സാൻഫ്രാൻസിസ്കോ: ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ വിലകുറഞ്ഞ ലാപ്‌ടോപ്പായ 'മക്ബുക്ക് നിയോ' കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും എളുപ്പത്തിൽ അറ്റകുറ്റപ്പണി നടത്താവുന്ന മോഡലെന്ന് റിപ്പോർട്ട്. പ്രമുഖ ഗാഡ്‌ജെറ്റ് റിപ്പയർ വിദഗ്ധരായ 'ഐ ഫിക്സിറ്റ്' ആണ് പുതിയ മോഡലിന് മികച്ച സ്കോർ നൽകിയത്. 2014ന് ശേഷം ആപ്പിൾ പുറത്തിറക്കിയ ലാപ്‌ടോപ്പുകളിൽ ഏറ്റവും എളുപ്പത്തിൽ നന്നാക്കിയെടുക്കാവുന്ന മോഡലാണിതെന്ന് ഇവർ വ്യക്തമാക്കുന്നു.
മുൻകാലങ്ങളിൽ ഗ്ലൂ ഉപയോഗിച്ചായിരുന്നു ആപ്പിൾ ലാപ്‌ടോപ്പുകളുടെ ബാറ്ററിയും കീബോർഡും ഉറപ്പിച്ചിരുന്നത്. എന്നാൽ മാക് ബുക്ക് നിയോയിൽ ഇവ സ്‌ക്രൂ ഉപയോഗിച്ചാണ് ഉറപ്പിച്ചിരിക്കുന്നത്. ഇത് ബാറ്ററി മാറ്റുന്നതും കീബോർഡ് ശരിയാക്കുന്നതും എളുപ്പമാക്കുന്നു. കൂടാതെ കാമറ, ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ ഭാഗങ്ങൾ എളുപ്പത്തിൽ മാറ്റിവെക്കാവുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഗൂഗിളിന്റെ ക്രോംബുക്കുകൾക്ക് പകരമായി വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ടാണ് 499 ഡോളർ വിലയിൽ ആപ്പിൾ ഈ ലാപ്‌ടോപ്പ് വിപണിയിലെത്തിച്ചത്. സ്കൂളുകളിൽ വിദ്യാർഥികൾക്ക് എളുപ്പതിൽതന്നെ ലാപ്‌ടോപ്പുകളുടെ കേടുപാടുകൾ നന്നാക്കാൻ സാധിക്കുന്ന വിധത്തിലുള്ള മാറ്റം വലിയ സ്വീകാര്യത നേടുമെന്നാണ് കരുതുന്നത്.
അറ്റകുറ്റപ്പണി എളുപ്പമാക്കിയെങ്കിലും, മാക് ബുക്ക് നിയോയുടെ റാം (8GB DRAM) സർക്യൂട്ട് ബോർഡുമായി നേരിട്ട് ഘടിപ്പിച്ചിരിക്കുകയാണ്. ഇത് ഭാവിയിൽ റാം വർധിപ്പിക്കുന്നത് അസാധ്യമാക്കുന്നു. ആപ്പിളിന്റെ എല്ലാ മോഡലുകളിലും ഈ രീതി പിന്തുടരുന്നത് വലിയ പോരായ്മയാണെന്ന് 'ഐ ഫിക്സിറ്റ്' ചീഫ് എക്സിക്യൂട്ടിവ് കൈൽ വീൻസ് ചൂണ്ടിക്കാട്ടി. ഭാവിയിൽ സങ്കീർണമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഈ പരിമിതി തടസ്സമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.