വാട്‌സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ വായിച്ചുകഴിഞ്ഞാൽ താനേ ഇല്ലാതാകുന്ന പുതിയ പ്രൈവസി ഫീച്ചർ ഉടൻ എത്തിയേക്കും. After reading എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ വാട്‌സ്ആപ്പ് ഫീച്ചർ ട്രാക്കറായ 'WABetaInfo' ആണ് പുറത്തുവിട്ടത്. ആൻഡ്രോയിഡ് ബീറ്റാ വേർഷനിലാണ് (v2.26.12.2) നിലവിൽ ഇത് അവതരിപ്പിക്കുന്നത്.
നിങ്ങൾ അയക്കുന്ന സന്ദേശം സ്വീകർത്താവ് തുറന്നു വായിച്ചാൽ ഉടൻ തന്നെ 15 മിനിറ്റിന്റെ ഒരു ടൈമർ തുടങ്ങും. ഈ സമയം കഴിയുന്നതോടെ സന്ദേശം രണ്ട് പേരുടെയും ചാറ്റിൽ നിന്ന് താനേ ഡിലീറ്റ് ആകും. സന്ദേശം തുറന്നു നോക്കിയില്ലെങ്കിൽ 24 മണിക്കൂർ വരെ ചാറ്റിൽ ഉണ്ടാകും. അത് കഴിഞ്ഞാൽ താനേ എക്സ്പയർ ആകും. ഒ.ടി.പികൾ, പാസ്‌വേഡുകൾ, അഡ്രസ്സ് തുടങ്ങിയ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറാൻ ഈ ഫീച്ചർ വളരെ ഉപകാരപ്പെടും.
വാട്‌സ്ആപ്പിലെ ബ്ലൂ ടിക്ക് ഓഫ് ചെയ്തവർക്കും ഈ ഫീച്ചർ പ്രവർത്തിക്കും. സന്ദേശം തുറന്നു എന്നത് തിരിച്ചറിഞ്ഞാലുടൻ 15 മിനിറ്റ് ടൈമർ താനേ ഓൺ ആകും. നിലവിൽ വാട്‌സ്ആപ്പിൽ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെയുള്ള ഡിസപ്പിയറിങ് ഓപ്ഷനുകളാണുള്ളത്. എന്നാൽ പെട്ടെന്ന് ഡിലീറ്റ് ആകേണ്ട വിവരങ്ങൾക്ക് ഈ സമയം കൂടുതലാണ്. പുതിയ ഫീച്ചർ ഈ വിടവ് നികത്തും. കൂടാതെ, ഫോട്ടോകൾക്കും വിഡിയോകൾക്കും മാത്രമുള്ള 'View Once' ഓപ്ഷന് സമാനമായി ടെക്സ്റ്റ് മെസേജുകൾക്കും ഇനി സുരക്ഷ ലഭിക്കും.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചർ വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'View Once' ഫോട്ടോകളുടെ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കാത്തതുപോലെ, ഈ ഫീച്ചർ ഉപയോഗിച്ച് അയക്കുന്ന ടെക്സ്റ്റ് മെസേജുകളുടെയും സ്ക്രീൻഷോട്ട് എടുക്കുന്നത് വാട്‌സ്ആപ്പ് തടയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം സന്ദേശങ്ങൾ മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യാനോ കോപ്പി ചെയ്യാനോ സാധിക്കില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.