പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്(ബി.എസ്.എൻ.എൽ) സെപ്റ്റംബർ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ബി.എസ്.എൻ.എൽ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ എ റോബർട്ട് ജെ രവിയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തുടനീളം 4ജി പൂർണമായി ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 15ന് 4G സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് നടന്നിരുന്നു. 4ജി സേവനം അവതരിപ്പിക്കുന്നത് വഴി ഇന്റർനെറ്റ് കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും. 2024ൽ 25,000 കോടി പ്രാരംഭ നിക്ഷേപത്തോടെ മെട്രോ നഗരങ്ങളിലെ ഉപയോക്താക്കൾക്ക് 4ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഈ സേവനങ്ങൾക്കായി ഇതുവരെ ഒരു ലക്ഷം മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്.
നെറ്റ്‌വർക്ക് ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ നൽകുന്നതിനുമായി ബി.എസ്.എൻ.എൽ 47,000 കോടി വരെ നിക്ഷേപിക്കാൻ പദ്ധതിയിടുന്നുണ്ട്. ജൂലൈയിൽ 4ജി ഓഫറുകളും സേവനങ്ങളും ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വരും പാദങ്ങളിൽ ബി.എസ്.എൻ.എൽ സാമ്പത്തിക നേട്ടം കൈവരിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.
പ്രാദേശികമായ 4ജി സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യമാണ് രാജ്യത്ത് ബി.എസ്.എൻ. എല്ലിനായി 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. 18 വർഷത്തിന് ശേഷം തുടർച്ചയായ രണ്ടാംപാദങ്ങളിൽ ലാഭമുണ്ടാക്കി ബി.എസ്.എൻ.എൽ. 2024 സാമ്പത്തിക വർഷത്തിൽ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 262 കോടിയും ഒക്ടോബർ-ഡിസംബർ പാദത്തിൽ 280 കോടിയുടെയും ലാഭമാണ് ബി.എസ്.എൻ.എല്ലിനുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.