ന്യൂഡൽഹി: വെബ്സൈറ്റുകളിലേക്ക് കടക്കാൻ മൊബൈൽ ഫോണുകൾ വെബ്സൈറ്റുകളുമായി ബന്ധിപ്പിക്കണമെന്ന നിർദേശവുമായി ഗൂഗ്ൾ എത്തുന്നുവെന്ന് റിപ്പോർട്ട്. നിലവിൽ മനുഷ്യനെന്ന് തെളിയിക്കാനുള്ള ‘കാപ്ച’ പരിശോധനകൾ ഒഴിവാക്കിക്കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക എന്നാണ് വിവരം.
മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന ‘കാപ്ച’കളും, സൈക്കിളും ട്രാഫിക് സിഗ്നലും വാഹനങ്ങളും കണ്ടെത്തുന്ന ‘പരീക്ഷ’കളും ഇനി ഉണ്ടാവില്ലെന്നാണ് ഗൂഗ്ളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെല്ലാം പരിഹാരമായി ഒരു ക്യു.ആർ കോഡ് ആയിരിക്കും സ്ക്രീനിൽ തെളിയുക. ഇത് മൊബൈൽ ഫോൺ വഴി സ്കാൻ ചെയ്യാം. ഈ ക്യൂ.ആർ കോഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഗൂഗ്ൾ പ്ലേ സേവനങ്ങളിൽനിന്നുള്ള വിശദാംശങ്ങൾ തിരിച്ചറിയുകയും വെബ്‌സൈറ്റ് സന്ദർശിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ വെബ്‌സൈറ്റിനെയും ഗൂഗ്ളിനെയും അറിയിക്കുകയും ചെയ്യും. ഇതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാകുമെന്ന് ഗൂഗിൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും സാങ്കേതിക രംഗത്തെ ഗവേഷകർ അധികം വൈകാതെതന്നെ ഈ ഫീച്ചർ എത്തുമെന്നാണ് അറിയിക്കുന്നത്.
എന്നാൽ ഉപയോക്താവിന്റെ സ്വകാര്യത സംബന്ധിച്ച ഭീഷണിയും ഈ പുതിയ സംവിധാനം ഉയർത്തും. ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക വഴി ഫോണിനെ വെബ്സൈറ്റുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം എല്ലാ വെബ്സൈറ്റുകൾക്കും ഇത് ബാധകമാവില്ലെന്നാണ് വിവരം. നിലവിലെ ലാൻഡ്‌ബേസ് അനുസരിച്ച്, 5.3 ദശലക്ഷത്തിലധികം കമ്പനികൾ ഗൂഗ്ൾ റീ കാപ്ച ഉപയോഗിക്കുന്നുണ്ട്. ഫലത്തിൽ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ വെബ് പ്രവർത്തനവുമായി ലിങ്ക് ചെയ്യാതെ ദശലക്ഷക്കണക്കിന് വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.