ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐ ഇപ്പോൾ ലക്ഷക്കണക്കിനു പേരുടെ ജോലികൾ കൈയടക്കിക്കഴിഞ്ഞിരിക്കുന്നു. ഈ പിടിച്ചടക്കൽ തുടരുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്കും അതു കടന്നുകയറുകയാണ്. മെഡിക്കൽ, നിയമ മേഖലകളിലെ ജോലികളും ഭാവിയിൽ എ.ഐ കൈയിലൊതുക്കുമെന്നാണ് ഗൂഗിളിന്റെ ആദ്യ ജനറേറ്റിവ് എ.ഐ ടീം സ്ഥാപകനും ഇന്റഗ്രൽ എ.ഐ സി.ഇ.ഒയുമായ ജാഡ് താരിഫി പറയുന്നത്.
‘‘കാലഹരണപ്പെട്ട സിലബസും മനഃപാഠവുമാണ് ഇന്നത്തെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ളത്. ഒരുപാട് പണവും സമയവും ചെലവഴിച്ച് വർഷങ്ങളെടുത്താണ് വിദ്യാർഥികൾ ഇത്തരം ബിരുദങ്ങൾ പൂർത്തിയാക്കുന്നത്. എ.ഐ അതിവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കെ, ജീവിതത്തിലെ നിരവധി വർഷങ്ങൾ പാഴാക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്"- താരിഫി മുന്നറിയിപ്പ് നൽകുന്നു.
അതിനുമപ്പുറം, നിർമിത ബുദ്ധിയിൽതന്നെ ഡോക്ടറേറ്റോ ബിരുദങ്ങളോ എടുക്കാനാണ് ആലോചനയെങ്കിൽ അതുസംബന്ധിച്ചും ഒന്നുകൂടി ചിന്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. ‘‘കാരണം നിങ്ങൾ പഠനം പൂർത്തിയാക്കുമ്പോഴേക്കും അതിലും മനുഷ്യരുടെ ആവശ്യം ഇല്ലാതെ വരാം. ‘ജീവശാസ്ത്രത്തിൽ എ.ഐ’ പോലെ, നിലവിൽ പ്രാരംഭ ഘട്ടത്തിലോ ഇതുവരെ പഠനങ്ങൾ ആരംഭിച്ചിട്ടില്ലാത്തതോ ആയ വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്നതായിരിക്കും ഇനിയങ്ങോട്ട് കുറച്ചു കാലത്തേക്കെങ്കിലും ജോലി സാധ്യത നൽകുന്നത്.’’- അദ്ദേഹം പറയുന്നു.
താരിഫിയുടെ അതേ അഭിപ്രായമാണ്, എ.ഐ മോഡലുകൾ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന വമ്പൻ ടെക് കമ്പനികളുടെ മേധാവികളും പറയുന്നത്.
‘‘വൻ തൊഴിൽ നഷ്ടമാണ് നാം നേരിടാൻ പോകുന്നത്. ഇപ്പോൾതന്നെ ഏതെങ്കിലും വിഷയത്തിലെ പിഎച്ച്.ഡി ലെവൽ വിദഗ്ധനോട് സംസാരിക്കുന്നതുപോലെയാണ് മിക്ക എ.ഐ ചാറ്റ്ബോട്ടുകളും പ്രതികരിക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഓഫിസ് ജോലികളുടെ പകുതിയും ചെയ്യുന്നത് എ.ഐ ആയിരിക്കും. തൊഴിലില്ലായ്മ 20 ശതമാനം വരെ ഉയർന്നേക്കാം’’- അന്ത്രോപിക് മേധാവി ഡാരിയോ അമോഡെയ് പറയുന്നു.
ചുരുക്കത്തിൽ, നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമാണ് ഭാവിയിൽ ജോലി സാധ്യത കൂടുതലെന്നതിൽ സംശയമില്ല. മികച്ച എ.ഐ പ്രതിഭകളെ ആകർഷിക്കുന്നതിനായി ടെക് ഭീമന്മാർ വൻ പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.