ബാഡ്മിന്‍റൺ കളിക്കാൻ നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ റോബോട്ടുകളെ നിർമിച്ച് സ്വിറ്റ്‌സർലൻഡ് സർവകലാശാല ഗവേഷകർ. കളിയിൽ മനുഷ്യർക്ക് മികച്ച എതിരാളികളായാണ് ഇവ പ്രവർത്തിക്കുന്നത്. ഇ.ടി.എച്ച് സൂറിച്ചിലെ ഗവേഷകരാണ് തങ്ങളുടെ എ.ഐ കണ്‍ട്രോളറായ അനിമൽ-ഡി (ANYmal-D) റോബോട്ടില്‍ വിജയകരമായി പരീക്ഷിച്ചത്. വേഗതയും ചടുലതയുമാണ് എ.ഐ നിയന്ത്രിത റോബോട്ടിന്റെ സവിശേഷതകള്‍.
റോബോട്ടില്‍ ഒരു സ്റ്റീരിയോ ക്യാമറയും ബാഡ്മിന്റണ്‍ റാക്കറ്റ് പിടിക്കാനുള്ള കൈയും ഘടിപ്പിച്ചിട്ടുണ്ട്. റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് ഉപയോഗിച്ച് റോബോട്ട് ഷട്ടിൽകോക്കിന്റെ പറക്കൽ കൃത്യമായി ട്രാക്ക് ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഷോട്ടുകൾ പ്രതിരോധിക്കാനും തിരിച്ചടിക്കാനും റോബോട്ടിനാകും. കളിയിൽ വരുന്ന തെറ്റുകളിലൂടെ ബാഡ്മിന്‍റൺ കൂടുതൽ മികച്ചതാക്കാൻ റോബോട്ട് പഠിക്കുന്നു.
രണ്ട് കാലുകൾക്ക് പകരം നൽകിയ നാല് കാലുകൾ റോബോട്ടിന് ചലനങ്ങളിൽ കൂടുതൽ സ്ഥിരതയും വഴക്കവും നൽകുന്നു. റോബോട്ടിനെ നിയന്ത്രിക്കുന്ന അല്‍ഗോരിതം ഹ്യൂമനോയിഡുകള്‍ പോലുള്ള പ്ലാറ്റ്ഫോമുകളിലേക്കും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ഹോം സര്‍വീസുകള്‍ പോലുള്ള മറ്റ് ജോലികളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
ബാഡ്മിന്റണിനായി രൂപകൽപന ചെയ്ത റോബോട്ടുമായി നടത്തിയ പരീക്ഷണ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഗവേഷകര്‍ അറിയിച്ചു. എന്നിരുന്നാലും ക്യാമറ പെർസെപ്ഷനിലും ആക്യുവേറ്റർ വേഗതയിലും ഹാർഡ്‌വെയർ പരിമിതികൾ കാരണം പ്രതികരണത്തിൽ 0.375 സെക്കൻഡ് കാലതാമസം നേരിട്ടതിനാൽ സ്മാഷുകൾ പോലെ വേഗതയേറിയതും ആക്രമണാത്മകവുമായ ഷോട്ടുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഭാവിയിൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്നും ഗവേഷകര്‍ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.