘അതിൽ പരാജയപ്പെട്ടാൽ...’’ ക്രിക്കറ്റ് താരങ്ങൾക്ക് ​യോ-യോ ടെസ്റ്റ് നിർബന്ധമാക്കുമ്പോൾ വീണ്ടും പൊങ്ങിവന്ന് കോഹ്‍ലിയുടെ പഴയ മറുപടി

പ്രകടനമികവിൽ ഏറെ ​പിറകോട്ടുപോയ ഇന്ത്യൻ ടീമിന്റെ ശാരീരികക്ഷമത ഉറപ്പാക്കാൻ യോ-യോ ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുകയാണ് ദേശീയ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ഇതേ ടെസ്റ്റ് ആദ്യമായി ദേശീയ ക്രിക്കറ്റിൽ നടപ്പാക്കുന്നത് വിരാട് കോഹ്‍ലി ക്യാപ്റ്റനായിരിക്കെയായിരുന്നു. ടീമിന്റെ ശാരീരികക്ഷമതയിൽ വിട്ടുവീഴ്ച അരുതെന്ന കർശന മനസ്സുമായി അന്ന് കോഹ്‍ലി തന്നെയായിരുന്നു ഈ പരിശോധന കൊണ്ടുവരാൻ നടപടി സ്വീകരിച്ചത്. പ്രകടനത്തിലും ഫിറ്റ്നസിലും അന്ന് മുന്നിൽനിന്ന താരം ഇതേ കുറിച്ച ചോദ്യത്തിന് നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവ ചർച്ചയാകുകയാണിപ്പോൾ.

വിഷയത്തെ കുറിച്ച് പ്രധാനമന്ത്രി മോദിയുടെ​ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു കോഹ്‍ലിയുടെ വാക്കുകൾ.

‘‘ഫിറ്റ്നസ് വിഷയമാകുമ്പോൾ ഈ ടെസ്റ്റ് വളരെ പ്രധാനപ്പെട്ടതാണെന്നു വരുന്നു. ആഗോള ഫിറ്റ്നസ് നിലവാരം പരിഗണിച്ചാൽ മറ്റു ടീമുകളെ അപേക്ഷിച്ച് നാം ഇപ്പോഴും പിറകിലാണ്. അത് മെച്ചപ്പെടുത്തിയേ പറ്റു. അതാണ് അടിസ്ഥാന ആവശ്യം’’- ഇത്രയും പറഞ്ഞതോടെ ക്യാപ്റ്റനെന്ന നിലക്ക് ഈ ടെസ്റ്റ് നിർബന്ധമായും ചെയ്യേണ്ടിവന്നാലോ എന്നായി പ്രധാനമന്ത്രിയുടെ ചോദ്യം. താൻ തന്നെയാകും ആദ്യം ഇത് നടത്തുകയെന്നും പരാജയപ്പെട്ടുപോയാൽ സിലക്ഷനു പോലും വരില്ലെന്നുമായിരുന്നു മറുപടി. ‘‘ആദ്യമായി ഓട്ടം തുടങ്ങുക ഞാൻ തന്നെയാകും. പരാജയപ്പെട്ടാൽ പിന്നെ സെലക്ഷനു പോലും ഞാൻ എത്തില്ല. ഈ സംസ്കാരം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ നമ്മുടെ ഫിറ്റ്നസ് നിലവാരം മെച്ചപ്പെടൂ’’- കോഹ്‍ലി പറഞ്ഞു.

വൈകിയോടുന്ന വണ്ടിയായി മാറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.സി.സി.ഐ വീണ്ടും യോ-യോ ടെസ്റ്റ് നിർബന്ധമാക്കിയത്. ശാരീരികക്ഷമത ഉറപ്പാക്കുന്നതാണ് ​യോ-യോ ടെസ്റ്റ്. 

Tags:    
News Summary - "If I Fail...": Virat Kohli's Old Video On Yo-Yo Test Resurfaces As BCCI Makes It Mandatory Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.