ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകിയില്ല; ദുബൈയിൽ ഇന്ത്യക്കാരന്​ തടവും പിഴയും​

ദുബൈ: ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ച ഇന്ത്യക്കാരന്​ ഒരു മാസം തടവ്​ ശിക്ഷയും പിഴയും. 5.70 ലക്ഷം ദിർഹം (1.25 കോടി രൂപ) അക്കൗണ്ടിലെത്തിയിട്ടും തിരികെ നൽകാത്തതിനെ തുടർന്ന്​ ദുബൈ ക്രിമിനൽ കോടതിയാണ്​ ശിക്ഷ വിധിച്ചത്​. ഇത്രയും തുക പിഴയായി അടക്കുകയും ചെയ്യണം. ശിക്ഷ കാലാവധിക്ക്​ ശേഷം നാടുകടത്തും. ശിക്ഷിക്കപ്പെട്ടയാളുടെ പേര്​ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഒക്​ടോബറിലാണ്​ ഇയാളുടെ അക്കൗണ്ടിലേക്ക് മെഡിക്കൽ ഉപകരണ വിതരണ സ്ഥാപനത്തിന്‍റെ​ പണം എത്തിയത്​. എവിടെ നിന്നാണ്​ പണം എത്തിയത്​ എന്ന്​ തനിക്കറിയില്ലായിരുന്നു എന്ന്​ ഇയാൾ കോടതിയിൽ പറഞ്ഞു. പണം കിട്ടിയ ഉടൻ 52,000 ദിർഹം വാടകയായും മറ്റ്​ ബിൽ തുകകളായും നൽകി. തുക തിരികെ നൽകണമെന്ന്​ അഭ്യർഥിച്ച്​ കമ്പനി അധികൃതർ ബന്ധപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിച്ചു. പലതവണ ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയില്ല. ഈ കമ്പനിയുടെ പണം തന്നെയാണ്​ ഇതെന്ന്​ ഉറപ്പില്ലാത്തതിനാലാണ്​ പണം തിരികെ നൽകാതിരുന്നത്​ എന്നാണ്​ ഇയാളുടെ വാദം.

പണം അയച്ച സമയത്ത്​ ജീവനക്കാരനിൽ നിന്നുണ്ടായ പിഴവാണ്​ അക്കൗണ്ട്​ മാറാൻ കാരണമെന്ന്​ കമ്പനി അധികൃതർ പറഞ്ഞു. പണം ലഭിക്കേണ്ടവർ പരാതി പറഞ്ഞതോടെയാണ്​ അക്കൗണ്ട്​ വീണ്ടും പരിശോധിച്ചതും പിഴവ്​ കണ്ടെത്തിയതും. ബാങ്കിനോട്​ പണം തിരികെ നൽകണമെന്ന്​ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു. സ്ഥാപനത്തിന്‍റെ തെറ്റാ​ണെന്നും ബാങ്കിന്‍റെ പിഴവല്ലാത്തതിനാൽ പണം നൽകാൻ കഴിയില്ലെന്നുമാണ്​ ബാങ്ക്​ അധികൃതർ അറിയിച്ചത്​. ഇതോടെ സ്ഥാപനം അധികൃതർ അർ റഫ പൊലീസ്​ സ്​റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസിന്‍റെ നിർദേശ പ്രകാരം ബാങ്ക്​ അധികൃതർ പ്രതിയുടെ അക്കൗണ്ട്​ മരവിപ്പിച്ചെങ്കിലും പണം തിരിച്ചെടുക്കാനായില്ല. കുറ്റം സമ്മതിച്ച ഇയാൾ പണം ഗഡുക്കളായി തിരിച്ചടക്കാൻ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. വിധിക്കെതിരെ ഇയാൾ അപ്പീൽ നൽകിയിട്ടുണ്ട്​. അടുത്ത മാസം പരിഗണിക്കും.

Tags:    
News Summary - Indian Man arrested in dubai for refusing to return money credited to his bank account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.