ബിഗ് ബ്ലാസ്റ്റർ

പത്തുമുപ്പത്താറ് വർഷം മുമ്പ് നടന്നൊരു സോഫ്റ്റ്വെയർ കച്ചവടത്തെക്കുറിച്ച് പറയാം. കമ്പ്യൂട്ടറും ഇന്റർനെറ്റുമൊന്നും അത്ര പരിചിതമല്ലാത്ത അക്കാലത്താണ്, ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലുള്ള ഒരു 12 കാരൻ, വിഡിയോ ഗെയിമുകളിൽ ആകൃഷ്ടനായി 'ബേസിക്' എന്ന കമ്പ്യൂട്ടർ ഭാഷ സ്വന്തമായി പഠിക്കുന്നത്. പഠനത്തിനൊടുവിൽ അവൻ ഒരു വിഡിയോ ഗെയിമിന്റെ പ്രോഗ്രാമിങ്ങും വെറുതെ ചെയ്തുനോക്കി. കമ്പ്യൂട്ടറിൽ അത് പ്രവർത്തിപ്പിച്ചുനോക്കിയപ്പോൾ സംഭവം സക്സസ്! അന്ന് അമേരിക്കയിൽനിന്നും പുറത്തിറങ്ങിയിരുന്ന 'പിസി ആൻഡ് ഓഫിസ് ടെക്നോളജി' എന്ന മാസികയിലേക്ക് ഉടൻ ആ പ്രോഗ്രാം പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുത്തു. സംഗതി കുട്ടിക്കളിയല്ലെന്ന് മനസ്സിലാക്കിയ പ്രസാധകൾ ആ പ്രോഗ്രാം 500 ഡോളറിന് വിലക്കുവാങ്ങി. മൂന്നര പതിറ്റാണ്ടുകൾക്കിപ്പുറം, ഇന്ന് ലോകമറിയുന്ന കച്ചവടക്കാരനാണ് ഈ പയ്യൻ. പേര്: ഇലോൺ മസ്ക്. ഭൂമിയിലും ആകാശത്തും ശൂന്യാകാശത്തുംവരെ കച്ചവടങ്ങൾ പൊടിപൊടിക്കുന്ന മസ്ക് നവസമൂഹ മാധ്യമങ്ങളുടെ 'പാരലൽ വേൾഡി'ലേക്കും കാലെടുത്തുവെച്ചിരിക്കുന്നു. ട്വിറ്റർ കിളി ഇനിമുതൽ എങ്ങനെ പറക്കണമെന്ന് മസ്ക് തീരുമാനിക്കും.

'ബ്ലാസ്റ്റർ'; 12ാം വയസ്സിൽ നിർമിച്ച വിഡിയോ ഗെയിമിന് മസ്ക് നൽകിയ പേര് അങ്ങനെയായിരുന്നു. കളിക്കുന്നയാൾ ഒരു ശൂന്യാകാശ സഞ്ചാരിയാണ്. ഒട്ടേറെ പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റിവേണം, ഏകാന്തമായ ആ ഗഗനയാത്ര തുടരാൻ. പേടകത്തിനുനേരെ ഹൈഡ്രജൻ ബോംബുമായി വരുന്ന അന്യഗ്രഹ ജീവികളെ നേരിടണം; അതിനിടയിൽ ഛിന്നഗ്രഹങ്ങൾ വന്നുപതിക്കാനും സാധ്യതയുണ്ട്; വാൽനക്ഷത്ര വർഷങ്ങളെയും യാത്രികൻ ഭയക്കണം. സർവശത്രുക്കളെയും തകർക്കുക എന്നതാണ് യാത്രികന്റെ ലക്ഷ്യം. ഇന്നാലോചിക്കുമ്പോൾ, 'ബ്ലാസ്റ്റർ' അത്ര മികച്ച വിഡിയോ ഗെയിമാണെന്ന് പറയാനാവില്ല. എന്നാൽ, ഒരു സ്കൂൾ വിദ്യാർഥിയുടെ ലക്ഷ്യബോധവും കഠിനപ്രയത്നവും പ്രതിഫലിപ്പിക്കുന്ന നല്ലൊരു കഥയാണ് 'ബ്ലാസ്റ്റർ'. അതിനപ്പുറം, മസ്കിന്റെ മനസ്സുകൂടി അതിൽ വായിക്കാം. സർവം കീഴടക്കി മുന്നേറുക എന്ന സ്വപ്നം അന്നേയുണ്ടായിരുന്നു അയാൾക്ക്. അന്ന് തുടങ്ങിയ കച്ചവടമാണ്. എത്രയെത്ര മേഖലകളിലാണ് കൈവെച്ചിട്ടുള്ളത്; അവിടെയെല്ലാം കച്ചവടം ചെയ്തു വിജയിപ്പിച്ചു. എല്ലാം കൈപ്പിടിയിലൊതുക്കി.

