സ്വന്തം ബഹിരാകാശനിലയം പണിയാൻ റഷ്യ

മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായുള്ള സഹകരണം നിർത്തി സ്വന്തം ബഹിരാകാശ നിലയം പണിയാൻ റഷ്യ. 2024ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായുള്ള (ഐ.എസ്.എസ്) സഹകരണം അവസാനിപ്പിക്കാനാണ് തീരുമാനം.

2024ൽതന്നെ സ്വന്തം ബഹിരാകാശനിലയ നിർമാണത്തിന് തുടക്കമിടുമെന്നും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് അറിയിച്ചു. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചതുമുതലുണ്ടായ പിരിമുറുക്കങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് പിൻവലിക്കൽ പ്രഖ്യാപനം. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകൾ 2024 വരെയാണ്. ഭ്രമണപഥത്തിൽ തുടരാൻ സ്റ്റേഷന് റഷ്യൻ മൊഡ്യൂളുകൾ ആവശ്യമാണ്. യു.എസും പദ്ധതിയിലെ പങ്കാളികളും സ്റ്റേഷന്റെ ആയുസ്സ് 2030 വരെ നീട്ടാൻ ശ്രമിക്കുന്നതിനിടെയാണ് റഷ്യൻ നടപടി.

ചൊവ്വാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും യൂറി ബോറിസോവും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നിലയം 1998ലാണ് വിക്ഷേപിച്ചത്. റഷ്യ, യു.എസ്, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്‌പേസ് ഏജൻസി അംഗങ്ങളായ ആറ് രാജ്യങ്ങളും ചേർന്നാണ് നിർമിച്ചത്.

യു.എസ് ഉപരോധത്തെതുടർന്ന് തങ്ങൾ നിയന്ത്രണം കൈവിട്ടാൽ 550 ടൺ ഭാരമുള്ള നിലയം ഇന്ത്യയിലോ ചൈനയിലോ യു.എസിലോ യൂറോപ്പിലോ പതിച്ചേക്കാമെന്ന് നേരത്തേ റോസ്‌കോസ്‌മോസിന്റെ അന്നത്തെ തലവനായ ദിമിത്രി റോഗോസിൻ മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    
News Summary - Russia to build its own space station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.