സുക്കർബർഗിന് എട്ടിന്റെ പണി; 'മെറ്റ'ക്കെതിരെ മോഷണാരോപണവുമായി അമേരിക്കൻ കമ്പനി

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെ ഉടമസ്ഥാവകാശമുള്ള മാതൃകമ്പനിയാണ് മെറ്റ. കഴിഞ്ഞ വർഷമായിരുന്നു ഫേസ്ബുക്ക് എന്ന പേരിന് പകരം മെറ്റാവേഴ്സിന്റെ ചുരുക്കരൂപമായ മെറ്റയിലേക്ക് കമ്പനി മാറിയത്.

എന്നാൽ, മെറ്റക്കെതിരെ അമേരിക്കയിലെ ഒരു വെർച്വൽ റിയാലിറ്റി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. മെറ്റ എക്സ് (MetaX ) എന്ന കമ്പനിയാണ് തങ്ങളുടെ ട്രേഡ്മാർക്ക് മോഷ്ടിച്ചെന്ന് കാട്ടി സുക്കർബഗിന്റെ 'മെറ്റ'ക്കെതിരെ മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചെന്നും കമ്പനിയുടെ സ്ഥാപിത ബ്രാൻഡ് ലംഘിച്ചുവെന്നും അവർ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് റീബ്രാൻഡ് ചെയ്തത് തങ്ങളെ തകർത്തുവെന്നും മെറ്റയായി പ്രവർത്തിക്കാനുള്ള തങ്ങളുടെ സാധ്യതകളെ ഇല്ലാതാക്കിയെന്നും ന്യൂയോർക്ക് ആസ്ഥാനമായുള്ള മെറ്റാഎക്‌സ് കോടതിയെ അറിയിച്ചു. "ഞങ്ങളുടെ രക്തവും വിയർപ്പും കണ്ണീരും കൊടുത്ത് 12 വർഷത്തിലേറെ അധ്വാനിച്ച് കെട്ടിപ്പടുത്ത 'മെറ്റ' എന്ന പേരും ട്രേഡ്മാർക്കും ഫേസ്ബുക്ക് കൈക്കലാക്കി''. 'മെറ്റ' എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് സുക്കർബർഗിന്റെ കമ്പനിയെ തടയുന്ന ഒരു കോടതി ഉത്തരവിനായും' മെറ്റഎക്സ് അഭ്യർഥിച്ചു. അതേസമയം, 2017-ൽ ഫെയ്‌സ്ബുക്കുമായി തങ്ങൾ പങ്കാളിത്തത്തിന് ​ശ്രമിച്ചിരുന്നതായി മെറ്റഎക്സ് കൂട്ടിച്ചേർത്തു.

മെറ്റാവേഴ്സ് എന്ന വാക്കിൽ നിന്നുമെടുത്ത പദമാണ് മെറ്റ. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഡിസ്റ്റോപ്പിയൻ നോവലിലാണ് 'മെറ്റാവേഴ്സ്' എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. യഥാർഥ ലോകത്തിന്റെ 3ഡി പതിപ്പായ വെർച്വൽ ലോകത്തെയാണ് അത് പ്രതിനീധീകരിക്കുന്നത്. അവിടെ ആളുകൾക്ക് ഡിജിറ്റൽ അവതാറുകളായി ഇടപഴകാൻ സാധിക്കും. സുക്കർബർഗ് അടക്കമുള്ള ടെക് രംഗത്തെ അതികായരിൽ പലരും മെറ്റാവേഴ്സ് യാഥാർഥ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ്.

Tags:    
News Summary - US-based firm Meta.is to sue Meta for stealing its name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.