Photo: Reuters

ഭൂമിയിൽ ജീവിച്ച് മടുത്തോ? വേറെയും സ്ഥലങ്ങളുണ്ട്

ഭൂമിക്ക് പുറത്ത് ജീവസാധ്യതകൾ തേടിയുള്ള ഗവേഷണം മനുഷ്യൻ നൂറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയതാണ്. ഭൂമിയെ പോലെ ജീവന് നിലനിൽക്കാൻ അനുയോജ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ വേറെയുമുണ്ടാകാമെന്ന് തന്നെയാണ് ശാസ്ത്രലോകം പ്രവചിച്ചിരുന്നത്. ഇപ്പോഴിതാ, ഭൂമിയേക്കാൾ ജീവയോഗ്യമായ 24 ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

വാഷിങ്ടൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ. ശാസ്ത്ര ജേണലായ ആസ്ട്രോബയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

ഭൂമിയെക്കാൾ പ്രായമുള്ളതും, അൽപം വലുതും, ചൂടുള്ളതും ഭൂമിയിലേതിനെക്കാൾ ജലസാന്നിധ്യമുള്ളതുമാണ് വാസയോഗ്യമായ ഈ ഗ്രഹങ്ങൾ. ഇവ പരിക്രമണം ചെയ്യുന്ന നക്ഷത്രങ്ങൾ സൂര്യനെക്കാൾ മികച്ചതുമാണ്. പക്ഷേ, 100 പ്രകാശവർഷം സഞ്ചരിച്ചാൽ മാത്രമേ ഇവയിലേക്ക് എത്തിച്ചേരാൻ പറ്റൂ. അതുകൊണ്ടുതന്നെ, മനുഷ്യന് ഏറെക്കുറെ അസാധ്യമാണ് ഇവയിലേക്കുള്ള കുടിയേറ്റം.

ജീവിന് നിലനിൽക്കാൻ ഏറ്റവും പ്രതീക്ഷ നൽകുന്ന ചില ഗ്രഹങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകനായ ഡിർക് ഷൂൾസ് മകൂച് പറ‍യുന്നു. രണ്ടാമതൊരു ഭൂമിയെ തിരയുന്നതിൽ നാം പെട്ടുപോവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം നമ്മുടേതിനേക്കാൾ ജീവന് അനുയോജ്യമായ ഗ്രഹങ്ങൾ ഉണ്ടാകാം -അദ്ദേഹം പറയുന്നു. സൗരയൂഥത്തിന് അപ്പുറത്തുള്ള 4500 ഗ്രഹങ്ങളെയാണ് ഇവർ പഠനത്തിന്‍റെ ഭാഗമായി നിരീക്ഷിച്ചത്.

സൂര്യനിൽ നിന്നുള്ള ഊർജമാണ് ഭൂമിയിൽ ജീവന്‍റെ നിലനിൽപ്പിന് ആധാരം. സൂര്യനിൽ നിന്നുള്ള അനുയോജ്യമായ അകലവും ജലത്തിന്‍റെ സാന്നിധ്യവും വായുമണ്ഡലവുമൊക്കെയാണ് ഭൂമിയിൽ ജീവനെ പിന്തുണക്കുന്ന ഘടകങ്ങൾ. സൂര്യനെ പോലെ കോടാനുകോടി നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ട്. ഓരോ നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങൾ ഉണ്ടാവാം. ഇവയിൽ ചിലത് ഭൂമിയേക്കാൾ വാസയോഗ്യവുമാകാം.

വാസയോഗ്യമായ 24 ഗ്രഹങ്ങളിൽ ഒന്നിലാണ് ഭൂമിയേക്കാൾ മികച്ച സാഹചര്യമുണ്ടാകുമെന്ന് ഗവേഷകർ അനുമാനിക്കുന്നത്. ഭൂമിയാണ് ഏറ്റവും മികച്ചതെന്ന ധാരണ നിലനിൽക്കുമ്പോൾ ഈയൊരു യാഥാർഥ്യം അംഗീകരിക്കുക പ്രയാസമാണെന്നും എന്നാൽ, തങ്ങളുടെ കണ്ടെത്തൽ ഭാവിയിൽ ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ തെരച്ചിലിന് സഹായകമാവുമെന്നും ഇവർ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.