വാട്സ്ആപ്പിൽ മെറ്റ എഐയുമായി രഹസ്യങ്ങൾ പങ്കുവെക്കാറുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കണം; സ്വകാര്യതാ മുന്നറിയിപ്പുമായി കമ്പനി

വാട്സ്ആപ്പിലെ എഐ ഫീച്ചറുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമുൾപ്പെടെ വ്യക്തികളുമാ‍യുള്ള സാധാരണ സന്ദേശങ്ങൾക്ക് ലഭിക്കുന്ന അതേ സ്വകാര്യതാ സുരക്ഷ വാട്സ്ആപ്പ് എഐ ചാറ്റുകൾക്ക് ലഭിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സാധാരണ ചാറ്റുകളും എഐ ചാറ്റുകളും തമ്മിലുള്ള സ്വകാര്യതാ വ്യത്യാസങ്ങൾ വ്യക്തമാക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വാട്സ്ആപ്പിലെ വ്യക്തിഗത സന്ദേശങ്ങൾ പൂർണ്ണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണ്. അതായത് ചാറ്റിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് മാത്രമേ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ. മെറ്റ എഐക്ക് ഉപയോക്താക്കളുടെ വ്യക്തിഗത ചാറ്റുകൾ കാണാനോ വായിക്കാനോ സാധിക്കില്ല.

എന്നാൽ ഉപയോക്താവ് നേരിട്ട് മെറ്റ എഐയുമായി പങ്കിടുന്ന സന്ദേശങ്ങൾ എഐക്ക് വായിക്കാൻ സാധിക്കും. ഈ വിവരങ്ങൾ ഉപയോക്താക്കൾക്ക് മറുപടി നൽകാനും ഭാവിയിൽ എഐ മോഡലുകൾ മെച്ചപ്പെടുത്താനും കമ്പനി ഉപയോഗിച്ചേക്കാം. അതിനാൽ മറ്റുള്ളവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കാത്ത രഹസ്യ വിവരങ്ങൾ മെറ്റാ എഐയോട് പറയരുതെന്ന് വാട്സ്ആപ്പ് നിർദ്ദേശിക്കുന്നു. ഉപയോക്താക്കൾക്ക് മെറ്റാ എഐയുമായുള്ള ചാറ്റുകൾ എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാനും സാധിക്കും.

വാട്സ്ആപ്പിൽ ലഭ്യമാകുന്ന തേർഡ് പാർട്ടി എഐ ഏജന്റുകളുമായുള്ള സംഭാഷണങ്ങളുടെ സ്വകാര്യത നിയമങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഉപയോക്താക്കൾ അയക്കുന്ന സന്ദേശങ്ങൾ സിഗ്നൽ എൻക്രിപ്ഷൻ പ്രോട്ടോക്കോൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയാണ് അയക്കുന്നത്. എന്നാൽ ഈ സന്ദേശങ്ങൾ തേർഡ് പാർട്ടി ഏജന്റുകളുടെ സെർവറുകളിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്.

ഇതുമൂലം വാട്സ്ആപ്പ് ഈ സംഭാഷണങ്ങളെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയി കണക്കാക്കുന്നില്ല. സന്ദേശങ്ങൾ അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും ഉപകരണങ്ങൾക്കിടയിൽ മാത്രം സുരക്ഷിതമായിരിക്കുന്ന സാധാരണ ചാറ്റുകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് രഹസ്യ വിവരങ്ങൾ യാതൊരു കാരണവശാലും ഇത്തരം എഐ ഏജന്‍റുകളുമായി പങ്കുവെക്കരുത്. 

Tags:    
News Summary - WhatsApp AI chats are not all end-to-end encrypted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.