ന്യൂയോർക്ക്: വരുമാനം വർധിപ്പിക്കാനായി വിഡിയോ ഷെയറിങ് പ്ലാറ്റ് ഫോമായ ടിക്ക് ടോക്ക് അപകടകരമായ വിഡിയോകൾ പങ്കുവെക്കുന്നു ആരോപിച്ച് അമേരിക്കയിൽ പരാതി. 'ബ്ലാക്ക് ഔട്ട് ചലഞ്ച്' അനുകരിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ കുടുംബങ്ങൾക്ക് വേണ്ടി 'സോഷ്യൽ മീഡിയ വിക്ടിംസ് ലോ സെന്റർ' എന്ന ഗ്രൂപ്പ് അസ്വഭാവിക മരണത്തിന് കേസ് നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ടിക്ക് ടോക്കിനെതിരെ കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തിയത്.
ബോധം നഷ്ടപ്പെടുന്നതുവരെ ശ്വാസം പിടിച്ചുവെക്കാൻ പ്രേരിപ്പിക്കുന്നതാണ് ബ്ലാക്ക് ഔട്ട് ചലഞ്ച്. ഒമ്പതു വയസ്സുകാരി അരിയാനി ജയിലിൻ, എട്ടു വയസ്സുകാരി ലലാനി വാൾട്ടൺ എന്നിവർ കഴിഞ്ഞ വർഷം ശ്വാസം മുട്ടി മരിച്ചിരുന്നു. കുട്ടികൾ ബ്ലാക്ക് ഔട്ട് ചലഞ്ച് വിഡിയോ അനുകരിക്കാൻ ശ്രമിച്ചാണ് മരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.
കുട്ടികൾ ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുകയും പാട്ടും ഡാൻസുമൊക്കെ അവതരിപ്പിക്കാൻ തുടങ്ങി. പിന്നീട് ടിക്ക് ടോക്ക് ചലഞ്ചുകൾക്ക് അടിമയാവുകയായിരുന്നെന്നും മാതാപിതാക്കുളുടെ പരാതിയിൽ പറയുന്നു. മറ്റ് കുട്ടികൾക്ക് ഈ അവസ്ഥ ഉണ്ടാവരുത്. കുട്ടികളെ രക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പ് വരുത്താനാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും മതാപിതാക്കൾ അഭിപ്രായപ്പെട്ടു.
ജൂൺ 30ന് ഫയൽ ചെയ്ത കേസിൽ, യു.എസിലെ വിവിധ സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും ചലഞ്ചിന് ശ്രമിച്ചശേഷം ശ്വാസംമുട്ടി കുട്ടികൾ മരിച്ചതായി 'സോഷ്യൽ മീഡിയ വിക്ടിംസ് ലോ സെന്റർ' പറയുന്നു. കൂടാതെ ടിക്ക് ടോക്കിന്‍റെ ഉള്ളടക്കം ഇത്തരം വിഡിയോകളിലേക്ക് കുട്ടികളെ നയിക്കുന്നതായും പരാതിയിൽ പറയുന്നു.
അതേസമയം, പ്രതികരണവുമായി ടിക്ക് ടോക്ക് രംഗത്തെത്തി. ഉപയോക്തൃ സുരക്ഷയോടുള്ള പ്രതിബദ്ധതയിൽ ജാഗ്രത പാലിക്കുന്നുവെന്നും അപകടകരമായ ഉള്ളടക്കം കണ്ടെത്തിയാൽ ഉടനടി നീക്കം ചെയ്യുമെന്നും ടിക്ക് ടോക്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.