ജിടിഎ 6: ആവേശത്തിനൊപ്പം അക്രമരംഗങ്ങളും; കുട്ടികളെ അകറ്റിനിർത്തണമെന്ന് മുന്നറിയിപ്പ്

ഗെയിമിങ് പ്രേമികളുടെ 13 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ജിടിഎ6 പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെമ്പാടും റോക്ക്സ്റ്റാർ ഗെയിംസിന്‍റെ ഗ്രാന്‍റ് തെഫ്റ്റ് ഓട്ടോ 6ന് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. ലോകത്തെ ഗെയിമിങ് പ്രേമികൾ ഇതിനെ ആഘോഷിക്കുമ്പോളും വലിയ രീതിയിലുള്ള വിമർശനങ്ങളും ഈ ഗെയിമുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്.

വീഡിയോ ഗെയിമുകളിലെ അതിതീവ്ര അക്രമരംഗങ്ങളെച്ചൊല്ലിയും കുട്ടികൾ ഇത്തരം ഉള്ളടക്കങ്ങളുമായി ഇടപഴകുന്നതിനെച്ചൊല്ലിയും രക്ഷിതാക്കൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമിടയിൽ വലിയ ചർച്ചകൾക്കാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 തുടക്കമിട്ടിരിക്കുന്നത്. ഓൺലൈനിൽ പ്രചരിക്കുന്ന ജിടിഎ 6 ഗെയിംപ്ലേ ക്ലിപ്പുകൾ കുട്ടികൾ ഗെയിം കളിക്കുന്നതിന്റെ ഔചിത്വത്തെക്കുറിച്ച് സംവാദങ്ങൾക്ക് വഴിവെച്ചു.

യൂട്യൂബർ ധ്രുവ് റാഠി ഉൾപ്പെടെയുള്ള നിരവധി പേർ ഗെയിമിലെ അക്രമസ്വഭാവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതോടെ ചർച്ചകൾ കൂടുതൽ ശക്തമായി. വെള്ളിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് റാഠി ഓൺലൈനിൽ പ്രചരിക്കുന്ന ജിടിഎ 6 ഗെയിമിന്‍റെ വിവിധ ക്ലിപ്പുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അക്രമത്തെക്കുറിച്ച് പ്രതികരിച്ചത്. വീഡിയോ ഗെയിമിൽ ഒരു കളിക്കാരൻ സ്ത്രീയെ 24 തവണ വെടിവെക്കുന്ന ദൃശ്യം അദ്ദേഹം പങ്കുവെച്ചു. തെരുവിലൂടെ നടക്കുന്ന സ്ത്രീയുടെ അടുത്തേക്ക് ഓടിച്ചെന്ന് നിലത്തേക്ക് തള്ളിയിട്ട് മുഖത്തടിക്കുകയും, തുടർന്ന് പോക്കറ്റിൽ നിന്ന് തോക്കെടുത്ത് 24 തവണ വെടിവെച്ച ശേഷം ഫോണിൽ സ്വയം ചിത്രീകരിച്ച് അഭിമാനത്തോടെ പോസ് ചെയ്യുന്നതുമാണ് ഈ ദൃശ്യങ്ങളിലുള്ളത്.

ജിടിഎ-6 ഗെയിമിൽ നിന്ന് നിങ്ങളുടെ കുട്ടികളെ കർശനമായി അകറ്റി നിർത്തുക. ഈ നിലവാരത്തിലുള്ള അക്രമവും ക്രൂരതയും ഒരു തമാശയല്ല. ഇത് ക്രൂരമായ അക്രമത്തെയും സ്ത്രീകളെ കേവലം ഉപഭോഗവസ്തുക്കളായി കാണുന്നതിനെയും സാധാരണവൽക്കരിക്കുകയും, നമ്മുടെ സമൂഹത്തിൽ കൂടുതൽ സൈക്കോപാത്തുകളെ സൃഷ്ടിക്കുകയും മാത്രമേ ചെയ്യുകയുള്ളൂ. ഈ ഗെയിം കളിക്കുന്നവരിലും സ്ട്രീമുകൾ കാണുന്നവരിലും ഭൂരിഭാഗവും കുട്ടികളാണെന്നത് നിർഭാഗ്യകരമാണ് എന്നാണ് ധ്രുവ് റാഠി കുറിച്ചത്.

എന്റർടൈൻമെന്റ് സോഫ്റ്റ്‌വെയർ റേറ്റിംഗ് ബോർഡ് ജിടിഎ 6-ന് M റേറ്റിങാണ് നൽകിയിരിക്കുന്നത്. എങ്കിലും ഗെയിമിലെ അതിതീവ്ര അക്രമരംഗങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾ പങ്കുവെക്കുന്നുണ്ട്. നിരവധി പേരാണ് ഇതിനകം ധ്രുവ് റാഠിയുടെ കുറിപ്പിനടിയിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. രക്ഷിതാക്കളുടെ ആശങ്കയും ഗെയിം പ്രേമികളുടെ ന്യായീകരണങ്ങളും വിശദീകരണവും എല്ലാം ഇതിൽ ഉൾപ്പെടും. 1997ൽ സ്കോട്ട്ലാന്‍റിലെ ഡിഎംഎ ഡിസൈൻ വികസിപ്പിച്ചെടുത്ത ജിടിഎ ഗെയിം ഇന്ന് ലോകത്തെ തന്നെ ഏറ്റവും ജനപ്രീതിയുള്ള വിഡിയോ ഗെയിം പരമ്പരകളിലൊന്നാണ്. നിലവിൽ അമേരിക്കൻ കമ്പനിയായ റോക്ക്സ്റ്റാർ ഗെയിംസാണ് ഈ പരമ്പരയുടെ പ്രസാധകർ. ഒരു ഓപ്പൺ വേൾഡ് ഗെയിമാണിത്.

Tags:    
News Summary - GTA 6 game may affect children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.