ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ
കൊച്ചി: കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലായ തിരുവനന്തപുരം കോർപറേഷൻ ഇരുപതാം വാർഡ് കൗൺസിലർ ആർ. സുഗതന് ജയിലിനകത്ത് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈകോടതി അനുമതി. നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെ വിയ്യൂർ സെൻട്രൽ ജയിലിൽ രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യാൻ സൗകര്യങ്ങളൊരുക്കാൻ ജയിൽ സൂപ്രണ്ടിന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകി. കരുതൽ തടങ്കലിൽ കഴിയുന്നതിനാൽ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സുഗതന് പുറത്തിറങ്ങാൻ കഴിയില്ലെങ്കിലും ജനവിധി മാനിക്കപ്പെടണമെന്നും ജനാധിപത്യ പ്രക്രിയ തടസപ്പെടരുതെന്നും വിലയിരുത്തിയാണ് ഉത്തരവ്.
കോടതി നിർദേശിച്ചാൽ ജയിലിൽ സത്യപ്രതിജ്ഞക്കുള്ള സൗകര്യം ഒരുക്കാമെന്ന് പ്രോസിക്യുഷൻ ഡയറക്ടർ ജനറലും കോടതിയെ അറിയിച്ചിരുന്നു. ജനവിധി അട്ടിമറിക്കപ്പെടാതിരിക്കാൻ അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. നേരത്തേ ഗുരുദേവന്റെ പേരിൽ സുഗതൻ അടക്കം കൗൺസിലർമാർ നടത്തിയ സത്യപ്രതിജ്ഞ ഹൈകോടതി അസാധുവാക്കിയിരുന്നു. നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും നിർദേശിച്ചു.
മറ്റുള്ളവർ അന്ന് തന്നെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ, ഇതിനിടെ കരുതൽ തടങ്കലിലായതിനാൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല. സത്യ പ്രതിജ്ഞ ചടങ്ങിൽ തിരുവനന്തപുരം മേയർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ജയിലിനുള്ളിൽ പ്രവേശിക്കാമെന്ന് കോടതി വ്യക്തമാക്കി. അംഗീകൃത (അക്രഡിറ്റഡ്) മാധ്യമപ്രവർത്തകർക്കും ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ അകത്ത് പ്രവേശിക്കാം. ഒരംഗത്തിന് സത്യപ്രതിജ്ഞ ചെയ്യാനാകാതെ വന്നാൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടേക്കുമെന്ന ഹരജിക്കാരന്റെ വാദവും കണക്കിലെടുത്തു. ജനാധിപത്യത്തെ കുരുതി കൊടുക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി.കൗൺസിലർമാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതി ഉത്തരവിനെ ഓൺലൈൻ മാധ്യങ്ങൾ തെറ്റായി അവതരിപ്പിച്ചതായി കോടതി വിമർശിച്ചു. അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ച കോടതി വിവിധ ദൈവങ്ങളുടെയും മറ്റും പേരിലുള്ള സത്യപ്രതിജ്ഞ അനുവദിച്ചില്ലെന്ന തരത്തിലായിരുന്നു ഓൺലൈൻ മാധ്യമങ്ങളിലെ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.