തുറുപ്പ് എറിഞ്ഞപ്പോൾ തകർന്നു വീണവർ

കഴിഞ്ഞയാഴ്ച ബാഴ്‌സലോണയുടെ തട്ടകമായ ന്യൂ ക്യാമ്പിൽ എൽ ക്ലാസിക്കോയുടെ പുതിയ എഡിഷന് തിരശീല ഉയർന്നപ്പോൾ കടുത്ത ബാഴ്‌സ ആരാധകർ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല റയൽ മാഡ്രിഡ് ബാഴ്‌സക്ക് മുന്നിൽ ഇത്രയും വലിയൊരു തകർച്ചയുടെ പടുകുഴിയിലേക്ക് വീഴുമെന്ന്. ഒരു തോൽവി പ്രതീക്ഷിച്ചിരുന്നെങ്കിലും മോഡ്രിച്ചും റാമോസും ബെയിലും അടങ്ങുന്ന നിര സൂപ്പർ താരം മെസ്സിയില്ലാത്ത ബാഴ്‌സയെ തളക്കാൻ പോന്നവർ തന്നെയായിരുന്നു. പക്ഷെ.. എന്തുപറയാനാ.....സുവരസിന്റെ കയറുപൊട്ടിച്ചുള്ള ഓട്ടത്തിൽ എല്ലാം തകരുകയായിരുന്നു. ആകെ മൊത്തത്തിൽ കളി വിലയിരുത്തുമ്പോൾ റയൽ അത്രക്ക് മോശമായിരുന്നില്ല, ഈ മർജിനിൽ തോൽകേണ്ടവരുമായിരുന്നില്ല..പതിനഞ്ചോളം ഷോട്ടുകളാണ് ബാഴ്‌സയുടെ ഗോൾ മുഖം ലക്ഷ്യമാക്കി പായിച്ചത്.


പക്ഷെ, ടാർഗറ്റിലേക്കുള്ള ഷോട്ടുകൾ വെറും നാല്ലെണ്ണത്തിൽ ചുരുങ്ങിപോയി. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് റയലിനെ പിന്നോട്ട് വലിച്ചിരുന്നത് റൊണാൾഡോയെ പോലെ ആക്രമണങ്ങൾ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ കഴിയുന്ന അല്ലെങ്കിൽ അയാൾക്ക് തുല്യനായ ഒരു തുറുപ്പ് ചീട്ടിന്റെ കുറവായിരുന്നു.കഴിഞ്ഞ എട്ടു ഒമ്പത് വർഷക്കാലം റൊണാൾഡോ എന്ന അച്ചുതണ്ടിനെ കേന്ദ്രീകരിച്ചയിരുന്നു റയലിന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും. പല സന്ദർഭങ്ങളിലും അയാളുടെ വ്യക്തിഗത പ്രകടനങ്ങൾ ടീമിന് ഗുണം ചെയ്തിരുന്നു. ചിലപ്പോഴൊക്കെ അയാളുടെ സാമീപ്യം തന്നെ ടീമിൻെറ പ്രകടനത്തെ സ്വാധീനിച്ചു.

എൽ ക്ലാസിക്കോയിലും, ബാലൺ ഡി ഒാറിലും ലോക ഫുട്‌ബോളർക്കുമുള്ള മത്സരത്തിനും ഒരു മസാല എന്റർടൈനെറിന്റെ പരിവേഷം വന്നത് റോണായും മെസ്സിയും ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഈ രണ്ടു ക്ലബ്ബുകളിൽ കട്ടക്ക് നിന്നപ്പോയാണ്. റയൽ പ്രസിഡന്റ് പെരസിനെ സംബന്ധിച്ച് പ്രായം തളർത്തുന്ന റൊണാൾഡോയെ മാറ്റുന്നത് അനിവാര്യമായിരുന്നു. മാത്രമല്ല അടുത്തൊരു തലനുറയെ വളർത്തികൊണ്ടുവരേണ്ടതിന്റെ അവശ്യകതയുമുണ്ട്. അതൊക്കെ കണ്ടുകൊണ്ടുതന്നെയാണ് പൊന്നും വിലക്ക് യുവന്റസ് വന്നു ചോദിച്ചപ്പോൾ പെരസ് ഈ ട്രാൻസ്ഫെറിന് സമ്മതം മൂളിയതും.

