സാൻഫ്രാൻസിസ്കോ: മനുഷ്യസഹായമില്ലാതെ തന്നെ തനിയെ വളരാനും പുതിയ എഐ സംവിധാനങ്ങൾ സൃഷ്ടിക്കാനും ശേഷിയുള്ള 'റെക്കർസീവ് സെൽഫ് ഇംപ്രൂവ്മെന്റ്' എന്ന ഘട്ടത്തിലേക്ക് നിർമ്മിത ബുദ്ധി അതിവേഗം മുന്നേറുന്നതായി പ്രമുഖ എ.ഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്. ക്ലോഡ് എഐയുടെ അവിശ്വസനീയമായ വളർച്ച കണക്കിലെടുത്ത്, ഏറ്റവും വികസിതമായ എഐ മാതൃകകളുടെ നിർമാണം താൽകാലികമായി നിർത്തിവെക്കാൻ ആഗോളതലത്തിൽ കമ്പനികളും സർക്കാരുകളും ഒരുമിച്ച് തീരുമാനിക്കണമെന്ന് ആന്ത്രോപിക് ആവശ്യപ്പെട്ടു.
വെറും രണ്ട് വർഷം കൊണ്ട് ചിന്തിക്കാൻ പോലുമാകാത്ത വേഗതയിലാണ് ക്ലോഡ് എഐ മാതൃകകൾ വികസിച്ചതെന്ന് ആന്ത്രോപിക്കിന്റെ പുതിയ ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024 മാർച്ചിൽ ഒരു മനുഷ്യൻ 4 മിനിറ്റ് കൊണ്ട് ചെയ്യുന്ന സോഫ്റ്റ്‌വെയർ ജോലികൾ മാത്രമാണ് 'ക്ലോഡ് ഓപ്പസ് 3' ചെയ്തിരുന്നതെങ്കിൽ, 2026 ആയപ്പോഴേക്കും 'ക്ലോഡ് ഓപ്പസ് 4.6' ഒരു മനുഷ്യന്റെ 12 മണിക്കൂർ അധ്വാനത്തിന് തുല്യമായ സങ്കീർണമായ ജോലികൾ ഒറ്റക്ക് കൈകാര്യം ചെയ്യാൻ പ്രാപ്തമായിക്കഴിഞ്ഞു. നിലവിൽ ആന്ത്രോപിക്കിലെ കോഡിങ്ങിന്റെ ഭൂരിഭാഗവും നിർവഹിക്കുന്നത് ക്ലോഡ് തന്നെയാണ്. ഇത് വഴി കമ്പനിയിലെ ഒരു എഞ്ചിനീയറുടെ ഉൽപാദനക്ഷമത 2024നെ അപേക്ഷിച്ച് എട്ട് മടങ്ങായി വർധിച്ചു.
കോഡിങ്ങിന് പുറമെ ഗവേഷണ രംഗത്തും എഐ വൻ മുന്നേറ്റമാണ് നടത്തുന്നത്. പ്രമുഖ എഐ വെല്ലുവിളികൾ പരിഹരിക്കുന്നതിൽ 76 ശതമാനം വിജയമാണ് ക്ലോഡ് അടിസ്ഥാനമാക്കിയുള്ള ഏജന്റുകൾ മേയ് 2026ൽ കൈവരിച്ചത്.
എഐയുടെ ഈ അനിയന്ത്രിതമായ വളർച്ച വലിയ പ്രതിസന്ധികൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. മനുഷ്യന്റെ മേൽനോട്ടവും സുരക്ഷാ മാനദണ്ഡങ്ങളും മറികടന്ന് എഐ സ്വന്തം പിൻഗാമികളെ നിർമിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് സമൂഹത്തിന് ഭീഷണിയാകും. അതിനാൽ, എഐ വികസനത്തിന്റെ വേഗത നിയന്ത്രിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിയമനിർമാണവും ഏകോപനവും അടിയന്തരമായി വേണമെന്ന് ആന്ത്രോപിക് മുന്നറിയിപ്പ് നൽകുന്നു. ഏതെങ്കിലും ഒരു കമ്പനി മാത്രം വികസനം നിർത്തിവെച്ചാൽ അത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് എതിരാളികൾക്ക് വഴിതുറക്കുമെന്നും, അതിനാൽ ആഗോളതലത്തിലുള്ള കൂട്ടായ നിയന്ത്രണമാണ് ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.