ന്യൂയോർക്ക്: മെറ്റയുടെ റേ ബാൻ സ്മാർട്ട് ഗ്ലാസുകൾക്ക് വെല്ലുവിളിയുമായി ഗൂഗ്ൾ. ‘ഓഡിയോ ഗ്ലാസുകൾ’ പുറത്തിറക്കിയാണ് ഗൂഗ്ൾ മെറ്റക്ക് ഭീഷണിയുയർത്തുന്നത്. മൈക്രോഫോൺ, കാമറ, സ്പീക്കർ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും തങ്ങളുടെ ഓഡിയോ ഗ്ലാസുകളെന്ന് ഗൂഗ്ൾ അറിയിച്ചു.
ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനും സംഗീതം കേൾക്കാനും ഫോട്ടോ എടുക്കാനും ജെമിനി എ.ഐ അസിസ്റ്റന്റുമായി ചാറ്റ് ചെയ്യാനും ഓഡിയോ ഗ്ലാസ് വഴി സാധിക്കും. കഴിഞ്ഞ പത്തുവർഷത്തിലധികമായുള്ള ടെക് ഭീമന്റെ ശ്രമമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. മുമ്പും ഗൂഗ്ൾ പലതവണ ഈ മേഖലയിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഓഡിയോ ഗ്ലാസുകളിലുടെ മെറ്റയുടെ കുത്തക തകർക്കാനാവുമെന്നാണ് ഗൂഗ്ളിന്റെ കണക്കുകൂട്ടൽ.
ഈ സ്മാർട്ട് ഗ്ലാസുകൾ ഈ വർഷം അവസാനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്. അതേസമയം ഓഡിയോ ഗ്ലാസ് പുറത്തിറക്കുന്ന തീയതിയോ വിലയോ ഗൂഗ്ൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനത്ത് നടന്ന ഗൂഗ്ൾ ഡെവലപ്പർ കോൺഫറൻസിൽ ഗൂഗ്ൾ ഓഡിയോ ഗ്ലാസ് അനാച്ഛാദനം ചെയ്തിരുന്നു. സാംസങ് ആണ് ഈ ഗ്ലാസിന്റെ സാങ്കേതിക രംഗത്തെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഗൂഗ്ൾ ഓഡിയോ ഗ്ലാസുകൾ ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളുമായി പൊരുത്തപ്പെടുന്നവയാകുമെന്ന് ഗൂഗ്ൾ അറിയിച്ചു.
ഗൂഗ്ളിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ ‘ഗൂഗിൾ ഗ്ലാസ്’ 2013ൽ ഇന്റഗ്രേറ്റഡ് കാമറയോടെ പുറത്തിറങ്ങിയിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ ആ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഏറെക്കാലമായി ഗൂഗ്ളിന് ഈ രംഗത്തേക്ക് കടന്നുവരാൻ സാധിച്ചിരുന്നില്ല. എല്ലാ ആശങ്കകളും മറികടക്കുന്ന വലിയ വിജയമായിത്തന്നെ ഓഡിയോ ഗ്ലാസ് മാറുമെന്നാണ് ഗൂഗ്ളിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.