എന്നാൽ, യുവൻറെസിലെ റൊണാൾഡോയുടെ നാൾക്ക് നാളുള്ള മെച്ചപ്പെട്ട പ്രകടനം കാണുമ്പോൾ, ഒരു അംഗത്തിനുള്ള ബാല്യമൊക്കെ ഇപ്പോഴും അയാൾക്ക് ഉണ്ടായിരുന്നെന്ന് റയൽ ആരാധകർക്കും പെരസിനും തോന്നി തുടങ്ങിയിട്ടുണ്ടാവും. തൊട്ടുപിന്നാലെ, പെരസിന്റെ പിടിവശിയാണ് താൻ റയൽ വിടുന്നതിന് കാരണമെന്ന റൊണാൾഡോ നടത്തിയ പ്രസ്താവന കൂടിയായപ്പോൾ എരിതീയിൽ എണ്ണ പകർന്ന പോലെയായി.


2009 സീസണിൽ ഓൾഡ് ട്രാഫോഡിൽ നിന്നും കൊത്തിയെടുത്ത റൊണാൾഡോ പിന്നീടങ്ങോട്ട് റയലിന്റെ എല്ലാമെല്ലാമായിരുന്നു. 10 വർഷത്തിനുള്ളിൽ മൂന്ന് ക്ലബ് ലോകകപ്പ് കിരീടങ്ങൾ, നാലോളം ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, രണ്ട് ലീഗ് ടൈറ്റിലുകൾ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പുകൾ, 5 തവണ ലോക ഫുട്ബോളർ പട്ടം, മൂന്ന് തവണ ടോപ് സ്‌കോറർ പദവിയും. ഇതിലും അധികം ഇനി എന്തുവേണം. എന്നാൽ ഈ വർഷം റൊണാൾഡോ യുവൻറെസിലേക്ക് കുടിയേറിയതോടെ ക്ലബ്ബിന്റെ കഷ്ടതകൾ തുടങ്ങി. പുതിയ കോച്ച്‌ ലാപ്ടോയിയുടെ തന്ത്രങ്ങൾ ഫലിക്കാതെയായി. മത്സരങ്ങൾ ഓരോന്നും കഴിയുമ്പോൾ ക്ലബിന്റെ പ്രകടനം കൂടുതൽ മോശമായി തുടർന്നു. അതോടെ കോച്ചിന്റെ പണിയും പോയി. റൊണാൾഡോയെ പോലെ ഒരു താരത്തിന്റെ അഭാവം റയൽ ശെരിക്കും അനുഭവിക്കുണ്ടിപ്പോൾ.


യൂറോപ്യൻ ഫുട്ബോളിൻെറ ട്രാൻസ്ഫർ വിപണിയിൽ ഒരു അത്ഭുതമല്ല ഇത്തരം ട്രാൻസ്ഫറുകൾ. ഒരു ക്ലബ്ബിന്റെ പ്രകടനത്തെയും നിലനില്പിന്നെയും ആകെ ബാധിക്കുന്ന അല്ലെങ്കിൽ അവരുടെ ആത്മവിശ്വാസം പാടെ ചോർത്തി കളയുന്ന ഇത്തരം തുറുപ്പ് ചീറ്റുകളെ മാറ്റുമ്പോൾ ആ ടീം പുതിയൊരു ഗെയിം പ്ലാനും ശൈലിയുമെല്ലാം സൃഷ്ട്ടിച്ചെടുക്കേണ്ടിവരും. എന്നാൽ ഇത്തരം പുനസൃഷ്ട്ടി സാധിക്കാതെ റയലിനെപ്പോലെ ഉലയുന്ന പലരെയും നമുക്ക് യൂറോപ്യൻ ലീഗുകളിൽ കാണാം.

