കോട്ടയം: ബാലാവകാശ ലംഘനം, ബാലാവകാശ നിഷേധം സംബന്ധിച്ച കേസുകളിൽ ബാലവകാശ കമീഷൻ അന്വേഷണവും വിചാരണയും നടത്തി നൽകുന്ന ശിപാർശകളിൽ തുടർ നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ മടിക്കുന്നതായി ആക്ഷേപം. ബാലവകാശ കമീഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം തുടർ നടപടികൾക്കായി സർക്കാറിനും ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങൾക്കും അയച്ചുകൊടുക്കുകയും അതിൻമേൽ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച റിപ്പോർട്ട് നിശ്ചിത ദിവസത്തിനകം കമീഷന് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്യാറുണ്ട്.
എന്നാൽ, നടപടി റിപ്പോർട്ട് ലഭിക്കാൻ പലപ്പോഴും വളരെയധികം കാലതാമസം നേരിടുന്നു. ശിപാർശകളുടെ അടിസ്ഥാനത്തിലുള്ള ബാലാവകാശങ്ങൾ കുട്ടികൾക്ക് ലഭിക്കാൻ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ തടസ്സമാകുന്നു. സംസ്ഥാന ബാലാവകാശ കമീഷൻ 2024-25 വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് ഇൗ പരാമർശങ്ങളുള്ളത്. കുറ്റം കണ്ടെത്തിയാൽ കമീഷൻ പ്രോസിക്യൂഷന് സർക്കാറിനോട് നിർദേശിക്കാറുണ്ട്. ചില കേസുകളിൽ പീഡിതനോ കുടുംബാംഗങ്ങൾക്കോ ഇടക്കാല ആശ്വാസം നൽകാൻ ശിപാർശ ചെയ്യും.
കമീഷന് 2024ൽ ലഭിച്ച 2368 പരാതികളിൽ 87 ശതമാനം ബാലാവകാശ ലംഘനവുമായി ബന്ധപ്പെട്ടതാണ് എന്നതും അഞ്ച് ശതമാനം കേസുകൾ പോക്സോ കേസുകളാണ് എന്നതും വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. ആറ് ശതമാനം വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട പരാതികളാണ്. ആകെ 853 പരാതികളിലാണ് കമീഷൻ ഇക്കാലയളവിൽ തുടർ നടപടിക്ക് ശിപാർശ ചെയ്തത്.
ജില്ല ആകെ പരാതികൾ
തീർപ്പാക്കിയത് എന്ന ക്രമത്തിൽ
തിരുവനന്തപുരം 607 189
കൊല്ലം 203 61
പത്തനംതിട്ട 86 32
ആലപ്പുഴ 159 96
കോട്ടയം 82 40
ഇടുക്കി 86 32
എറണാകുളം 206 70
തൃശൂർ 149 67
പാലക്കാട് 118 39
മലപ്പുറം 202 69
കോഴിക്കോട് 185 70
വയനാട് 45 16
കണ്ണൂർ 158 45
കാസർകോട് 82 27
ആകെ 2368 853
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.