കാലിഫോർണിയയിലെ സ്റ്റാൻഡ്ഫോർഡിൽ പിഎച്ച്.ഡി പഠനം പാതിവഴിയിൽ നിർത്തിയാണ് 1995ൽ പൂർണസമയ കച്ചവടത്തിലേക്ക് ഇറങ്ങിയത്. 'സിപ്പ് 2' എന്ന ചെറിയൊരു സോഫ്റ്റ്വെയർ സംരംഭമായിരുന്നു ആദ്യം. സർക്കാറിന്റെ സ്റ്റാർട്ടപ്പ് പരിപാടിയുടെ അരികുപറ്റിയുള്ള ഒരു കുഞ്ഞുപരിപാടി. പത്രമാധ്യമങ്ങൾ അടക്കമുള്ള പ്രസാധന സ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് സിറ്റി ഗൈഡ് തയാറാക്കിക്കൊടുക്കുന്ന സോഫ്റ്റ്വെയർ. 'ന്യൂയോർക് ടൈംസും' ' 'ഷികാഗോ ട്രിബ്യൂണു'മെല്ലാം സിപ് 2 വിന്റെ സോഫ്റ്റ്‍വെയർ വാങ്ങിയതോടെ കച്ചവടം ക്ലച്ചുപിടിച്ചു. 99ൽ, 30 കോടി ഡോളറിന് കമ്പനി 'കൊംപാക്' എന്ന സ്ഥാപനത്തിന് മറിച്ചുവിറ്റു. ആ വർഷംതന്നെ 'എക്സ്കോം' എന്ന പേരിൽ സാമ്പത്തിക സേവന സോഫ്റ്റ്വെയർ കമ്പനി ആരംഭിച്ചു. അതും വിജയിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു കമ്പനിയുമായി ലയിച്ച് വിഖ്യാതമായ 'പേ പാൽ' സ്ഥാപിച്ചു. 2002ൽ, അത് 'ഇ-ബേ' വാങ്ങുമ്പോൾ മസ്കിന്റെയും കൂട്ടരുടെയും പോക്കറ്റിൽ വീണത് 150 കോടി ഡോളർ!

