ചന്ദ്രയാനില്‍ കേരള പൊതുമേഖലയുടെ കയ്യൊപ്പ്

തിരുവനന്തപുരം: ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി കുതിച്ചുപൊങ്ങിയ ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഐ.എസ്.ആര്‍.ഒയ്ക്ക് ആവശ്യമായ ഭൂരിപക്ഷം ഉപകരണങ്ങളും നിര്‍മ്മിച്ചു നല്‍കിയത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്ങ്‌സ് ലിമിറ്റഡ് (എസ്‌ഐഎഫ്എല്‍), കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് (കെഎംഎംഎല്‍), കെല്‍ട്രോണ്‍, കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍), സിഡ്‌കോ എന്നിവരാണ് ചന്ദ്രദൗത്യത്തിനും മറ്റുമായി ഐ.എസ്.ആര്‍.ഒയ്ക്ക് വിവിധ ഉപകരണങ്ങളും മറ്റു ഘടകങ്ങളും നിര്‍മ്മിച്ചു നല്‍കിയത്.

ഈ സ്ഥാപനങ്ങളെല്ലാം തന്നെ വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒയുടെ വിവിധ ദൗത്യങ്ങളില്‍ പങ്കാളികളുമാണ്. ഏറെ സൂക്ഷ്മതയും കൃത്യതയും ആവശ്യമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ കാര്യക്ഷമമായി നിര്‍വഹിച്ചു നല്‍കുന്നതില്‍ മികവു കാട്ടുന്നതാണ് ഇൗ സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ കാരണം. ചന്ദ്രയാന്‍ 2 ൻെറ പ്രൊപ്പല്ലര്‍ ടാങ്കിന് ആവശ്യമായ ടൈറ്റാനിയം ലൈനറുകള്‍, സെപ്പറേഷന്‍ സിസ്റ്റത്തിന് ആവശ്യമായ ബൈനോക്കുലര്‍ ബോഡി, വികാസ് എഞ്ചിൻെറ അനുബന്ധസാമഗ്രികളായ പ്രിന്‍സിപ്പല്‍ ഷാഫ്റ്റ്, ഇക്യുലിമ്പ്രിയം റെഗുലേറ്റര്‍ പിസ്റ്റണ്‍, ഇക്യുലിമ്പ്രിയം റെഗുലേറ്റര്‍ ബോഡി, ക്രയോ എഞ്ചിനില്‍ ഉപയോഗിക്കുന്ന ടൈറ്റാനിയം ആല്‍ഫാ അലോയ് ഗ്യാസ് ബോട്ടിലുകള്‍ എന്നിവയും വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ബോഡി നിര്‍മ്മിക്കാന്‍ ആവശ്യമായ അലുമിനിയം സങ്കര ഫോര്‍ജിങ്ങുകളും തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്‌.ഐ.എഫ്.എല്‍ എന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ചതാണ്.

ടൈറ്റാനിയം ബൈനോകുലർ ബോഡി

ഐ.എസ്.ആര്‍.ഒയുടെ ഭാവിപദ്ധതിയായ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഗഗന്‍യാന്‍ പ്രൊജക്ടിനായി ഇന്‍കോണല്‍ ഗ്യാസ് ബോട്ടില്‍ വികസിപ്പിക്കാന്‍ എസ്‌.ഐ.എഫ്.എല്ലുമായി ചര്‍ച്ച നടക്കുകയാണ്. 1983 ല്‍ സ്ഥാപിതമായ എസ്‌.ഐ.എഫ്.എല്‍ ഫോര്‍ജിങ്ങ് മേഖലയിലുള്ള ഇന്ത്യയിലെ ഏക പൊതുമേഖലാസ്ഥാപനമാണ്. ഐ.എസ്.ആര്‍.ഒയുടെ വിവിധ പ്രൊജക്ടുകളിലേക്ക് ടൈറ്റാനിയം അലോയ്, ഇന്‍കോണല്‍, അലുമിനിയം അലോയ്, സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ തുടങ്ങിയ വിവിധ ലോഹസങ്കര ഫോര്‍ജിങ്ങ്‌സുകള്‍ എസ്‌.ഐ.എഫ്.എല്‍ വികസിപ്പിച്ചിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് എഞ്ചിന്‍, മിസൈല്‍, റെയില്‍വെ എഞ്ചിന്‍ ഭാഗങ്ങള്‍, മുങ്ങിക്കപ്പലിൻെറ ഭാഗങ്ങള്‍, യുദ്ധടാങ്കറുകളുടെ ഭാഗങ്ങള്‍, ഓയില്‍ ആന്റ് ഗ്യാസ് വ്യവസായത്തിന് ആവശ്യമായ വാല്‍വുകള്‍ തുടങ്ങിയവ എസ്‌.ഐ.എഫ്.എല്‍ ഉല്‍പ്പാദിപ്പിക്കുന്നു. കേരളത്തിലെ ഇലക്‌ട്രോണിക്‌സ് രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കെല്‍ട്രോണും ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ വിവിധ സംഭാവനകളുമായി സജീവമായി. സാറ്റലെറ്റിലും റോക്കറ്റിലുമുള്ള ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ഘടകങ്ങളാണ് കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കിയത്. 1975 ല്‍ സ്‌പേസ് ഇലക്‌ട്രോണിക്‌സ് വിഭാഗം തന്നെ കെല്‍ട്രോണില്‍ രൂപീകരിച്ചിട്ടുണ്ട്.

