റഷ്യയിലും യുക്രെയ്നിലും അടിയന്തര മുന്നറിയിപ്പ് ആപ്പുകൾ ഹാക്ക് ചെയ്തു; യുദ്ധഭീതിക്കിടെ ജനങ്ങളെ പരിഭ്രാന്തരാക്കി വ്യാജ സന്ദേശങ്ങൾ

മോസ്കോ: റഷ്യയുടെയും യുക്രെയ്നിന്റെയും അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങൾ ഹാക്ക് ചെയ്തു. ആണവ, രാസായുധ ഭീഷണിയുണ്ടെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളാണ് ഇതോടെ മൊബൈൽ ഫോണുകളിൽ പ്രത്യക്ഷപ്പെട്ടത്. യുക്രെയ്നിലെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന ആപ്പും റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയത്തിന്റെ ആപ്പുമാണ് ഹാക്ക് ചെയ്തത്. സംഭവത്തെ തുടർന്ന് ഇരുരാജ്യങ്ങളിലും ആശങ്കയുണ്ടായി.

യുക്രെയ്നിലാണ് ആദ്യം തകരാർ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ആണവ, രാസായുധ ആക്രമണ ഭീഷണിയുണ്ടെന്നും റേഡിയേഷൻ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നും അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ എത്തിയത്. തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും തെരുവുയുദ്ധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആപ്പിലൂടെ പ്രചരിച്ചു. റഷ്യയുടെ അതിവേഗ ഹൈപ്പർസോണിക് മിസൈലായ ഒറെഷ്നിക് ആക്രമണം നടത്തിയെന്ന തരത്തിൽ തെറ്റായ സന്ദേശവും ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുക്രെയ്ൻ വ്യോമസേന രംഗത്തെത്തി. മുന്നറിയിപ്പ് ആപ്പ് ഹാക്ക് ചെയ്തതാകാമെന്നും രാജ്യത്ത് അപകടഭീഷണി ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിച്ചാൽ മതിയെന്നുമാണ് അറിയിച്ചത്. പ്രാദേശിക ഭരണകൂടങ്ങളിലേക്കും നഗരങ്ങളിലെ മുന്നറിയിപ്പ് സംവിധാനങ്ങളിലേക്കും ഭീഷണി സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പും ഹാക്ക് ചെയ്തതായി റഷ്യ അറിയിച്ചു. ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള ആപ്പാണിത്. ആക്രമണത്തിലൂടെ പൊതുജനങ്ങളിലേക്ക് നിരവധി തെറ്റായ വിവരങ്ങളാണ് ഹാക്കർമാർ എത്തിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ആപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാങ്കേതിക വിദഗ്ധർ ശ്രമം തുടങ്ങിയിട്ടുണ്ട്.

അതേസമയം, റഷ്യയുടെ പ്രധാനപ്പെട്ട അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സൈറണുകൾ, ഉച്ചഭാഷിണികൾ, എസ്.എം.എസ്., ടെലിവിഷൻ, റേഡിയോ തുടങ്ങിയ മാർഗങ്ങളിലൂടെയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. മൊബൈൽ ആപ്പിന്റെ പ്രവർത്തനത്തെ ബാധിച്ച തകരാർ മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന് യുക്രെയ്നിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കേന്ദ്രം ആരോപിച്ചു. അസാധാരണമായ സന്ദേശങ്ങൾ ലഭിച്ചാൽ അവ അവഗണിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, റഷ്യൻ ആപ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

യുക്രെയ്നിലെ ഖേർസൺ മേഖലയിലെ ഒലെഷ്കിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 27ന് ആരംഭിച്ച പ്രാദേശിക വെടിനിർത്തൽ നവംബർ ഒന്നിനാണ് അവസാനിച്ചത്. യുദ്ധസാഹചര്യത്തിൽ ജനങ്ങൾക്ക് അടിയന്തര വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Cyber Attack Triggers Fake Nuclear Alerts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.