ഗിസ പിരമിഡിന്‍റെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക്; ആശങ്ക വേണ്ട

ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ, ജ്യോതിശാസ്ത്രജ്ഞർക്ക് എപ്പോഴും കൗതുകമുള്ളതാണ് ഛിന്നഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങൾ. സെപ്റ്റംബർ ആറിന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ഒരു ഛിന്നഗ്രഹത്തെ കുറിച്ച് വിവരം നൽകിയിരിക്കുകയാണ് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. ഈജിപ്തിലെ ഗിസ പിരമിഡിന്‍റെ ഇരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയുടെ നേർക്ക് പാഞ്ഞുവരുന്നതെന്നും എന്നാൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഒട്ടും ഇല്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

465824 (2010) എന്ന പേരിലാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. ഇതിന് 120 മീറ്ററിനും 270 മീറ്ററിനും ഇടയിൽ വ്യാസമുണ്ടാകുമെന്നാണ് അനുമാനം.

സെപ്റ്റംബർ ആറിന് ഭൂമിക്ക് 4.6 ദശലക്ഷം മൈൽ അകലെക്കൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്ന് നാസ ട്വീറ്റ് ചെയ്തു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്‍റെ 19 ഇരട്ടി ദൂരം വരുമിത്. മണിക്കൂറിൽ 31,400 മൈൽ വേഗതയിലാണ് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരം.

10 വർഷമായി ശാസ്ത്രജ്ഞർ ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ 9,94,385 ഛിന്നഗ്രഹങ്ങളെ സൗരയൂഥത്തിൽ നാസ കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ, അടുത്ത 100 വർഷത്തേക്ക് ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാസ പറയുന്നു.

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കടക്കുന്ന ആദ്യത്തെ ഛിന്നഗ്രഹമൊന്നുമല്ല ഇത്. വലിപ്പം കുറഞ്ഞ ഛിന്നഗ്രഹ ഭാഗങ്ങളും ഉൽക്കകളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന് കത്തിച്ചാമ്പലാകാറുണ്ട്. ഇത് ദിവസേന സംഭവിക്കാറുണ്ടെന്നും രാത്രികളിൽ ആകാശത്ത് കാണുന്ന പെട്ടെന്നുള്ള വെളിച്ചപ്പൊട്ടുകൾ ഇത്തരം പ്രതിഭാസമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

സെപ്റ്റംബറിൽ മറ്റ് ആറ് ഛിന്നഗ്രഹങ്ങൾ കൂടി ഭൂമിക്ക് സമീപത്തുകൂടെ കടന്നുപോകുന്നുണ്ട്. നവംബർ 29ന് താരതമ്യേന വലിയൊരു ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകും. 153201 (2000 ഡബ്ല്യു.ഒ 107) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് എട്ട് ഫുട്ബാൾ മൈതാനത്തിന്‍റെ വലിപ്പമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ. ചൊവ്വയുടെയും വ്യാഴത്തിന്‍റെയും ഭ്രമണപഥങ്ങള്‍ക്കിടയിലാണ് ഇവ കാണപ്പെടാറ്. ക്ഷുദ്രഗ്രഹങ്ങളെന്നും അല്‍പ ഗ്രഹങ്ങളെന്നും ഇവയെ വിളിക്കാറുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.