ഭൂമിയിൽ ഇമ്മാതിരി കച്ചവടം തകൃതിയായി നടക്കുമ്പോഴും മസ്കിന്റെ ഒരു കണ്ണ് ആകാശത്തായിരുന്നു. അതിരുകൾ ഭേദിച്ചുള്ള മനുഷ്യന്റെ ആകാശയാത്ര വലിയൊരു മത്സരമായിത്തീർന്ന 21ാം നൂറ്റാണ്ടിന്റെ തുടക്കകാലം കൂടിയായിരുന്നു അത്. ഹോക്കിങ്ങും കാൾസാഗനും ആർതർ ക്ലാർക്കുമെല്ലാം പ്രവചിച്ചപോലെ, ആ യാത്രയുടെ പര്യവസാനത്തിൽ ചന്ദ്രനിലും ചൊവ്വയിലുമെല്ലാം മനുഷ്യ കോളനികൾ യാഥാർഥ്യമായാൽ അവിടെയും വേണമല്ലൊ മസ്കിനുമൊരു സ്പേസ്. അതുകൊണ്ട്, 'സ്പേസ് എക്സ്' എന്ന പേരിൽ ബഹിരാകാശ സംരംഭത്തിന് തുടക്കമിട്ടു. ഈ വാർത്ത കേട്ട് പരിഹസിച്ചവരുണ്ട്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും നിയന്ത്രിക്കുന്ന ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ മസ്കിനെന്ത് കാര്യം? മസ്കിന്റെ റോക്കറ്റും പേടകവുമുപയോഗിച്ച് ആരെങ്കിലും ഭൂമി വിട്ടുപോകുമോ? പക്ഷേ, അതായിരുന്നു യാഥാർഥ്യമെന്ന് കാലം തെളിയിച്ചു. സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണം, ലോകത്തെ മിക്ക സർക്കാറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള ഫണ്ട് കുറച്ചു; ഒറ്റക്കുള്ള ഗവേഷണ പരിപാടികളേക്കാൾ, പരമാവധി രാജ്യങ്ങളുടെ കൂട്ടായ്മയിൽ പര്യവേക്ഷണങ്ങൾ നടത്തുക എന്ന നയം വന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കൊക്കെയുള്ള യാത്ര അപ്രകാരമായി. പേടകമയക്കാൻ പുതിയ റോക്കറ്റുകൾ നിർമിക്കേണ്ടതില്ലെന്ന് നാസയടക്കം തീരുമാനിച്ചു. അവിടെയാണ് മസ്ക് തന്റെ 'ഫാൽക്കൺ' റോക്കറ്റുകൾ അവതരിപ്പിച്ചത്. ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്നതും തരാതരം പോലെ അവർക്കുള്ള സാധനസാമഗ്രികൾ എത്തിക്കുന്നതുമെല്ലാം മസ്കിന്റെ 'ഫാൽക്കണി'ലാണ്. മസ്ക് ഒരു ബന്ദ് പ്രഖ്യാപിച്ചാൽ തീരും ഇപ്പോൾ നാസയുടെ സർവ പര്യവേക്ഷണവും.

ആകാശലോകത്തിന്റെ അധികാരം പതിയെ കൈപ്പിടിയിലൊതുക്കുമ്പോഴും ഭൂമിയിലെ ചലനങ്ങൾ മസ്ക് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഭൂമിലോകം ആ നിമിഷങ്ങളിൽ ഊർജപ്രതിസന്ധിയെക്കുറിച്ചും കാലാവസ്ഥ മാറ്റത്തെക്കുറിച്ചുമൊക്കെയാണ് ചർച്ച ചെയ്തുകൊണ്ടിരുന്നത്. അവിടെയും മസ്കിന് മുഖ്യം ബിസിനസ് തന്നെ. പിന്നെ ഒരു നിമിഷം ബാക്കിവെക്കാതെ ഇടപെട്ടു. അതായിരുന്നു ടെസ്‍ല എന്ന ഇലക്ട്രിക് കാർ നിർമാണ കമ്പനി. 15,000ലധികം ആളുകൾ ജോലിചെയ്യുന്ന സ്ഥാപനമാണ് ടെസ്‍ല. ഇതിനൊപ്പം, 'സോളാർ സിറ്റി'യെന്ന വേറൊരു സംരംഭവുമുണ്ട്. 