തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് സി.പി.ഐ. ആവശ്യം ഉപേക്ഷിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സി.പി.എമ്മിന് വഴങ്ങിയാൽ അണികൾ അത് അംഗീകരിക്കില്ലെന്ന കടുത്ത വികാരം യോഗത്തിൽ ഉയർന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.
കീഴ്‌വഴക്കങ്ങളുടെ പേരുപറഞ്ഞ് ഈ അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും, എല്ലാ സ്ഥാനങ്ങളും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറ്റണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ സിപിഐക്ക് നൽകേണ്ടതില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. കെ.എൻ. ബാലഗോപാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സി.പി.എം തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സി.പി.ഐയുടെ ഉറച്ച നിലപാട് സിപിഎമ്മിന് കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്.
ഇതിനിടെ, വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ പൊതുതാത്പര്യ ഹർജി നൽകുന്നത് സംബന്ധിച്ച് ആലോചനകൾ തുടങ്ങാൻ സി.പി.ഐ തീരുമാനിച്ചു. വിഴിഞ്ഞം വിഷയത്തിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പൊതുസമരം വേണമെന്ന ആവശ്യവും പാർട്ടി ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.