നഗോളോ കാന്റെ -ലെസ്റ്റർ സിറ്റി
2016ലെ ലെസ്റ്ററിന്റെ പ്രീമിയർ ലീഗ് നേട്ടം കായിക ലോകത്തെ എക്കാലത്തെയും അത്ഭുതങ്ങളിൽ ഒന്നായിരുന്നു. ഒരുപിടി പുത്തൻ താരങ്ങളെയും കൊണ്ട് പ്രീമിയർ ലീഗിൽ ചരിത്രം സൃഷ്ട്ടിക്കുകയായിരുന്നു നീലക്കുറുക്കന്മാർ. ലീഗ് കിരീട നേട്ടത്തോടെ ക്ലബിലെ തരെങ്ങളെയെല്ലാം യൂറോപ്പ്യൻ വമ്പന്മാർ നോട്ടമിട്ടു. സീസൺ മുഴുവൻ ലെസ്റ്ററിന്റെ മധ്യനിരയിൽ പാറി പറന്നു നടന്ന നഗോള കാന്റെയായിരുന്നു അതിൽ പ്രധാനി. എതിർ കളിക്കാരൻെറ കാലിൽ നിന്നും പന്ത് റാഞ്ചുനതിലും മുന്നേറ്റ നിരക്ക് പന്ത് എത്തിക്കുന്നതിലും കാൻെറ പുലർത്തിയിരുന്ന മികവൊന്നു വേറെ തന്നെയായിരുന്നു. ലോകകപ്പിൽ ഫ്രാൻസിന്റെ വിജയത്തിലും കാന്റെയുടെ പങ്ക് നിർണായകമായിരുന്നു. 2017 സീസണിൽ ചെൽസിയിൽ എത്തിയ താരം ഇന്ന് ചെൽസിയുടെ എല്ലാമെല്ലാമണ്. എന്നാൽ കാന്റെ ക്ലബ് വിട്ടതോടെ ലെസ്റ്ററിന്റെ പ്രകടനത്തെ അത് കാര്യമായി തന്നെ ബാധിച്ചു. പിന്നീടുള്ള രണ്ടു സീസണുകളിലും ക്ലബിന് ആ മികവ് പുലർത്താൻ കഴിഞ്ഞില്ല. ഈ സീസണിലും ക്ലബ്ബിന്റെ പ്രകടനത്തിൽ കാര്യമായ പുരോഗതിയില്ല.

കെലിയൻ എംബാപ്പേ - മോണോക്കോ
2016 -17 സീസണിൽ ഫ്രഞ്ച് ക്ലബ് മോണോക്കോ നടത്തിയ പ്രകടനം അവിശ്വസനീയമായിരുന്നു. 17 വർഷത്തിന് ശേഷം അവർ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായി. ചാമ്പ്യൻസ് ലീഗിൽ സെമിഫൈനൽ വരെയെത്തി. മോണോകയുടെ ഈ പ്രകടനത്തിൽ നിർണ്ണായക സ്വാധീനമായിരുന്നു ഇന്നത്തെ സെൻസേഷനായ കെലിയൻ എംബാപ്പേ എന്ന കൗമാര താരം. എന്നാൽ ട്രാൻസ്ഫർ വിപണിയിൽ ഏറ്റവും വലിയ രണ്ടാമത്തെ വിലകൊടുത്തു ഫ്രഞ്ച് ഭീമൻ പി.എസ്.ജി കഴിഞ്ഞ സീസണിൽ എംബാപ്പയെ സ്വന്തമാക്കിയത് മുതൽ മോണോക്കോയുടെ കഷ്ടകാലം തുടങ്ങി.

2017-18 സീസണിൽ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിപ്പിച്ച അവർക്ക് ഫ്രഞ്ച് ലീഗ് കിരീടം പി.എസ്.ജിയുടെ മുന്നിൽ അടിയറവ് വെച്ചു രണ്ടാം സ്ഥാനത്തു ഒതുങ്ങേണ്ടി വന്നു. എന്നാൽ ഈ സീസണിലും അവസ്ഥ വളരെ പരിതാപകരമാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും ഇപ്പോൾ മൊണോക്കോ പുറത്തായി കഴിഞ്ഞു. ഫ്രഞ്ച് ലീഗിൽ പത്തൊമ്പതാം സ്ഥാനത്താണിപ്പോൾ മുൻ ചാമ്പ്യന്മാരുള്ളത്. പ്രകടനം മെച്ചപ്പെടുത്തിയിലെങ്കിൽ രണ്ടാം ഡിവിഷനിലേക്ക് താരം താഴ്ത്തപ്പെട്ടേക്കാം.



