ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി ഗൂഗ്ൾ; കരകൗശല പൈതൃകത്തിന് ആദരമായി ഡൂഡിൽ

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത വസ്ത്രശൈലിയിൽ നിന്നും തനിമയാർന്ന അലങ്കാരവസ്തുക്കളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വർണ്ണാഭമായ ഡൂഡിൽ പുറത്തിറക്കി ഗൂഗ്ൾ. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും കലാപരമായ പൈതൃകത്തെയും വിളിച്ചോതുന്ന പ്രത്യേക ഡിസൈനാണ് ഗൂഗ്ളിന്റെ ഹോം പേജിലുള്ളത്.

ഹോംപേജിൽ പതിവായി കാണുന്ന ലോഗോക്ക് പകരമായി, ഇന്ത്യയുടെ തനതായ സംസ്കാരവും പാരമ്പര്യവും വ്യക്തമാക്കുന്ന പരമ്പരാഗത ഡിസൈനുകളും നിറങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ ഡൂഡിൽ തയാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഗൂഗ്ളിന്റെ ഔദ്യോഗിക ലോഗോ പൂർണമായും ഇന്ത്യൻ തനിമയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു.

ന്യൂഡൽഹി ആസ്ഥാനമായുള്ള ഗസ്റ്റ് ആർട്ടിസ്റ്റ് നമ്രത കുമാറാണ് ഡൂഡിൽ ചിത്രീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായ ചരിത്രദിനത്തെ അനുസ്മരിച്ചുകൊണ്ട് ഗൂഗ്ൾ എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാജ്യത്തിന്റെ തനതായ സ്വത്വവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന തുണിത്തരങ്ങളെയും നെയ്ത്തു പാരമ്പര്യങ്ങളെയും ആദരിക്കുക എന്നതായിരുന്നു ഈ ഡിസൈനിന്റെ പ്രധാന ലക്ഷ്യമെന്ന് ആർട്ടിസ്റ്റ് നമ്രത കുമാർ വ്യക്തമാക്കി.

ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത എംബ്രോയ്ഡറി വർക്കുകളായ കച്ച് എംബ്രോയ്ഡറി, മിറർ വർക്കുകൾ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തനതായ പട്ടുനെയ്ത്തുകൾ, വിവിധ ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത തുണിത്തരങ്ങൾ എന്നിവയുടെയെല്ലാം മാതൃകകൾ ഡൂഡിലിൽ കാണാൻ സാധിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ തനതായ തുണിത്തരങ്ങളെയും കരകൗശല പാരമ്പര്യങ്ങളെയും ഒന്നിച്ചു ചേർത്താണ് ഈ ഡൂഡിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് 1947 ആഗസ്റ്റ് 15-നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. രാജ്യത്തുടനീളം വലിയ ആവേശത്തോടെയാണ് പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും പരേഡുകളും സംഘടിപ്പിച്ച് സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. ഈ ദേശീയ ആഘോഷത്തിനൊപ്പം ഡിജിറ്റൽ ലോകത്ത് വർണ്ണാഭമായ ഒരു ആദരവാണ് ഗൂഗിളിന്റെ പ്രത്യേക ഡൂഡിൽ നൽകുന്നത്.

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ എങ്ങും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. ഇതിനിടെ ഇന്ത്യൻ ച​രിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ വന്ദേമാതരം മുഴുവനായും ആലപിച്ചു. മൂന്നുമിനിറ്റോളം ബാൻഡ് രൂപത്തിലാണ് വന്ദേമാതരം അവതരിപ്പിച്ചത്. അതിനുശേഷമാണ് ദേശീയഗാനം ആലപിച്ചത്. അതേസമയം കേരളത്തിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിച്ചിട്ടില്ല. 

Tags:    
News Summary - Google Marks India's 80th Independence Day With Vibrant Doodle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.