വിധി പറയാൻ ജഡ്ജി ഉപദേശം തേടിയത് ‘ചാറ്റ്ജി.പി.ടി’യോട്; വിമർശനവുമായി സഹപ്രവർത്തകർ

ടെക് ലോകത്തെ ഇപ്പോഴത്തെ ‘ഹോട് ടോപിക്’ ചാറ്റ്ജി.പി.ടിയാണ് (ChatGPT). ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അതിന്റെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന രൂപത്തിൽ അനുഭവിക്കാൻ അവസരം നൽകുകയാണ് ഈ ടെക്നോളജി. ആര്‍ട്ടിഫിഷ്യല്‍ ഗവേഷണ കമ്പനിയായ ഓപ്പണ്‍എഐ (OpenAI) അവതരിപ്പിച്ച ഒരു ചാറ്റ് ബോട്ടാണ് ചാറ്റ്ജി.പി.ടി. നവംബര്‍ 30-നാണ് കമ്പനി ചാറ്റ്ജി.പി.ടിയുടെ ബീറ്റ വേര്‍ഷന്‍ അവതരിപ്പിച്ചത്. പൈഥണ്‍ കോഡുകള്‍ മുതല്‍ ഉപന്യാസങ്ങള്‍ വരെ എഴുതിത്തരുന്ന ചാറ്റ്ജി.പി.ടി, വൈറലാകാൻ കൂടുതൽ സമയമെടുത്തില്ല.

ഡിസംബര്‍ അഞ്ചിന് ഈ ചാറ്റ് ബോട്ട് ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു മില്യണ്‍ കടന്നിരുന്നു. എന്നാലിപ്പോൾ, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 കോടി ഉപയോക്താക്കളെ സ്വന്തമാക്കുന്ന പ്ലാറ്റ്ഫോമായി ചാറ്റ്ജി.പി.ടി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ഗൂഗിളിനെയും ഫേസ്ബുക്കിനെയുമൊക്കെ അത് മറികടന്നിട്ടുണ്ട്.

അതിനിടെ കൊളംബിയയിലെ ഒരു ജഡ്ജ് ഒരു കേസിന്റെ ഭാഗമായി ചാറ്റ്ജി.പി.ടിയുടെ സഹായം സ്വീകരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ മെഡിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് എ​.ഐ പ്രോഗ്രാം ചാറ്റ്ജിപിടി ഉപയോഗിച്ചതായി ജഡ്ജി സമ്മതിച്ചത്.

മാതാപിതാക്കൾക്ക് പണമടയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ ഓട്ടിസം ബാധിച്ച കുട്ടിയുടെ ഇൻഷുറൻസ് അവന്റെ എല്ലാ ചികിത്സാ ചെലവുകളും വഹിക്കണമോ..? എന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനാണ് കരീബിയൻ നഗരമായ കാർട്ടജീനയിലെ ജഡ്ജിയായ ജുവാൻ മാനുവൽ പാഡിയ ചാറ്റ്ജി.പി.ടിയുടെ സഹായം തേടിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർദേശപ്രകാരം ഓട്ടിസം ബാധിച്ച എല്ലാ ബില്ലുകളും ഇൻഷുറൻസ് കവർ ചെയ്യണമെന്ന നിഗമനത്തൽ അദ്ദേഹം എത്തുകയും ചെയ്തു.

ജഡ്ജിയുടെ തീരുമാനം വിവാദമായിരുന്നില്ലെങ്കിലും, ചാറ്റ്ജി.പി.ടിയുമാള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ വിധിയിൽ ഉൾപ്പെടുത്തിയതോടെ അത്, വലിയ വിവാദമായി മാറി. ചികിത്സയ്ക്കുള്ള ഫീസ് അടയ്ക്കേണ്ടതിൽ നിന്ന് ഓട്ടിസം ബാധിച്ച കുട്ടികളെ ഒഴിവാക്കിയിട്ടുണ്ടോ..? എന്നായിരുന്നു ജഡ്ജ് ചോദിച്ചത്. ‘അതെ, അത് ശരിയാണെന്നാ’ണ് ചാറ്റ്ജി.പി.ടി മറുപടി നൽകിയത്. ‘കൊളംബിയയിലെ നിയമങ്ങൾ അനുസരിച്ച്, ഓട്ടിസം ബാധിച്ചു കുട്ടികൾ അവരുടെ ചികിത്സയ്ക്കുള്ള ഫീസ് അടക്കേണ്ടതില്ലെന്നും’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ട് മറുപടി പറഞ്ഞു.

2022 ലെ കൊളംബിയൻ നിയമം 2213 അനുസരിച്ചാണ് ജഡ്ജി ചാറ്റ്ജി.പി.ടി വിധി പറയാൻ നേരം ഉപയോഗിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ആ നിയമപ്രകാരം ചില സന്ദർഭങ്ങളിൽ വെർച്വൽ ടൂളുകൾ ഒരു കേസിൽ ഉപയോഗിക്കാം. എങ്കിലും പാഡിയയുടെ സഹപ്രവർത്തകർ തീരുമാനത്തെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. 

Tags:    
News Summary - Judge Uses ChatGPT In Ruling, Sparks Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.