ആപ്പിളും സാംസങും വഴിമാറും! സ്വന്തമായി സ്മാർട്ട്‌ഫോൺ നിർമിക്കാൻ ഇന്ത്യ; പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുന്ന തദ്ദേശീയ സ്മാർട്ട്‌ഫോൺ 2028ഓടെ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡൽഹിയിൽ നടന്ന എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് 2026 ഒക്ടോബർ 23 ആണ്. ഇത് ഓർമ്മിച്ചു വെച്ചോളൂ, 2028 ഒക്ടോബർ 23-ഓടെ നിങ്ങൾക്ക് ഇന്ത്യൻ രൂപകൽപ്പനയും നിർമ്മാണവും ഇന്ത്യൻ ബ്രാന്‍റുമുള്ള മൊബൈൽ ഫോണുകൾ ലഭ്യമാകുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്തുകൊണ്ട് നമുക്ക് സ്വന്തമായി ഒരു ആപ്പിളും സാംസങും ഇല്ല എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു സ്മാർട്ട്‌ഫോൺ രൂപകൽപ്പന ചെയ്യുന്നതിലെ സങ്കീർണ്ണതകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. റേഡിയോ ഫ്രീക്വൻസി കമ്മ്യൂണിക്കേഷൻ, ആന്റിന, കമ്പ്യൂട്ട്, മെമ്മറി, പാസീവ് ഘടകങ്ങൾ, കാമറ മൊഡ്യൂൾ, ഡിസ്‌പ്ലേ, പവർ മാനേജ്‌മെന്റ് എന്നിവയെല്ലാം വളരെ ചെറിയൊരു ഡിവൈസിനുള്ളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഭാരം കുറച്ചും പവർ മാനേജ്‌മെന്റ് കൃത്യമായി പാലിച്ചും ഇത് ചെയ്യേണ്ടി വരുന്നു എന്നത് സ്മാർട്ട്‌ഫോൺ നിർമ്മാണത്തെ അതീവ സങ്കീർണ്ണമാക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വർഷം മുമ്പ് ഡിസൈനർമാർക്ക് മുന്നിൽ ഈ വെല്ലുവിളി വെച്ചിരുന്നുവെന്നും നിലവിൽ ഇന്ത്യയിലെ ഒരു കമ്പനി ഇതിനായുള്ള കരാർ ഏറ്റെടുക്കുകയും യു.എസിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിൽ ഒരാൾക്ക് 5G മൊബൈൽ ഫോൺ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച് നൽകുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൊബൈൽ ഫോണിന്റെ മർമ്മമായ മദർബോർഡ് അഥവാ പി.സി.ബി ഇന്ത്യയിൽ രൂപകൽപ്പന ചെയ്യാൻ സാധിക്കില്ലേ എന്ന ചോദ്യത്തിന് മറുപടിയായി രണ്ട് കമ്പനികൾ മുന്നോട്ടുവരികയും, അതിലൊന്ന് മികച്ച രീതിയിൽ അത് പൂർത്തിയാക്കുകയും ചെയ്തു.
നിലവിൽ അമേരിക്കയിലെ ഒരു പ്രമുഖ ടെലികോം ദാതാവ് ഈ കമ്പനിയുടെ ഡിസൈൻ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസിൽ ഫോൺ വാങ്ങുമ്പോൾ ടെലികോം സേവന ദാതാവുമായി 12 മാസത്തെ കരാറും ലഭിക്കാറുണ്ട്. അത്തരത്തിലുള്ള 5G പ്ലസ് മൊബൈൽ ഫോൺ നിർമ്മിച്ച് അവർ ഇതിനോടകം ഉപഭോക്താക്കൾക്ക് എത്തിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ഇന്ത്യ നേടിയെടുത്ത ഈ ശേഷി ഇപ്പോൾ നമുക്ക് ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഈ തദ്ദേശീയ സ്മാർട്ട്‌ഫോൺ ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഒന്നായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.