മാർക്ക് സക്കർബർഗ്

'ഞങ്ങൾക്ക് തെറ്റ് പറ്റി, ഇനിയും പറ്റിയേക്കാം'; കൂട്ട പിരിച്ചുവിടലിൽ ഖേദം പ്രകടിപ്പിച്ച് മാർക്ക് സക്കർബർഗ്

മേൻലോ പാർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കമ്പനിയെ പൂർണമായി മാറ്റുന്നതിന്റെ ഭാഗമായി 8,000ത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ നിർണായക കുറ്റസമ്മതവുമായി മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്. കമ്പനിയിൽ അടുത്തിടെ നടപ്പാക്കിയ എ.ഐ അധിഷ്ഠിത പുനഃസംഘടനയിൽ മെറ്റക്ക് തെറ്റുകൾ സംഭവിച്ചതായി ജീവനക്കാർക്കയച്ച ആഭ്യന്തര മെമോയിൽ സക്കർബർഗ് തുറന്നുപറഞ്ഞു. റോയിട്ടേഴ്സ് പുറത്തുവിട്ട ഈ കത്ത് ആഗോള ടെക് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എ.ഐ യുഗവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ ഇത്തരം തെറ്റുകൾ സ്വാഭാവികമാണെന്നും, ഭാവിയിലും കൂടുതൽ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും സക്കർബർഗ് ജീവനക്കാരെ ഓർമ്മിപ്പിച്ചു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ, തങ്ങളുടെ ആഗോള ജീവനക്കാരുടെ 10 ശതമാനത്തോളം (ഏകദേശം 8,000 പേർ) വരുന്ന ജീവനക്കാരെ മേയ് മാസത്തിൽ പിരിച്ചുവിട്ടിരുന്നു. ഇതിന് പുറമെ 7,000ത്തോളം ജീവനക്കാരെ എ.ഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനായുള്ള മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്തു. കമ്പനിയുടെ ആകെ ജീവനക്കാരിൽ അഞ്ചിലൊന്ന് പേരെ ബാധിച്ച വമ്പൻ അഴിച്ചുപണിയായിരുന്നു ഇത്. ഈ മാറ്റങ്ങൾക്കിടയിൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ് മാനേജർമാർ, മിഡിൽ മാനേജർമാർ എന്നിവർക്കാണ് വലിയ രീതിയിൽ ജോലി നഷ്ടപ്പെട്ടത്.

'മാനേജർമാരെ നിയന്ത്രിക്കാൻ മാത്രം മാനേജർമാർ ആവശ്യമില്ല' എന്ന സക്കർബർഗിന്റെ കോർപ്പറേറ്റ് നിലപാടാണ് ഈ കടുത്ത നടപടിക്ക് പിന്നിൽ. 'മാറ്റങ്ങളുടെ സങ്കീർണത കണക്കിലെടുക്കുമ്പോൾ ഞങ്ങൾക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്, ഇനിയും അത് തുടർന്നേക്കാം. എന്നാൽ, കമ്പനിയിൽ പരമാവധി സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്.' — മാർക്ക് സക്കർബർഗ് പറഞ്ഞു. വലിയ തോതിൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലായ ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ചില പ്രഖ്യാപനങ്ങളും സക്കർബർഗ് നടത്തിയിട്ടുണ്ട്.

ഈ വർഷം ഇനി കമ്പനിവ്യാപകമായി ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. എങ്കിലും ആഗോള സാഹചര്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനേജർമാർ അമിതമായി കാര്യങ്ങളിൽ ഇടപെടുന്നു എന്ന ജീവനക്കാരുടെ പരാതി പരിഹരിക്കാൻ അവരുടെ മേൽനോട്ട ചുമതലകൾ കുറക്കും. എ.ഐ പരിശീലനത്തിനായി മാറ്റിയ ജീവനക്കാർക്ക് യോജ്യമായ മറ്റ് തസ്തികകൾ കണ്ടെത്താൻ ശ്രമിക്കും. പരീക്ഷണങ്ങൾ പരാജയപ്പെടുന്ന പക്ഷം ജീവനക്കാരെ പഴയ സ്ഥാനങ്ങളിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാൻ ടീമുകളുടെ വലിപ്പം കുറച്ചു നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരുടെ കുറഞ്ഞുപോയ ആത്മവിശ്വാസവും ജോലിയിലെ താൽപര്യവും തിരിച്ചുപിടിക്കാൻ പുതിയ തീരുമാനങ്ങളും മെറ്റ കൈക്കൊണ്ടിട്ടുണ്ട്. കോർപ്പറേറ്റ് ഇവന്റുകൾക്കും ടീം-ബിൽഡിങ് ആക്റ്റിവിറ്റികൾക്കുമായി കമ്പനി ബഡ്ജറ്റ് വർധിപ്പിച്ചു. കൂടാതെ, പുതിയ എ.ഐ മോഡലുകളുടെ വികസനം വേഗത്തിലാക്കാനും വിവിധ ടീമുകൾ തമ്മിലുള്ള സഹകരണം കൂട്ടാനുമായി ജൂലൈ മാസത്തിൽ 'ഹാക്കത്തോൺ' സംഘടിപ്പിക്കാനും മെറ്റ ഒരുങ്ങുകയാണ്.

തെറ്റുകൾ പറ്റിയ ഇടങ്ങളിൽ നിന്ന് ജീവനക്കാരെ പഴയ തസ്തികകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ കമ്പനി തയാറാണെന്നും, അനാവശ്യ ഭീതി ഒഴിവാക്കി മെറ്റയെ എ.ഐ യുഗത്തിലേക്ക് നയിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും സക്കർബർഗ് കത്തിലൂടെ ജീവനക്കാരോട് അഭ്യർഥിച്ചു.

Tags:    
News Summary - 'We made mistakes, and we may make more'; Mark Zuckerberg expresses regret over mass layoffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.