ഫേസ്ബുക്കിലും എ.ഐ മോഡ് അവതരിപ്പിച്ച് മെറ്റ; പുതിയ ഫീച്ചറുകൾ ഇവ..

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ പ്രഖ്യാപിച്ച് മെറ്റ. ഫേസ്ബുക്കിലെ തിരച്ചിൽ രീതികളെയും ഉള്ളടക്ക നിർമാണത്തെയും പൂർണമായും മാറ്റിമറിക്കുന്ന 'എ.ഐ മോഡ്' ഉൾപ്പെടെയുള്ള സവിശേഷതകളാണ് മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് അവതരിപ്പിച്ചത്. സാധാരണ സെർച്ച് എൻജിനുകളിൽ നിന്നും വ്യത്യസ്തമായി, ഫേസ്ബുക്കിലെ പൊതു പോസ്റ്റുകളും ഗ്രൂപ്പുകളും റീലുകളും വിശകലനം ചെയ്ത് കൃത്യമായ വിവരങ്ങൾ ഉപയോക്താവിന് ചുരുക്കി നൽകാൻ പുതിയ സംവിധാനത്തിന് സാധിക്കും.

ഇനിമുതൽ ഫേസ്ബുക്കിൽ വിവരങ്ങൾക്കായി മണിക്കൂറുകളോളം സ്ക്രോൾ ചെയ്ത് സമയം കളയേണ്ടതില്ല. പ്ലാറ്റ്‌ഫോമിലെ പൊതുവായ ചർച്ചകളെല്ലാം വായിച്ചു മനസ്സിലാക്കിയ ഒരു സുഹൃത്തിനോട് ചോദിക്കുന്നതുപോലെ ലളിതമായ ഭാഷയിൽ എ.ഐയോട് കാര്യങ്ങൾ ചോദിച്ചറിയാം. ഉദാഹരണത്തിന്, ഒരു പ്രത്യേക വിഷയത്തിൽ ആളുകളുടെ പൊതുവായ അഭിപ്രായം എന്താണെന്ന് ചോദിച്ചാൽ, ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ എ.ഐ അത് ക്രോഡീകരിച്ച് നൽകും.

എന്നാൽ, ഈ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാത്തതിനാൽ തെറ്റായതോ കാലഹരണപ്പെട്ടതോ ആയ വിവരങ്ങൾ വരാൻ സാധ്യതയുണ്ടെന്ന ആശങ്കയും സാങ്കേതിക വിദഗ്ദ്ധർ പങ്കുവെക്കുന്നുണ്ട്.ഫേസ്ബുക്കിൽ എത്തുന്ന പ്രധാന വിനോദ ഫീച്ചറുകൾ, വെർച്വൽ ഡ്രസ്സ് ചേഞ്ച് അഥവാ, ഫോട്ടോകളിലെ വസ്ത്രധാരണ രീതി, ഹെയർസ്റ്റൈൽ, ആഭരണങ്ങൾ എന്നിവ എ.ഐ സഹായത്തോടെ മാറ്റാം. കായിക പ്രേമികൾക്ക് പ്രിയപ്പെട്ട ടീമിന്റെ ജേഴ്സി ഡിജിറ്റലായി ധരിക്കാനുള്ള 'വെയർ ഇറ്റ്' ഫീച്ചറും ഇതിലുണ്ട്.

മാത്രമല്ല, ഗാലറിയിലെ ചിത്രങ്ങളും വിഡിയോകളും തനിയെ മികച്ച കൊളാഷുകളായും ട്രാൻസിഷൻ ഇഫക്റ്റുകളുള്ള വിഡിയോകളായും മാറ്റാനുമുള്ള സ്മാർട്ട് കൊളാഷ് & മോണ്ടേജ് ഫീച്ചർ കാമറ റോൾ ഷെയറിങ്ങിന് സഹായിക്കും. പ്രൊഫൈൽ ചിത്രങ്ങൾ എ.ഐ ഉപയോഗിച്ച് കൂടുതൽ ആകർഷകമാക്കാനും അനിമേഷൻ രൂപത്തിലാക്കാനുമുള്ള എ.ഐ പ്രൊഫൈൽ പിക്ചർ റീസ്റ്റൈൽ ഫീച്ചറും ഇതിലുണ്ട്.

മാർക്കറ്റ് പ്ലേസിൽ വരുന്ന ഉപയോക്താക്കളുടെ സന്ദേശങ്ങൾക്ക് വിൽപനക്കാർക്ക് വേണ്ടി തനിയെ മറുപടി നൽകുന്ന ഓട്ടോമേറ്റഡ് എ.ഐ അസിസ്റ്റന്റ്, ക്രിയേറ്റർമാർക്കുള്ള പ്രത്യേക എ.ഐ ടൂളുകൾ എന്നിവയും ഫേസ്ബുക്കിൽ സജീവമായിക്കഴിഞ്ഞു. ഇതിനൊപ്പം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ് എന്നിവക്കായി മെറ്റാ ആഗോളതലത്തിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ എ.ഐ ഫീച്ചറുകൾ അടങ്ങിയ സബ്സ്ക്രിപ്ഷൻ പാക്കേജുകൾ പുറത്തിറക്കാനാണ് മെറ്റയുടെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Meta introduces AI mode on Facebook; these are the new features..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.