കോട്ടക്കൽ പീസ്‌ പബ്ലിക്‌ സ്കൂളിൽ സംഘടിപ്പിച്ച ഡിജിറ്റൽ ഫെസ്റ്റിന്‍റെ ഭാഗമായി നിർമ്മിച്ച കാറിനെക്കുറിച്ച്‌ വിശദീകരിക്കുന്ന വിദ്യാർഥികളായ കെ.ടി. ഫസൽ റബീഹും യു.ഷാനിബും

ഡ്രൈവറില്ലാ കാർ നിർമ്മിച്ച്‌ സ്കൂൾ വിദ്യാർഥികൾ

കോട്ടക്കൽ: മൊബൈൽ ഫോണിലെ വോയ്‌സ് കമാൻഡിൽ പ്രവർത്തിക്കുന്ന കാർ നിർമ്മിച്ച്‌ രണ്ട്‌ പത്താം ക്ലാസ്‌ വിദ്യാർഥികൾ. കോട്ടക്കൽ പീസ്‌ പബ്ലിക്‌ സ്കൂളിലെ പത്താം ക്ലാസ്‌ വിദ്യാർത്ഥികളായ ഫസൽ റബീഹും യു. ഷാനിബും ചേർന്നാണ് സ്കൂളിൽ നടന്ന ഡിജിറ്റൽ ഫെസ്റ്റിന്‍റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്‌, റോബോട്ടിക്സ്‌ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന കാർ നിർമ്മിച്ചത്‌.

16ഓളം വോയ്സ്‌ കമാൻഡുകൾക്കനുസരിച്ച് വാഹനം പ്രവർത്തിക്കും. വാഹനം മുന്നോട്ടും പിന്നോട്ടും ഓടിക്കുന്നതിനും ലൈറ്റുകൾ ഉൾപ്പെടെ ഇലക്ട്രിക്‌ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനും വോയ്സ്‌ കമാൻഡ് മാത്രം മതി. മുന്നോട്ടെടുക്കുമ്പോഴും പിന്നോട്ടെടുക്കുമ്പോഴും റോഡിൽ ആളുകളുണ്ടെങ്കിൽ സെൻസർ പ്രവർത്തിക്കുകയും വാഹനം ബ്രേക്ക്‌ ചെയ്യുകയും ചെയ്യും. മാന്വലായി ഡ്രൈവ്‌ ചെയ്ത്‌ പോകുവാനും റിമോർട്ട്‌ കൺട്രോളർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും സാധിക്കും.

ഫെബ്രുവരി 10ന് യു.എ.ഇയിൽ നടക്കുന്ന ഇന്‍റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടിയിരിക്കുകയാണ് ഈസ്റ്റ്‌ കോഡൂർ സ്വദേശിയും പ്രമുഖ വ്യവസായി കെ.ടി. റബീഹുല്ലയുടെ മകനുമായ ഫസൽ റബീഹിന്‍റെയും സഹപാഠിയും അയൽവാസിയും യു. ഇബ്രാഹീമിന്‍റെ മകനുമായ യു. ഷാനിബിന്റെയും കണ്ടുപിടുത്തം.

യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സ്ക്വയർ കരിക്കുലം നടപ്പിലാക്കിയ ശേഷം നാലാം തവണയാണ് സ്കൂളിൽ ഡിജിറ്റൽ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നത്‌. പത്താം തരം വരെ പഠിക്കുന്ന 322 വിദ്യാർഥികളാണ് വെബ്‌ ഡിസൈനിങ്, കോഡിങ്, റോബോ റെയ്സ്‌, റോബോട്ടിക്സ്‌, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്‌, ടെക്‌ ടോക് തുടങ്ങിയ ഇനങ്ങളിൽ മൽസരിച്ചത്‌.

കേരള ഡെവലപ്‌മെന്‍റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്‍റെ കീഴിലുള്ള ജില്ല ഇന്നവേഷൻ കൗൺസിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ടി. ജുൽഫർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം. ജൗഹർ അധ്യക്ഷത വഹിച്ചു. അൽമാസ്‌ ഗ്രൂപ്പ്‌ ചെയർമാൻ ഡോ. പി.എ. കബീർ, സൈബർ സ്ക്വയർ പ്രതിനിധി ഹരികൃഷ്ണൻ, വൈസ്‌ പ്രിൻസിപ്പൽ ‌എസ്‌. സ്മിത, എച്ച്‌.എം.കെ. പ്രദീപ്‌, സ്കൂൾ ഐ.ടി. വിഭാഗം മേധാവി ടി. ഹസ്‌ന, ഷമീമ എന്നിവർ സംസാരിച്ചു.

Tags:    
News Summary - School students build driverless car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.