ഇന്ത്യയിൽ ഡിജിറ്റൽ അസമത്വം വർധിക്കുന്നു; സ്വന്തമായി ഫോൺ ഉള്ള സ്ത്രീകൾ പുരുഷന്മാരുടെ പകുതി മാത്രം

ന്യൂഡൽഹി: ഇന്ത്യയിൽ ഡിജിറ്റൽ സ്പേസിൽ അസമത്വം വർധിക്കുന്നതായി റിപ്പോർട്ട്. ഓക്സ്ഫാം ഇന്ത്യയുടെ 'ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്' എന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഫോൺ സ്വന്തമായുള്ള സ്ത്രീകളെക്കാൾ ഏറെ കൂടുതലാണ് ഫോൺ സ്വന്തമായുള്ള പുരുഷന്മാരുടെ ശതമാനമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് 61 ശതമാനം മൊബൈൽ ഫോണുകളും പുരുഷന്മാരുടേതാണ്. അതേസയമം, 31 ശതമാനം ഫോൺ മാത്രമേ സ്ത്രീകൾക്ക് സ്വന്തമായി ഉള്ളൂ. ജാതി, മതം, ലിംഗം, വർഗം, ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾ ആശങ്കാജനകമായ രീതിയിൽ ഡിജിറ്റൽ സ്പേസിലേക്കും പകർത്തപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

പുതിയ ഡിജിറ്റൽ ടെക്നോളജികൾ പ്രധാനമായും ലഭ്യമാവുന്നത് പുരുഷൻമാർക്കും നഗരങ്ങളിലുള്ളവർക്കും സവർണ ജാതിക്കാർക്കും സവർണ കുടുംബങ്ങൾക്കുമാണ്. ജനറൽ വിഭാഗത്തിൽ എട്ടുശതമാനം ആളുകൾക്ക് കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉണ്ട്. അതേസമയം എസ്.സി വിഭാഗത്തിൽപ്പെട്ടവരിൽ രണ്ട് ശതമാനംപേർക്കും എസ്.ടി വിഭാഗത്തിൽപ്പെട്ടവരിൽ ഒരു ശതമാനത്തിനും മാത്രമേ ലാപ്ടോപ്പും കമ്പ്യൂട്ടറോ ലഭ്യമായിട്ടുള്ളൂ.

2021-ൽ സ്ഥിരം ശമ്പളമുള്ള ജീവനക്കാരിൽ 95 ശതമാനം പേർക്കും ഫോൺ ഉള്ളപ്പോൾ, തൊഴിലില്ലാത്തവരിൽ 50 ശതമാനം പേർക്ക് മാത്രമേ ഫോൺ ഉള്ളൂ. ഗ്രാമപ്രദേശങ്ങളിൽ കമ്പ്യൂട്ടർ ഉപയോഗം കുറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.

സമൂഹത്തിലെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ പാവപ്പെട്ടവരുടെ വരുമാനം വർധിപ്പിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. മാന്യമായ മിനിമം വേതനം ലഭ്യമാക്കുന്നതിലൂടെയും പൗരന്മാരുടെ പരോക്ഷ നികുതി ഭാരം ലഘൂകരിക്കുന്നതിലൂടെയും ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നതിലൂടെയും സാമ്പത്തിക അസമത്വം കുറക്കാൻ കഴിയുമെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.

ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള നടപടി ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്നതാണ്. ഗ്രാമ മേഖലകളിൽ ഇന്‍റർനെറ്റ് സേവനം ഉറപ്പുവരുത്തണം. കമ്മ്യൂണിറ്റി നെറ്റ് വർക്കുകളിലൂടെയും വൈഫൈ ആക്സസ് പോയിന്‍റുകളിലൂടെയും ഇന്‍റർനെറ്റ് ഉറപ്പാക്കാൻ സേവന ദാതാക്കൾ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

2018 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കുടുംബ സർവേയിൽ നിന്നുള്ള വിവരങ്ങളും നാഷണൽ സാംപിൾ സർവേയുടെ വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 

Tags:    
News Summary - Women, Rural Poor, Unemployed Lagging Due To Digital Divide: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.