ചെലവ് കുറഞ്ഞ വെന്റിലേറ്റർ വികസിപ്പിച്ച പൈനാവ് മോഡൽ പോളിടെക്നിക് കോളജ് വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
ഇടുക്കി: ചെലവ് കുറഞ്ഞ വെന്റിലേറ്റർ സംവിധാനവുമായി പൈനാവ് മോഡൽ പോളിടെക്നിക് കോളജ് വിദ്യാർഥികൾ. ഇവർ വികസിപ്പിച്ച ‘എക്കണോമിക് വെന്റിലേറ്റർ വിത്ത് വൈറ്റൽ മോണിറ്ററിങ് പ്രോജക്ട്’ ദേശീയ ശാസ്ത്ര സാങ്കേതിക കലാമേളയായ ‘തരംഗി’ൽ പ്രത്യേക ജൂറി പരാമർശം നേടി. അവസാന വർഷ ബയോമെഡിക്കൽ വിദ്യാർഥികളായ കെ.യു. നിതിൻ, ഭരത് അനിൽ, സി.പി. പ്രവീൺ, ഹെലൻ ഡെന്നി എന്നിവരാണ് ഈ വെന്റിലേറ്റർ നിർമിച്ചത്.
കോവിഡ് കാലത്ത് വെന്റിലേറ്റർ അപര്യാപ്തത മൂലം നിരവധി പേരാണ് മരിച്ചത്. ഐ.സി.യു ഇല്ലാത്ത ആംബുലൻസുകൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, അഗ്നിരക്ഷാസേന എന്നിവിടങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ രോഗിയെ കൃത്രിമശ്വാസം നൽകി ആധുനിക സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുന്നതുവരെ ജീവൻ നിലനിർത്താൻ ഈ ഉപകരണം സഹായിക്കുന്നു. മലകളും പുഴകളും മരങ്ങളും നിറഞ്ഞ ഇടുക്കിയുടെ ഉൾപ്രദേശങ്ങളിൽ വെള്ളത്തിൽ വീണും മരത്തിൽനിന്ന് വീണും മറ്റും ചികിത്സ കിട്ടാതെ മരിക്കുന്നവർ ഏറെയാണ്. ആദിവാസി മേഖലകളിൽ ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന നവജാതശിശുക്കളും കുറവല്ല. ഇതിനൊരു പരിധിവരെ പരിഹാരമാണ് പുതിയ ഉപകരണം.
കോളജിലെ ബയോമെഡിക്കൽ വകുപ്പ് അധ്യാപകരായ കെ. അമൃത, സനീർ സലിം, എലിസബത്ത് ആനി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ നിർമിച്ച വെന്റിലേറ്റർ കൂടുതൽ നീവകരിക്കാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.