കൊച്ചി: ഇന്ത്യൻ വാഹനനിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് അഭിമാനപൂർവം അവതരിപ്പിച്ച ഇലക്ട്രിക് വാഹനമാണ് ഹാരിയർ.ഇ.വി. 2019ൽ നിർമ്മാണം അവസാനിപ്പിച്ച ടാറ്റ സഫാരി സ്‌ട്രോം മോഡലിന് ഒരു പകരക്കാരനായാണ് ടാറ്റ ഹാരിയറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ടാറ്റയുടെ വാഹനനിരകളിൽ ഏറ്റവും കരുത്തുറ്റതും മികച്ച പ്രകടനം കാഴ്ചവെച്ചതുമായ ഹാരിയറിന് ഒരു ഇലക്ട്രിക് വകഭേദം അവതരിപ്പിച്ചത് ഈ മാസമാണ്. അതും മലയാളിയായ ഓഫ്‌റോഡ് വിദഗ്ധൻ ഡോ. മുഹമ്മദ് ഫഹദ് ഹാരിയർ.ഇ.വി ആനപ്പാറയിൽ കയറ്റുന്ന പരസ്യവുമായി. ടാറ്റയുടെ ഈ പരസ്യം ലോകശ്രദ്ധ നേടുകയും 'റേഞ്ച് റോവറിന്റെ സ്‌പോർട്' കാർ ചൈനയിലെ ടിയാൻമെൻ പർവ്വതത്തിൽ കയറ്റുന്ന പരസ്യവുമായാണ് വാഹനപ്രേമികൾ താരതമ്യം ചെയ്യുന്നത്.
എന്നാൽ ടാറ്റ ഹാരിയർ.ഇ.വി ആനപ്പാറ കയറുന്നതിന് മുമ്പ് ഇടുക്കിയിലെ മറ്റൊരു ഭീമൻ മലയായ ഉറവപ്പാറ കീഴടക്കിയിരുന്നു മാരുതി സുസുക്കിയുടെ ഏറ്റവും ചെറിയ കാറായ ആൾട്ടോ. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ, ഹിൽ ഹോൾഡ് അസിസ്റ്റന്റ്, 360 ഡിഗ്രി കാമറ, ഓൾ വീൽ ഡ്രൈവ് തുടങ്ങിയ ആധുനിക ഫീച്ചറുകൾ ഒന്നും ഇല്ലാതെയാണ് പഴയ മോഡൽ ആൾട്ടോ ഉറവപ്പാറ കിഴടക്കിയത്. ആൾട്ടോയെ കൂടാതെ മഹീന്ദ്രയുടെ എക്സ്.യു.വി, ടൊയോട്ടയുടെ ഇന്നോവയും വിഡിയോയിൽ കാണാം. ഫോട്ടോഗ്രാഫറും ഇൻഫ്ലുൻസറുമായ അഭിജിത് ഷാജിയാണ് തന്റെ ഇൻസ്റ്റാഗ്രാം വഴി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ഡ്യൂവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് ഇലക്ട്രിക് വാഹനമാണ് ടാറ്റ ഹാരിയർ.ഇ.വി. 65kWh, 75kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലായാണ് വാഹനം വിപണിയിലെത്തുന്നത്. ഇത് യഥാക്രമം 235 ബി.എച്ച്.പി കരുത്തും 502 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കും. 21.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.