വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ലോഗിനുകൾക്ക് ഇനി ഒ.ടി.പിയും പാസ്‌വേഡും വേണ്ട; പുതിയ ഫീച്ചറുമായി വി.ഐയും മെറ്റയും

ന്യൂഡൽഹി: ഇന്ത്യയിലെ വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഒ.ടി.പിയോ പാസ്‌വേഡോ ഇല്ലാതെ ലോഗിൻ ചെയ്യാൻ സഹായിക്കുന്ന 'സൈലന്റ് മൊബൈൽ വെരിഫിക്കേഷൻ' എന്ന പുതിയ നെറ്റ്‌വർക്ക് അധിഷ്ഠിത സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനായി വോഡഫോൺ ഐഡിയ മെറ്റയുമായി കൈകോർത്തു.

ഇനിമുതൽ നിങ്ങൾ വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് എന്നിവയിലേക്ക് ലോഗിൻ ചെയ്യുമ്പോൾ സാധാരണ ഉപയോഗിക്കുന്ന പാസ്‌വേഡുകളോ മടുപ്പിക്കുന്ന വൺ ടൈം പാസ്‌വേഡുകളോ ടൈപ്പ് ചെയ്യേണ്ടതില്ല. പകരം, നിങ്ങളുടെ ഐഡന്‍റിറ്റി വോഡഫോണിന്‍റെ നെറ്റ്‌വർക്ക് പശ്ചാത്തലത്തിൽ തന്നെ പരിശോധിച്ചുറപ്പിക്കും. ഇത് ലോഗിൻ വളരെ വേഗത്തിലാക്കാൻ സഹായിക്കും.

എന്താണ് സൈലന്റ് മൊബൈൽ വെരിഫിക്കേഷൻ? ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

എസ്.എം.വി പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്: മെറ്റാ ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ മാത്രം നൽകുക. ഒ.ടി.പി കോഡിനായോ പാസ്‌വേഡിനായോ തിരയേണ്ട ആവശ്യമില്ല. വി.ഐയുടെ സിസ്റ്റം നേരിട്ട് ആപ്പുമായി ബന്ധപ്പെടുകയും നിങ്ങൾ നൽകിയ നമ്പർ നിങ്ങളുടെ ഫോണിലെ സിമ്മുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. എല്ലാം കൃത്യമാണെങ്കിൽ മറ്റൊരു സഹായവുമില്ലാതെ തന്നെ നിങ്ങൾക്ക് ലോഗിൻ ചെയ്യാം. നമ്പർ പൊരുത്തപ്പെടുന്നില്ലെങ്കിൽ ആപ്പിലേക്കുള്ള പ്രവേശനം തടയും. ഇത് അനധികൃതമായ ലോഗിൻ ശ്രമങ്ങളെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കുന്നു. ഏറ്റവും വലിയ പ്രത്യേകത എസ്.എം.എസ് വഴിയുള്ള കോഡുകളോ, മറ്റ് ആപ്പുകളിലേക്ക് മാറി നോക്കേണ്ട ബുദ്ധിമുട്ടുകളോ സമയതാമസമോ ഇതിലില്ല എന്നതാണ്.

പുതിയ ലോഗിൻ രീതി എങ്ങനെ സഹായിക്കുന്നു?

പുതിയ അക്കൗണ്ടുകൾ തുടങ്ങുക, മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക, അക്കൗണ്ട് ലോക്കായാൽ തിരികെ എടുക്കുക, സാധാരണ ലോഗിൻ ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം എസ്.എം.വി വഴി വളരെ വേഗത്തിലാക്കാൻ സാധിക്കുമെന്ന് വി.ഐ വ്യക്തമാക്കുന്നു. ടെലികോം നെറ്റ്‌വർക്ക് വഴി തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ ഉപയോക്താക്കൾക്ക് തടസമില്ലാത്ത അനുഭവം ലഭിക്കും.

സുരക്ഷയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഫിഷിങ്, സിം സ്വാപ്പിംഗ് അല്ലെങ്കിൽ സോഷ്യൽ എഞ്ചിനീയറിങ് തട്ടിപ്പുകൾ വഴി ഒ.ടി.പികൾ ചോർത്തപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ എസ്.എം.വിയിൽ നമ്മൾ സ്വയം കോഡുകൾ ടൈപ്പ് ചെയ്യുകയോ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്യാത്തതിനാൽ ഇത്തരം അപകടങ്ങൾ ഒഴിവാകുന്നു. നെറ്റ്‌വർക്ക് തലത്തിലുള്ള ഈ വെരിഫിക്കേഷൻ ഫിഷിങിനും ഡിജിറ്റൽ ഐഡന്റിറ്റി മോഷണത്തിനുമെതിരെ കൂടുതൽ ശക്തമായ സുരക്ഷ നൽകുമെന്നാണ് വി അവകാശപ്പെടുന്നത്.

വേഗത്തിൽ രജിസ്‌ട്രേഷനും അക്കൗണ്ട് റിക്കവറിയും

അക്കൗണ്ടുകളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രധാന പ്രക്രിയകളുടെ വേഗത എസ്.എം.വി ഗണ്യമായി വർധിപ്പിക്കുമെന്ന് വി.ഐ പറയുന്നു:

  • പുതിയ ഉപയോക്താക്കളുടെ രജിസ്‌ട്രേഷൻ
  • മൊബൈൽ നമ്പർ വെരിഫിക്കേഷൻ
  • ലോഗിൻ, റീ-ലോഗിൻ വെരിഫിക്കേഷൻ
  • അക്കൗണ്ട് റിക്കവറി (അക്കൗണ്ടുകൾ തിരികെ എടുക്കൽ)
  • സുരക്ഷാ പരിശോധനകൾ

ടെലികോം നെറ്റ്‌വർക്ക് വഴി നേരിട്ട് വെരിഫിക്കേഷൻ നടക്കുന്നതിനാൽ തടസങ്ങൾ കുറവായിരിക്കും.

സൈലന്റ് മൊബൈൽ വെരിഫിക്കേഷന്റെ ഭാവി

മെറ്റയിൽ മാത്രം ഒതുങ്ങിനിൽക്കാൻ വി.ഐ ഉദ്ദേശിക്കുന്നില്ല. ഈ സൈലന്റ് മൊബൈൽ വെരിഫിക്കേഷൻ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കും പങ്കാളികളിലേക്കും വ്യാപിപ്പിക്കാൻ അവർ പദ്ധതിയിടുന്നുണ്ട്. കൂടാതെ, വിപുലമായ തട്ടിപ്പ് തടയൽ രീതികളും സ്മാർട്ടായ സുരക്ഷാ പരിശോധനകളും അവർ ലക്ഷ്യമിടുന്നു. ഓൺലൈൻ ഭീഷണികൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, എസ്.എം.വി പോലുള്ള നെറ്റ്‌വർക്ക് വെരിഫിക്കേഷൻ രീതികൾ ഇന്ത്യൻ ഉപയോക്താക്കളുടെ ലോഗിനുകൾ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കും എന്ന് ഉറപ്പാണ്.

News Summary - WhatsApp, Facebook, and Instagram logins no longer require OTP and password, Vi and Meta with new feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.