'നിർമിതബുദ്ധി'യുടെ കൂടി കാലമാണല്ലൊ. ഭൂമിയിലായാലും ആകാശത്തായാലും ആ 'ബുദ്ധി'യില്ലാതെ ഒരിഞ്ച് മുന്നോട്ടുപോകില്ല. അപ്പോൾ അതിൽനിന്നു മാത്രമായി മാറിനിൽക്കുന്നതെങ്ങനെ? അഞ്ചാറ് വർഷമായി 'ഓപൺ എ.ഐ' എന്ന പേരിൽ ആ വകയിലുമുണ്ടൊരു കമ്പനി. ഇതിനിടയിലെപ്പോഴോ ആണ് 'ട്വിറ്റർ കമ്പം' പിടിപെട്ടത്. നോക്കുമ്പോൾ കാര്യമായ വരുമാനത്തിന് സ്കോപില്ല. ആകെ 25 കോടിയിൽ താഴെ മാത്രമാണ് ഉപയോക്താക്കൾ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഒക്കെ വെച്ചുനോക്കുമ്പോൾ നന്നേ കുറവ്. പക്ഷേ, മറ്റൊന്നുണ്ട്; ട്വിറ്ററിൽ വിഹരിക്കുന്നവരെല്ലാം വലിയ വി.ഐ.പികളാണ്. ഒരു കുഞ്ഞു ട്വീറ്റിനുപോലും വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയും. ആ ചലന വേഗത്തിലാണോ മസ്കിന്റെ കണ്ണ് എന്ന് സംശയിക്കണം. അങ്ങനെയെങ്കിൽ ട്വിറ്റർ കിളി ഒരു ഫാൽക്കൺ (പരുന്ത്) ആയി മാറാൻ അധിക സമയം വേണ്ടിവരില്ല. പക്ഷേ, ഈ ബിസിനസിനെ ടിയാൻ കേവലമൊരു ചാരിറ്റിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിനെ കൂടുതൽ ജനാധിപത്യവത്കരിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് പറയുന്നത്. ടി. ജനാധിപത്യബോധത്തിൽനിന്ന് കൂടുതൽ ചാരിറ്റിയുണ്ടാകുമെന്ന് മസ്ക് സൂചിപ്പിച്ചിട്ടുണ്ട്.

'ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സി'നെ വിശ്വസിക്കാമെങ്കിൽ ലോകത്തെ ഏറ്റവും വലിയ പണക്കാരനാണ്. ഫോർബ്സും അത് ശരിവെക്കുന്നുണ്ട്. 16,000 കോടി ഡോളറിന്റെ സ്വത്തുവകകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിൽ പകുതിയിലധികവുമുള്ള വരവ് ടെസ്‍ലയിൽനിന്നാണ്. ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും വിനയമാണ് മുഖമുദ്ര. കൈയിൽ പണം സൂക്ഷിക്കാറില്ലത്രെ. മാത്രമല്ല, ഭാവിയിൽ മനുഷ്യനെ അന്യഗ്രഹത്തിലെത്തിക്കാനും മറ്റുമൊക്കെ ഈ പണം ചെലവഴിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ ശാസ്ത്ര-സാമൂഹിക ബോധമുണ്ടായിട്ടും ചിലയവസരങ്ങളിൽ അബദ്ധങ്ങളും പറഞ്ഞിട്ടുണ്ട്. കോവിഡ് ചെറിയൊരു ജലദോഷ പനിയാണെന്നായിരുന്നു വാദം. അതുകൊണ്ടുതന്നെ ടെസ്‍ലയുടെ ഫാക്ടറികൾ അടക്കാൻ ആദ്യം സമ്മതിച്ചില്ല. പിന്നെ, ന്യൂയോർക്കും കാലിഫോർണിയയുമെല്ലാം മരണമുനമ്പായി മാറിയപ്പോഴാണ് ബോധം വന്നത്. എന്തായാലും 50ാം വയസ്സിൽ, ഓടിയും കിതച്ചും പഴയ 'ബ്ലാസ്റ്റർ' ഗെയിം പോലെ ഓരോന്നായി കീഴടക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Tags:    
News Summary - Big Blaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.