കെവിൻ ഡിബ്രൂയിൻ - വി.എഫ്.എൽ വോൾഫ്‌സ്‌ബെർഗ്
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഫസ്റ്റ് ചോയ്സാണ് ഡിബ്രൂയെന്. 2015 സിറ്റിയിൽ എത്തിയത് മുതൽ ക്ലബ്ബിന്റെ പ്ലേയ്മേക്കറുടെ റോൾ ഡിബ്രൂയെനിലാണ്. വോൾഫ്‌സ്‌ബെർഗിൽ കളിച്ച 2014-15 സീസണിലെ പ്രകടനം കൊണ്ട് ക്ലബ്ബിനെ ബുണ്ടേഴ്‌സ് ലീഗയിൽ രണ്ടാം സ്ഥാനത്തു എത്തിക്കാനായി. ആ സീസണിൽ ജർമൻ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കുകയും ചെയ്തു. ഡിബ്രൂയിൻ ക്ലബ് വിട്ടതോടെ ക്ലബ്ബിന്റെ പ്രകടനം മങ്ങാൻ തുടങ്ങി. തൊട്ടടുത്ത സീസണിൽ എട്ടാം സ്ഥാനത്താണ് വോൾഫ്‌സ്‌ബെർഗ് ലീഗ് പൂർത്തിയാക്കിയത്. കഴിഞ്ഞ രണ്ടു സീസണിലും പ്രകടനം 16ആം സ്ഥാനത്ത് അവസാനിപ്പിച്ചു. ഈ സീസണിൽ ഇപ്പോൾ 11ആം സ്ഥാനത്താണ് ക്ലബുള്ളത്.

സലാഹ് & അലിസൺ- റോമ
സൂപ്പർ താരം മുഹമ്മദ് സലാഹും അലിസണും റോമയുടെ കണ്ടത്തലുകളായിരുന്നു. സലാഹ് റോമയിൽ എത്തിയതോടെയാണ് റോമയുടെ ഇറ്റാലിയൻ ലീഗിലെ പ്രകടനത്തിൽ പുരോഗതിയുണ്ടായത്. ക്ലബ് സ്ഥിരത പുലർത്തുന്ന സമയത്ത് 2017ൽ ലിവർപൂളിലേക്ക് മാറി. എന്നാൽ അലിസൺ റോമയുടെ കൂടെ കഴിഞ്ഞ സീസൺ വരെ ഉണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ വരെ റോമയെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അലിസൺ കൂടി ക്ലബ് വിട്ടതോടെ റോമയുടെ പ്രകടനം മോശമായി. ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് സീരി എയിൽ റോമയുടെ സ്ഥാനം.


റോബർട്ട് ലെവൻഡോവ്സ്കി- ബെറൂസിയ ഡോർട്മുണ്ട്
ഒരു കാലത്ത് ബെറൂസിയ ഡോർട്മുണ്ടിന്റെ എല്ലാമെല്ലാമായിരുന്നു ലെവൻഡോവ്സ്കി. 2010ൽ ലിച് പോസ്‌നേനിൽ നിന്നും ബെറൂസിയയിൽ എത്തിയ ലെവൻഡോവ്സ്കി രണ്ടു തവണ ക്ലബ്ബിന്നെ ലീഗ് ചാമ്പ്യൻമാരക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഒരു തവണ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെയെത്തിച്ചു. എന്നാൽ 2014ൽ ലെവൻഡോവ്സ്കി ബയേൺ മൂണിക്കിലേക്ക് ട്രാൻസ്ഫർ ആയതോടെ ബൊറൂസിയയുടെ ലീഗിലെ പ്രകടനം മോശമായി തുടങ്ങി. ലെവൻഡോവ്സ്കിയെ പോലെ ഒരു ഗോൾ സ്കോർറുടെ അഭാവം തന്നെയായിരുന്നു ക്ലബ്ബിന്റെ പ്രധാന പ്രശ്‌നം.

ഇതുപോലെ പൊന്മുട്ടയിടുന്ന താറാവുകളായ താരങ്ങളെ വിറ്റു പ്രതിസന്ധികളിൽ പെട്ടുപോയ അനേകം ക്ലബുകളെ യൂറോപ്പിൽ വേറെയും കാണാം. മുമ്പ് റൊണാൾഡിന്യോയെ ബാഴ്സക്ക് വിറ്റപ്പോൾ പി.എസ്.ജിയും ലൂയിസ്‌ ഫിഗോയെ റയലിന് വിറ്റപ്പോൾ ബാഴ്‌സലോണയും ബെക്കാം റയലിൽ പോയപ്പോൾ മാഞ്ചെസ്റ്ററിനും ഇതേ അനുഭവം തന്നെയാണ് ഉണ്ടായിട്ടുള്ളത്. പക്ഷെ ഇത്തരം വിടവുകളൊക്കെ ഡിബാലമാരും വിനീഷ്യസ്‌മാരും റാഷ്ഫോർഡുമാരും നികത്തിയ ചരിത്രമാണ് നമ്മൾക്ക് മുന്നിലുള്ളത്. കാത്തിരിക്കാം പുതിയ രക്ഷകർക്കായി.

Tags:    
News Summary - stars transfer and clubs lost- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.