അവസരങ്ങൾ തുറന്നിടാൻ ദുബൈ; കേരളത്തിലെ 49 ഐ.ടി കമ്പനികള്‍ ജൈടെക്‌സ് ടെക്‌നോളജി മേളയിലേക്ക്

കഴക്കൂട്ടം: ഒക്​ടോബറിൽ ദുബൈയിൽ നടക്കുന്ന ആഗോള ടെക്‌നോളജി മേളയായ ജൈടെക്‌സില്‍ കേരളത്തില്‍നിന്നുള്ള 30 ഐടി കമ്പനികളും 19 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അവതരപ്പിക്കപ്പെടുന്ന ഈ മേളയില്‍ കേരളത്തിലെ ഐ.ടി കമ്പനികള്‍ക്ക് വിദേശത്ത് പുതിയ വിപണി കണ്ടത്താനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം രാജ്യാന്തര തലത്തില്‍ കേരളത്തിലെ കമ്പനികള്‍ക്ക് ലഭിക്കുന്ന ആദ്യ വേദിയാണിത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇവിടെ എത്തുന്ന ടെക്‌നോളജി സംരംഭകര്‍ക്കും കമ്പനികള്‍ക്കും കേരളത്തിലെ ഐ.ടി സാധ്യതകളെ പരിചയപ്പെടുത്തുകയും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ് ജൈടെക്‌സിലൂടെ കേരള ഐ.ടി ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍ 17 മുതല്‍ 21 വരെയാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ജൈടെക്‌സ് നടക്കുന്നത്. കേരള ഐ.ടി പാര്‍ക്‌സിന്​ കീഴിലെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളുമാണ് ദുബൈയിലേക്ക്​ പറക്കുന്നത്.

കോഴിക്കോട്ടുനിന്ന് മാത്രം 21 കമ്പനികളാണ് ഇത്തവണ ജൈടെക്‌സില്‍ പങ്കെടുക്കുന്നത്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നതിന്​ പുറമെ മേളയുടെ ഭാഗമായ വര്‍ക്ക്‌ഷോപ്പുകളിലും സെമിനാറുകളിലും ഐ.ടി സംരംഭകര്‍ക്ക് പങ്കെടുക്കാം. കേരള ഐ.ടി പാര്‍ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസും ജൈടെക്‌സില്‍ പങ്കെടുക്കാൻ ദുബൈയിലെത്തും.

മേളയോടനുബന്ധിച്ച് ദുബൈയിലെ പ്രവാസി വ്യവസായികളെയും സംരംഭകരെയും പങ്കെടുപ്പിച്ച് പ്രത്യേക ബിസിനസ് റ്റു ബിസിനസ് മീറ്റും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഐ.ടി കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുകയും നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്.

20 വര്‍ഷമായി ഈ മേളയില്‍ കേരള ഐ.ടിയുടെ സാന്നിധ്യമുണ്ട്. കേരളത്തിലെ ഐ.ടി കമ്പനികളുടെ വലിയൊരു വിപണി കൂടിയാണ് മിഡില്‍ ഈസ്റ്റ് മേഖല. ഡിജിറ്റല്‍ സാങ്കേതികവിദ്യാ രംഗത്തെ പുതുമകളും നവീന ആശയങ്ങളും ആദ്യമെത്തുന്ന വിപണിയായ യു.എ.ഇ കേരളത്തിന് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.

Tags:    
News Summary - 49 IT companies in Kerala attend gitex Technology Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.