സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; ജെഫ്​ ബെസോസി​െൻറ ബഹിരാകാശ യാത്ര കമ്പനിക്കെതിരെ ആരോപണം

വാഷിങ്​ടൺ: ശാസ്ത്രജ്ഞൻമാരോ സാ​ങ്കേതിക വിദഗ്​ധരോ ഇല്ലാതെ ബഹിരാകാശ യാത്ര നടത്തിയ ജെഫ്​ ബെസോസി​െൻറ ബ്ലൂ ഒറിജിൻ കമ്പനിക്കെതിരെ ആരോപണം. ബഹിരാകാശ യാത്രകളിൽ നേട്ടമുണ്ടാക്കാനായി കമ്പനി നിലവിലുള്ള സുരക്ഷ മുൻകരുതലുകൾ അവഗണിച്ചുവെന്ന്​ ജീവനക്കാർ പരാതിപ്പെട്ടിരുന്നു.

ബ്ലൂ ഒറിജിൻ റോക്കറ്റുകളുടെ എൻജിനുകളുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ പരിഹരിച്ചിട്ടില്ലെന്നും പരാതിയിൽ ആരോപണമുണ്ട്​. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ യു.എസ്​ ഫെഡറൽ ​വ്യോമയാന വിഭാഗം​ സുരക്ഷ മുൻകരുതലുകൾ പാലിക്കാതെയാണ്​ ബ്ലൂഒറിജിൻ പ്രവർത്തിക്കുന്നതെന്ന്​ കണ്ടെത്തിയത്​.  

ജൂലൈ തുടക്കത്തിലാണ്​ ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചാർഡ് ബ്രാൻസണും അവരുടെ സ്വകാര്യ സബോർബിറ്റൽ ഫ്ലൈറ്റുകളിൽ ബഹിരാകാശത്തേക്ക് പോയി തിരിച്ചെത്തിയത്​​. ഇരുവരുടെയും ദീർഘകാല സ്വപ്​നമായ ബഹിരാകാശ ടൂറിസത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു അത്​. യാത്ര വിജയകരമായതോടെ ഇരുവരെയും വാണിജ്യ ബഹിരാകാശയാത്രികർ എന്ന് പലരും വിളിച്ചിരുന്നു. എന്നാൽ, രണ്ട്​ ശതകോടീശ്വരൻമാരെയും 'ബഹിരാകാശയാത്രികർ' ആയി പരിഗണിക്കാനാവില്ലെന്ന നിലപാടാണ്​ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) സ്വീകരിച്ചത്​.

വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശയാത്ര നടത്തുന്നവരെ ഔദ്യോഗികമായി ബഹിരാകാശസഞ്ചാരികളായി അംഗീകരിക്കുന്നതിനുള്ള 'കൊമേഴ്സ്യൽ ആസ്ട്രോനട്ട് വിങ്സ്' പദ്ധതിയിലെ ചട്ടം ഏജൻസി​ ​തിരുത്തിയിരുന്നു​. പദ്ധതിയുടെ പരിഷ്​കരിച്ച മാർഗനിർദ്ദേശങ്ങൾ, യോഗ്യത, മാനദണ്ഡങ്ങൾ എന്നിവ കഴിഞ്ഞ ദിവസം ഏജൻസി പ്രസിദ്ധീകരിച്ചു. 2004ൽ എഫ്.എ.എ വിങ്സ് പദ്ധതി ആരംഭിച്ചതിന്​ ശേഷം ആദ്യമായാണ് നിർവചനത്തിൽ മാറ്റം വരുത്തിയത്​.

ആവശ്യമായ പരിശീലനം നേടിയ ബഹിരാകാശ പര്യവേക്ഷകരെ മാത്രമേ പരിഷ്​കരിച്ച യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച്​ ബഹിരാകാശയാത്രികനായി അംഗീകരിക്കുകയുള്ളൂ. കൂടാതെ, അനുവദനീയമായ വിക്ഷേപണ വാഹനത്തിലോ തിരിച്ചിറക്കാവുന്ന വാഹനത്തിലോ ഒരു ഫ്ലൈറ്റ് ക്രൂ എന്ന നിലയിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 കിലോമീറ്റർ അപ്പുറത്തേക്ക് പറക്കുകയും വേണം. അതോടൊപ്പം ബഹിരാകാശയാത്രാ സുരക്ഷയിൽ സംഭാവന ചെയ്യുകയും ദൗത്യവാഹനം പ്രവർത്തിപ്പിക്കുന്നതിൽ പങ്കാളിയാവുകയുംകൂടി ചെയ്താലേ ബഹിരാകാശസഞ്ചാരിയെന്ന് പേരെടുക്കാൻ കഴിയൂ. ബ്രാൻസൺ 89 കിലോമീറ്ററും ബെസോസ്​ 106 കിലോമീറ്ററും ഉയരത്തിലും പോയിട്ടു​ണ്ടെങ്കിലും ഇരുവരും ബഹിരാകാശയാത്രാ സുരക്ഷയിൽ സംഭാവന ചെയ്യുകയോ ദൗത്യവാഹനം പ്രവർത്തിപ്പിക്കുന്നതിൽ പങ്കാളിയാവുകയോ ചെയ്​തിട്ടില്ല.

ബെസോസും സംഘവും പോയ ന്യൂ ഷെപ്പേർഡ് പൂർണമായും സ്വയം നി​യന്ത്രിത ബഹിരാകാശ പേടകമായിരുന്നു. കൂടാതെ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള കന്നി ബഹിരാകാശ യാത്രയിൽ ബ്ലൂ ഒറിജിൻ സ്റ്റാഫും പേടകത്തിലുണ്ടായിരുന്നില്ല. ഫ്ലൈറ്റ് പൂർണമായും ഭൂമിയിൽ നിന്ന് കമ്പ്യൂട്ടർ നിയന്ത്രിതമായതിനാൽ, ജെഫ് ബെസോസും ഒപ്പമുണ്ടായിരുന്ന സഞ്ചാരികളും ബഹിരാകാശയാത്രാസുരക്ഷയിൽ സംഭാവന നൽകിയിട്ടുമില്ല. അതുകൊണ്ട്​ തന്നെ പുതിയ എഫ്​.എ.എ ചട്ടപ്രകാരമുള്ള 'കൊമേഴ്സ്യൽ ആസ്ട്രോനട്ട് വിങ്സി'ന്​ അവർ യോഗ്യത നേടിയില്ല. ആദ്യം ബഹിരാകാശത്തേക്ക്​ പോയ ബ്രാൻസ​െൻറ കാര്യത്തിലും സമാനമായ നിലപാടിലാണ്​ എഫ്​.എ.എ.

Tags:    
News Summary - Jeff Bezos' Blue Origin: Allegations of safety issues at company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.