വാഷിങ്ടൺ: ട്വിറ്റർ മുൻ സി.ഇ.ഒ ജാക്ക് ഡോർസിയുടെ കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക്. കർഷക സമരം മറച്ചുവെക്കാൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസസർക്കാർ ആവശ്യപ്പെട്ടുവെന്ന ഡോർസിയുടെ വെളിപ്പെടുത്തലിലാണ് മസ്കിന്റെ പ്രതികരണം. ഓരോ രാജ്യത്തിന്റേയും നിയമങ്ങൾ അനുസരിക്കുകയല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റ് പോംവഴികളില്ലെന്ന് മസ്ക് പറഞ്ഞു.
അതിനപ്പുറം എന്തെങ്കിലും ചെയ്യുകയെന്നത് ഞങ്ങളെ സംബന്ധിച്ച് അസാധ്യമാണ്. വിവിധ രീതിയിലുള്ള സർക്കാറുകൾക്കിടയിൽ വ്യത്യസ്തമായ നിയമങ്ങളാണ് ഉണ്ടാവുക. ഈ നിയമങ്ങൾക്കുള്ളിൽ നിന്ന് അഭിപ്രായ സ്വാതന്ത്ര്യം പരമാവധി സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും മസ്ക് പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ മോദിയുടെ ആരാധകനാണെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിൽ മസ്ക് പറഞ്ഞു.
ഇന്ത്യക്ക് എന്താണോ വേണ്ടത് അതാണ് മോദി നടപ്പിലാക്കുന്നത്. കൂടുതൽ തുറന്ന നയത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. പുതിയ കമ്പനികളെ അദ്ദേഹം പിന്തുണക്കുന്നു. അതിനൊപ്പം ഇന്ത്യയുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നുവെന്ന് മസ്ക് പറഞ്ഞു. മസ്കുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച മോദിയുടെ ട്വീറ്റിനും ടെസ്‍ല സി.ഇ.ഒ മറുപടി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.