‘ഗ്രാമർ’ തെറ്റിച്ചാൽ, ഇനി ഗൂഗിൾ തിരുത്തും; പുതിയ ഫീച്ചർ എത്തി...

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്ന സെർച് എൻജിനാണ് ‘ഗൂഗിൾ’. അക്കാരണം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തിരയുന്നതിന് ‘ഗൂഗിൾ ചെയ്യുക’ എന്ന പ്രയോഗം പോലും പിറവിയെടുത്തിട്ടുണ്ട്. ഗൂഗിളിന് ആഗോളതലത്തിൽ ​ഇത്രമേൽ സ്വീകാര്യത ലഭിക്കാനുള്ള പ്രധാനപ്പെട്ടൊരു കാരണം അവർ തുടർച്ചയായി സെർച് എൻജിനിൽ കൊണ്ടുവരുന്ന സവിശേഷതകളാണ്.

എങ്കിലും ചാറ്റ്ജിപിടിയുടെയും അതുപോലുള്ള മറ്റ് എ.ഐ ടൂളുകളുടെയും വരവ് ഗൂഗിളിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയെ നിർമിത ബുദ്ധികൊണ്ട് തന്നെ നേരിടാനായി ഗൂഗിൾ അവരുടെ എ.ഐ ചാറ്റ്ബോട്ടായ ‘ബാർഡ്’ അവതരിപ്പിക്കുകയും ഗൂഗിൾ സെർച്ചിന്റെ വെബ് ​പതിപ്പിൽ ബാർഡി’നെ സംയോജിപ്പിക്കുകയും ചെയ്തു.

ഏറ്റവും ഒടുവിലായി ഗൂഗിൾ സെർച് എൻജിനിൽ കൊണ്ടുവന്നിരിക്കുന്ന ഫീച്ചർ ഏറെ ​ഉപകാരപ്രദമായിട്ടുള്ളതാണ്. മികച്ച വ്യാകരണ കൃത്യത കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു പുതിയ വ്യാകരണ പരിശോധന സംവിധാനം (grammar-checking tool) ഗൂഗിൾ അവരുടെ സെർച് എൻജിനിൽ അവതരിപ്പിച്ചു.

ഗൂഗിൾ സെർച്ച് ഹെൽപ്പ് സപ്പോർട്ട് പേജ് പറയുന്നത് അനുസരിച്ച്, വ്യാകരണ പിശകുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് ഇനിമുതൽ ഗൂഗിൾ സെർച്ചിന്റെ സഹായം സ്വീകരിക്കാം. നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ഈ സേവനം ലഭ്യമാവുക. വൈകാതെ തന്നെ മറ്റ് ഭാഷകൾക്കുള്ള പിന്തുണയും എത്തിയേക്കും.

വ്യാകരണ പരിശോധന അല്ലെങ്കിൽ Grammar Check എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ ഭാഷ വിശകലനം ചെയ്യാൻ ഗൂഗിളിന്റെ എ.ഐ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ‘വ്യാകരണ പരിശോധനാ പ്രോംപ്റ്റ് ഉപയോഗിച്ച് നിങ്ങൾ വ്യാകരണപരമായി തെറ്റായ ഒരു പ്രസ്താവനയോ മറ്റോ സെർച് ബോക്സിൽ നൽകിയാൽ, അതിന്റെ തിരുത്തിയ പതിപ്പ് ഗൂഗിൾ സെർച് റിസൽട്ടിൽ പങ്കുവെക്കും. ഇനി അതിൽ തെറ്റുകളൊന്നുമില്ലെങ്കിൽ അടുത്തായി ഒരു പച്ച ചെക്ക്മാർക്ക് ദൃശ്യമാകും.

ഗ്രാമർ ചെക്ക് - എങ്ങനെ നടത്താം

നിങ്ങൾ എഴുതിയ വാക്യങ്ങളോ, പാരഗ്രാഫുകളോ കോപ്പി​ ചെയ്ത് ഗൂഗിൾ സെർച്ചിൽ കൊണ്ടുപോയി പേസ്റ്റ് ചെയ്യുക. അല്ലെങ്കിൽ ഗൂഗിൾ സെർച്ചിൽ തന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന സെന്റൻസ് എഴുതുക. ശേഷം അതിനടുത്തായി “. grammar check’’ എന്ന പ്രോംപ്റ്റ് ചേർക്കുക. തുടർന്ന് സെർച് ഐകണിൽ ക്ലിക്ക് ചെയ്താൽ അതിന്റെ ശരിയായ പ്രയോഗം തിരയൽ ഫലത്തിൽ ആദ്യം തന്നെ ദൃശ്യമാകും. നിങ്ങൾ തിരഞ്ഞ കാര്യത്തിൽ എവിടെയാണ് വ്യാകരണ പിഴവുള്ളത്, ആ ഭാഗം അടിവരയിട്ട് കാണിച്ചുതരികയും ചെയ്യും. ചുവടെ കൊടുത്തിരിക്കുന്ന സ്ക്രീൻഷോട്ട് പരിശോധിക്കുക. 


അതേസമയം, നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫീച്ചറായതിനാൽ, ചിലപ്പോൾ തെറ്റായ തിരയൽ ഫലവും നൽകിയേക്കാം. പ്രത്യേകിച്ച് വലിയ സെന്റൻസുകൾ നൽകുമ്പോൾ.


Tags:    
News Summary - Google Introduces Grammar Checking in Search Results: Learn How It Works!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.