Photo courtesy: Faculty of Geosciences Utrecht University

ഇന്ത്യയും സോമാലിയയും ഒന്നാകും, മലബാർ തീരങ്ങൾ പുതിയ പർവതമാകും; 20 കോടി വർഷങ്ങൾക്കപ്പുറം മാറ്റം ഇങ്ങനെയെന്ന് ഗവേഷകർ

20 കോടി വർഷങ്ങൾക്കപ്പുറം ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ പ്രവചിച്ച് ഗവേഷകർ. സോമാലിയ ഉൾപ്പെടുന്ന കിഴക്കൻ ആഫ്രിക്കൻ മേഖലക്ക് കാലക്രമേണ ചലനം സംഭവിച്ച് വൻകരയിൽ നിന്ന് വേർപ്പെട്ട് ഇന്ത്യൻ ഉപഭൂഖണ്ഡവുമായി കൂടിച്ചേരുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപായ മഡഗാസ്‌കറും ഇന്ത്യയുമായി ചേരും. ഇന്ത്യയുടെ പശ്ചിമതീര മേഖലയിൽ വൻ പർവതം രൂപപ്പെടുമെന്നും പഠനത്തിന് നേതൃത്വം നൽകിയ നെതർലൻഡിലെ യൂട്രെക്ട് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കടിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം പഠിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

സോമാലിയ, കെനിയ, ടാസ്മാനിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന കരഭാഗം ആഫ്രിക്കൻ വൻകരയിൽ നിന്ന് വേർപ്പെട്ട് കടലിലൂടെ നീങ്ങി ഇന്ത്യൻ കരയോട് ചേരും. ഇത് 'സോമാലയ' എന്ന പുതിയ പർവതത്തിന്‍റെ രൂപീകരണത്തിന് വഴിയൊരുക്കും -പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ഡോവ് വാൻ ഹിൻസെൻബർഗ് പറയുന്നു. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ നാടകീയമായ മാറ്റം ഹിമാലയത്തിന്റെ കൊടുമുടികളെ ഓര്‍മ്മയിലേക്ക് നയിക്കും, സോമാലയ പര്‍വതങ്ങള്‍ മുംബൈയ്ക്ക് മുകളില്‍ ഉയരും. അക്കാലത്ത്, രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍ ഒരേ സൂപ്പര്‍ ഭൂഖണ്ഡം പങ്കിടും.


ഭൂഖണ്ഡങ്ങൾ എല്ലാക്കാലവും നമ്മൾ ഇന്ന് കാണുന്നത് പോലെ നിലനിൽക്കുമെന്ന് കരുതരുതെന്ന് ഗവേഷകസംഘത്തിലെ തോമസ് സ്കൗട്ടൻ ചൂണ്ടിക്കാട്ടുന്നു. ഒമ്പത് കോടി വർഷം മുമ്പ് മഡഗാസ്കറിൽ നിന്ന് വേർപ്പെട്ടതാണ് ഇന്ത്യ. ഇന്ന് നമ്മൾ കാണുന്ന രീതിയിൽ ഇന്ത്യ രൂപപ്പെട്ടിട്ട് ഏതാനും ദശലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വർഷങ്ങൾ പിന്നിടുമ്പോൾ മലബാറിലെ തീരങ്ങൾ ഇല്ലാതാകും. പവിഴപ്പുറ്റുകളും തീരങ്ങളും താഴ്ന്ന പ്രദേശങ്ങളും ഉയർന്ന കൊടുമുടികളായി മാറും. ലക്ഷദ്വീപിന് അടുത്തായി സീഷെൽസും എത്തും. മലബാർ മേഖലയോടൊപ്പം അവ എട്ട് കിലോമീറ്റർ ഉയരമുള്ള ഒരു പർവതനിരയായി മാറിയേക്കാം. എവറസ്റ്റ് പോലുള്ള പർവതങ്ങളുടെ മുകളിൽ പഴയ പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങൽ ഇന്ന് നാം കാണുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

ഭൗമോപരിതലത്തിലെ ഫലകങ്ങളുടെ ചലനം വര്‍ധിക്കുകയാണെന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ ഭൂഖണ്ഡങ്ങള്‍ ചലിക്കുന്നതിന്‍റെ തോത് ഏറുകയാണ്. 'ഫലകചലന സിദ്ധാന്തം' അനുസരിച്ച് ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങളാലും ഇരുപതോളം ചെറുഫലകങ്ങളാലുമാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നിനീങ്ങുന്നതാണ് സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക് കാരണമെന്ന് ഫലകചലന സിദ്ധാന്തം പറയുന്നു. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഭൂകമ്പങ്ങള്‍. 

Full View


Tags:    
News Summary - India, Somalia and Madagascar may become one continent in 200 million years: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.