ബംഗളൂരു: ഉള്ളടക്കം പിൻവലിക്കാത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാറിന്റെ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്ത് ട്വിറ്റർ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈകോടതി കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ചു. ആക്ഷേപകരമായ പരാമർശമുള്ള ഉള്ളടക്കം പിൻവലിക്കാത്ത 1,474 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും 175 ട്വീറ്റുകൾ നീക്കുകയും ചെയ്യണമെന്നാണ് കേന്ദ്ര ഐ.ടി. മന്ത്രാലയം ട്വിറ്ററിനോട് ഉത്തരവിട്ടിരിക്കുന്നത്. ഐ.ടി ചട്ടം അനുസരിച്ച് കഴിഞ്ഞ ജൂൺ നാലിനകം ഇത് ചെയ്യണമെന്നാണ് ഉത്തരവ്. ജൂലൈ അഞ്ചിനാണ് ഇതിനെതിരെ ട്വിറ്റർ ഹൈകോടതിയിൽ ഹരജി നൽകിയത്. മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗി ആണ് ട്വിറ്ററിനുവേണ്ടി ഹാജരാകുന്നത്.
കേന്ദ്ര ഉത്തരവ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഈ രേഖകൾ കേന്ദ്രസർക്കാറിന്റെ അഭിഭാഷകന് നൽകാനും നിർദേശമുണ്ട്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള കാരണം ഐ.ടി മന്ത്രാലയത്തിന്റെ ഉത്തരവിൽ ഇല്ലെന്ന് ട്വിറ്റർ ബോധിപ്പിച്ചു. ആക്ഷേപകരമായ കാര്യങ്ങളുണ്ടെന്ന് അക്കൗണ്ട് ഉടമകളെയും അറിയിച്ചിട്ടില്ല.
ബ്ലോക്ക് ചെയ്താൽ അതിന്റെ കാരണം തങ്ങൾക്ക് ഉടമകളോട് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നത് തുടർന്നാൽ തങ്ങളുടെ ബിസിനസ് അവസാനിപ്പിക്കേണ്ടിവരുമെന്നും ട്വിറ്റർ ചൂണ്ടിക്കാട്ടി. കേസ് ആഗസ്റ്റ് 25ന് വീണ്ടും പരിഗണിക്കും.
ട്വിറ്ററിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം കേന്ദ്രം ട്വിറ്ററിന് നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.