വാനിയ അഗർവാൾ

ഗസ്സക്ക് വേണ്ടി ബിൽ ഗേറ്റ്സിനെയും സത്യ നദല്ലയെയും വെല്ലുവിളിച്ചു, മൈക്രോസോഫ്റ്റിലെ ജോലി രാജിവെച്ചു; ആരാണ് വാനിയ അഗർവാൾ

സ്സ വംശഹത്യക്ക് മൈക്രോസോഫ്റ്റും കൂട്ടുനിന്നെന്ന് ആരോപിച്ച് പരസ്യ പ്രതിഷേധം നടത്തിയതിലൂടെ ലോക ശ്രദ്ധ നേടിയിരിക്കുകയാണ് വാനിയ അഗർവാൾ. ഫലസ്തീൻ ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ മൈക്രോസോഫ്റ്റ് ടെക്ക് ജീവനക്കാരിയായ വാനിയ ഇന്ത്യക്കാരി കൂടിയാണ്. ഈ വർഷത്തെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ രണ്ട് പരിപാടികളിലാണ് വാനിയ അഗർവാൾ മൈക്രോസോഫ്റ്റിന്‍റെ ഇസ്രോയേൽ പിന്തുണ‍ പരസ്യമാക്കിയത്.

ഏപ്രിലിൽ നടന്ന മൈക്രോസോഫ്റ്റിന്റെ 50ാം വാർഷിക പരിപാടിയിലാണ് ആദ്യമായി ഗസ്സക്ക് വേണ്ടി അവർ ശബ്ദമുയർത്തിത്. സഹസ്ഥാപകന്‍ ബിൽ ഗേറ്റ്സ്, മുന്‍ സി.ഇ.ഒ സ്റ്റീവ് ബാൽമർ, നിലവിലെ സി.ഇ.ഒ സത്യ നദല്ല എന്നിവര്‍ക്ക് മുന്നില്‍ വാനിയ പ്രതിഷേധിച്ചു. ഗസ്സ സംഘർഷത്തിൽ ഇസ്രയേൽ സൈന്യത്തിന് എ.ഐ ടൂളുകള്‍ കമ്പനി നല്‍കുന്നതിനെതിരെയാണ് വാനിയ ചോദ്യമുയര്‍ത്തിയത്.

'ഗസ്സയില്‍ 50,000 ഫലസ്തീനികളാണ് മൈക്രോസോഫ്റ്റ് സാങ്കേതിക വിദ്യ കാരണം മരണപ്പെടുന്നത്. നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? അവരുടെ രക്തത്തിൽ ആഘോഷിക്കുന്നു, നിങ്ങളോട് എനിക്ക് ലജ്ജ തോന്നുന്നു' എന്നാണ് വാനിയ പറഞ്ഞത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയവുമായി മൈക്രോസോഫ്റ്റ് 133 മില്യൺ ഡോളറിന്റെ ക്ലൗഡ് എ.ഐ കരാർ ഒപ്പിട്ടതാണ് പ്രതിഷേധത്തിന്‍റെ അടിസ്ഥാനം. തുടർന്ന് കമ്പനി വാനിയയെ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ സംഭവത്തിന്‍റെ അടുത്ത ദിവസം തന്നെ വാനിയ രാജികത്ത് സമർപിച്ചു. തന്‍റെ രാജിയിലും കമ്പിനിയെ രൂക്ഷമായി വിമർശിക്കുകയും ഗസ്സയോടുള്ള തന്‍റെ പിന്തുണ രേഖപെടുത്തുകയും ചെയ്തിരുന്നു. മേയ് 19ന് ആരംഭിച്ച മൈക്രോസോഫ്റ്റിന്റെ ബിൽഡ് 2025 കോൺഫറൻസിൽ പരാജയപെടുത്താൻ കഴിയാത്ത ധൈര്യവുമായി മൂന്ന് ദിവസവും പ്രതിഷേധങ്ങൾക്ക് വംശഹത്യ വിരുദ്ധ ടെക്കി കൂട്ടായ്മയായ ‘No Azure for apartheid’ഉമായി ചേർന്ന് വാനിയ നേതൃത്വം നൽകി.

28 വയസുകാരിയായ വാനിയ 2023 സെപ്റ്റംബര്‍ മുതല്‍ മൈക്രോസോഫ്റ്റിന്‍റെ വാഷിങ്ടണ്‍ ഡിവിഷനില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറാണ്. അരിസോന സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്നാണ് സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയത്. 2019 ൽ ആമസോണില്‍ സോഫ്റ്റ്‍വെയര്‍ ഡെവലപ്മെന്‍റ് എന്‍ജിനീയറായാണ് തന്‍റെ കരിയർ ആരംഭിക്കുന്നത്. 2023 ലാണ് മൈക്രോസോഫ്റ്റിന്‍റെ എ.ഐ ഡിവിഷനിലേക്ക് എത്തുന്നത്.

ടെക് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് 2016ൽ ഇല്ലിനോയിസിലെ നേപ്പർവില്ലിൽ മെഡിക്കൽ അസിസ്റ്റന്റായിരുന്നു. 2015 ൽ ടീ കൺസൾട്ടന്റായും 2014ൽ ഫാർമസി ടെക്നീഷ്യനായും ജോലി ചെയ്തിരുന്നു. 2012 ൽ വന്നൂഷ്ക സംരംഭവും നടത്തിയിരുന്നു.

മൈക്രോസോഫ്റ്റ് ഇവന്റിലെ തന്റെ പ്രതിഷേധത്തിന്റെ വിഡിയോകൾ വാനിയ അഗർവാൾ തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ പങ്കുവെക്കുന്നുണ്ട്. ഗസ്സ വംശഹത്യക്കെതിരെയും മാനവികതക്കെതിരെയും നിരന്തരം ശബ്ദമുയർത്തികൊണ്ടിരിക്കുകയാണ് വാനിയ.

Tags:    
News Summary - Who is Vaniya Agarwal, who challenged Bill Gates and Satya Nadella for Gaza, resigned from Microsoft job?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.