ടൈറ്റാനിയം അക്വിസിഷൻ ഡിവൈസ്​

തിരുവനന്തപുരം ജില്ലയിലെ കെല്‍ട്രോണിൻെറ കരകുളം, മണ്‍വിള യൂണിറ്റുകളിലാണ് ഐ.എസ്.ആർ.ഒയ്​ക്കായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഐഎസ്ആര്‍ഒയുടെ ബംഗളൂരു, തിരുവനന്തപുരം കേന്ദ്രങ്ങള്‍ കെല്‍ട്രോണുമായി സഹകരിക്കുന്നു. സിഡ്‌കോ കഴിഞ്ഞ എട്ടു വര്‍ഷമായി ഐ.എസ്.ആർ.ഒയ്ക്കു വേണ്ടി വിവിധ സൂക്ഷ്മ ഉപകരണഭാഗങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു. ജി.എസ്.എല്‍.വി മാര്‍ക്ക് 3ൻെറ പിസ്റ്റണ്‍ നോസ് കോണ്‍, സിലിണ്ടര്‍ നോസ് കോണ്‍, ആക്‌സിലറേറ്റ് ബ്രാക്കറ്റ് തുടങ്ങിയവ നിര്‍മ്മിച്ചു നല്‍കി. സിഡ്‌കോയുടെ കോഴിക്കോട് ഒളിവണ്ണയിലെ യൂണിറ്റാണ് ഇവ നിര്‍മ്മിച്ചത്​. ചന്ദ്രയാന്‍ 1 നും സിഡ്‌കോ സൂക്ഷ്മ ഉപകരണഭാഗങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. കനം കുറഞ്ഞതും ബലംകൂടിയതുമായ പ്രകൃതമുള്ള ടൈറ്റാനിയം സ്‌പോഞ്ച് ആണ് കെ.എം.എം.എല്‍ ഐ.എസ്.ആര്‍.ഒയ്ക്ക് നല്‍കുന്നത്. ബഹിരാകാശ വാഹന നിര്‍മ്മാണത്തിലും മറ്റും ടൈറ്റാനിയം ഉപയോഗിക്കുന്നു. 2006 ല്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് ടൈറ്റാനിയം സ്‌പോഞ്ച് പ്ലാൻറിനു ശിലയിട്ടത്. 2011ല്‍ പ്ലാൻറ്​ ഉദ്ഘാടനം ചെയ്തു. കെ.എം.എം.എല്ലിൻെറ വളര്‍ച്ചയില്‍ നിര്‍ണായക ചുവടായിരുന്നു അത്.

ഇക്വിലിബ്ര്യം റെഗുലേറ്റർ ബോഡി

അതോടെ ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ലോകത്തെ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി. ജി.എസ്.എല്‍.വി മാര്‍ക്ക് 3ന് ആവശ്യമായ ക്ലാമ്പുകള്‍, നട്ടുകള്‍, ബോള്‍ട്ടുകള്‍ തുടങ്ങിയവയാണ് കെ.എ.എല്‍ നിര്‍മ്മിച്ചത്. ഇത്തരത്തിലുള്ള അമ്പതോളം ചെറിയ വസ്തുക്കള്‍ കെ.എ.എല്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിനായി നിര്‍മ്മിച്ചു നല്‍കി. പി.എസ്.എല്‍.വിക്കു വേണ്ടിയും നേരത്തെ കെ.എ.എല്‍ വിവിധ വസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നു.

Tags:    
News Summary - kerala public sector's signature in chandrayan -technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.