2023-ൽ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഇവരെ..!

നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ‘ഗൂഗിൾ സെർച്’. ഇന്റർനെറ്റിൽ തിരയുന്നതിനെ ഇപ്പോൾ ‘ഗൂഗിൾ ചെയ്യുക’ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സെർജി ബ്രിൻ, ലാറി പേജ് എന്നിവർ ചേർന്ന് 1998-ലാണ് ഗൂഗിൾ സെർച് എൻജിൻ ലോഞ്ച് ചെയ്തത്. ലോകമെമ്പാടുമുള്ള ഓൺലൈൻ തിരയൽ അഭ്യർത്ഥനകളിൽ 70 ശതമാനത്തിലധികം ഗൂഗിളാണ് കൈകാര്യം ചെയ്യുന്നത്.

2023 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഈ വർഷം ആഗോളതലത്തിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ കാര്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ വ്യക്തിയിൽ നിന്ന് തന്നെ തുടങ്ങാം. അമേരിക്കൻ ഫുട്ബാൾ ലീഗ് (എൻ.എഫ്.എൽ) താരം ഡാമർ ഹാംലിനാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ ജനുവരിയിൽ 25കാരനായ ഹാംലിന് ഒരു മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഗൂഗിളിൽ അദ്ദേഹത്തെ കുറിച്ച് ആളുകൾ തിരഞ്ഞത്.

ഡാമർ ഹാംലിൻ

ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട രണ്ടാമത്തെ വ്യക്തി ഹോളിവുഡ് നടൻ ജെറമി റെന്നറാണ്. മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ താരത്തിന് ഗുരുതര പരിക്കേറ്റിരുന്നു. മുപ്പതിലേറെ എല്ലുകൾ പൊട്ടിയ താരം ഏറെ ദിവസങ്ങൾക്ക് ശേഷമായിരുന്നു സുഖം പ്രാപിച്ചത്.


ജെറമി റെന്നറിന് ശേഷം ഏറ്റവും കൂടുതൽ പേർ ഗൂഗിളിലൂടെ അന്വേഷിച്ചത് പ്രമുഖ അമേരിക്കൻ കിക്ക് ബോക്സർ ആൻഡ്ര്യൂ ടൈറ്റിനെയാണ്. ഫ്രഞ്ച് ഫുട്ബാൾ താരം കിലിയൻ എംബാപ്പെയാണ് നാലാമത്. മറ്റൊരു എൻ.എഫ്.എൽ താരമായ ട്രാവിസ് കെൽസിയാണ് (travis kelce) അഞ്ചാമത്.

വെനസ്ഡേ എന്ന സൂപ്പർഹിറ്റ് സീരീസിലൂടെ പ്രശ്സതയായ ജെന്ന ഒർടേഗയാണ് ആറാമത്. കനേഡിയൻ ഇന്റർനെറ്റ് സെൻസേഷനായ ലിൽ ടായ് ആണ് ഏഴാമത്. 13-കാരിയുടെ യഥാർഥ പേര് ടായ് ടിയാൻ എന്നാണ്. ഹോളിവുഡ് താരമായ ഡാനി മാസ്റ്റേഴ്സൺ ആണ് എട്ടാമത്. 2003-ൽ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന് 30 വർഷം ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചിരുന്നു.

ഇംഗ്ലീഷ് ഫുട്ബാൾ താരം ഡേവിഡ് ബെക്കാം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വ്യക്തികളിൽ ഒമ്പതാം സ്ഥാനത്തും ചിലിയൻ അമേരിക്കൻ നടനായ പെഡ്രോ പാസ്കൽ പത്താം സ്ഥാനത്തുമാണ്. സമീപകാലത്ത് ഇറങ്ങിയ ‘ദ ലാസ്റ്റ് ഓഫ് അസ്’ എന്ന സീരീസിലൂടെയാണ് പാസ്കൽ വലിയ രീതിയിലുള്ള പ്രശസ്തി നേടിയത്.

വാർത്തകളിൽ ചന്ദ്രയാൻ -3

ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വാർത്തകളിൽ ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ - 3 ഒമ്പതാം സ്ഥാനത്തായുണ്ട്. ഇസ്രയേൽ - ഹമാസ് യുദ്ധമാണ് ഒന്നാമത്.

ഷാരൂഖ് ഖാന്റെ വർഷം

ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ ലിസ്റ്റിൽ രണ്ട് ഷാരൂഖ് ഖാൻ ചിത്രങ്ങളുണ്ട്. അറ്റ്ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാൻ ലിസ്റ്റിൽ മൂന്നാമതാണ്. പത്താൻ പത്താമതാണ്. സണ്ണി ഡിയോൾ ചിത്രം ഗദർ-2 ആണ് എട്ടാമത്. അതേസമയം, ബാർബി, ഓപൻഹൈമർ എന്നീ സിനിമകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. സൗണ്ട് ഓഫ് ഫ്രീഡം ജോൺ വിക്ക് ചാപ്റ്റർ ഫോർ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. അവതാർ, എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്, ക്രീഡ് -3 എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ

ശുഭ്മാൻ ഗിൽ കിയാറ അദ്വാനി

ഏറ്റവും കൂടുതൽ തവണ ഗൂഗിളിൽ തിരയപ്പെട്ട അത്ലറ്റുകളിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ ഒമ്പതാം സ്ഥാനത്തായുണ്ട്. അതുപോലെ അഭിനേതാക്കളുടെ ലിസ്റ്റിൽ ബോളിവുഡ് താരം കിയറാ അദ്വാനി ഒമ്പതാമതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ പങ്കുവെച്ച ലിസ്റ്റ്  സന്ദർശിക്കുക

Tags:    
News Summary - 2023 Google Search Trends: Discover the Most Sought-After Individuals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.