????? ??? ????????? ??????? ??????????????????? ????????

വ​ലി​യ ദുഃ​ഖ​ത്തി​നി​ട​യി​ലും ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ൾ

മഡ്ഗാവ്: 71ാമത് സന്തോഷ് േട്രാഫി ഫുട്ബാളിലും കേരളത്തിെൻറ പ്രതീക്ഷകൾ പകുതിവഴിയിൽ അവസാനിച്ചു. വ്യാഴവട്ടത്തിന് ശേഷം കിരീടം തേടിയിറങ്ങിയ ടീം സെമിഫൈനലിൽ ആതിഥേയരായ ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളിന് മുട്ടുകുത്തി. നാലുവർഷത്തിന് ശേഷം ഫൈനലിൽ കടക്കാമെന്ന മോഹത്തിനും തിരിച്ചടിയേറ്റു. യോഗ്യതാ റൗണ്ടിൽനിന്ന് വ്യത്യസ്തമായ അന്തിമ റൗണ്ടിൽ മെച്ചപ്പെട്ട കളി പുറത്തെടുത്തിട്ടും എങ്ങുമെത്താനായില്ലെന്ന നിരാശയിലാണ് ടീം.

പ്രതിരോധം പാളി
അഞ്ച് മത്സരങ്ങളിൽ രണ്ടുവീതം ജയവും തോൽവിയും ഒരു സമനിലയുമാണ് കേരളത്തിെൻറ സമ്പാദ്യം. 11 ഗോൾ അടിച്ചപ്പോൾ ഒമ്പതെണ്ണം വഴങ്ങി. മിസോറമിനെതിരായ കളിയൊഴിച്ച് നാലിലും ആദ്യം കുലുങ്ങിയത് കേരളത്തിെൻറ വലയാണ്. മിസോറം ഒരു ഗോളടിച്ചപ്പോൾ ബാക്കിയെല്ലാവരും രണ്ട് വീതം ഗോളും കേരളത്തിന് സമ്മാനിച്ചു. ഇവിടെ കാര്യങ്ങൾക്ക് വ്യക്തത വരുന്നു. പാളിയത് പ്രതിരോധത്തിൽത്തന്നെ. അണ്ടർ 21 താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിക്കാതെ വയ്യ. അവസരം ലഭിച്ച നാലുപേരും മധ്യനിരയിലായിരുന്നു.  

കളിച്ചുവളരണം 
ഇവരെ ഇന്ന് പിരിച്ചുവിടുകയാണെന്ന് പരിശീലകൻ വി.പി. ഷാജി വേദനയോടെ പറയുന്നത് പ്രകടനത്തിൽ തൃപ്തനല്ലാഞ്ഞിട്ടല്ല. സന്തോഷ് േട്രാഫി കഴിയുന്നതോടെ എല്ലാവരും അവരവരുടെ വഴിക്കുപോവും. പിന്നെ കേരള ടീം ഉണ്ടാക്കാൻ അടുത്തവർഷത്തെ ടൂർണമെൻറ് വരണം. സംസ്ഥാന സീനിയർ ഫുട്ബാളിലെ പ്രകടനം അടിസ്ഥാനമാക്കി വരുംകൊല്ലം പതിവുപോലെ 30ഒാ അതിലധികം പേരെയോ ക്യാമ്പിലേക്ക് വിളിക്കും. ഡിപ്പാർട്ട്മെൻറൽ ടീമുകളിൽ നിന്നും ആളെയെടുക്കും. പത്തോ പതിനഞ്ചോ ദിവസത്തെ പരിശീലനം. തുടർന്ന് സന്തോഷ് േട്രാഫി യോഗ്യതാ ടീമിനുള്ള ടീമിനെയും പരിശീലകനെയും പ്രഖ്യാപിക്കുകയായി. ഇവർ ദക്ഷിണമേഖലയിലെ മറ്റു ടീമുകളുമായി ഏറ്റുമുട്ടി യോഗ്യത നേടണം. ചിലപ്പോൾ അതിനും കഴിയാറില്ല.പ്രതിഭയുള്ള ഒരുകൂട്ടം ചെറുപ്പക്കാരെ കൈയിൽ കിട്ടിയിട്ടും സെമിയിൽ മടങ്ങേണ്ടി വന്നതിൽ പരിശീലകൻ നിരാശനാണ്. ഈ സംഘത്തെ നിലനിർത്തി കൂടുതൽ മത്സരങ്ങൾ കളിപ്പിക്കുകയാണെങ്കിൽ മികച്ച റിസൽട്ടുണ്ടാക്കാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ താരവും എസ്.ബി.ടിയുടെ പരിശീലകനുമായ ഷാജി പറയുന്നു. 
ഡിപ്പാർട്ട്മെൻറൽ ടീമുകൾപോലും കാര്യങ്ങൾ അത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് കേരളത്തിെൻറ ഗോൾ കീപ്പിങ് കോച്ചും മുൻ ഇന്ത്യൻ താരവുമായ ഫിറോസ് ഷരീഫിെൻറ അഭിപ്രായം. പരിക്കിേനറെ സാധ്യതയുള്ള കായികയിനമാണ് ഫുട്ബാൾ. എന്നിട്ടും ഫിസിയോയെ നിയമിക്കാൻ ആരും തയാറാവുന്നില്ല. 
എത്ര ടീമിന് ഗോൾ കീപ്പിങ് കോച്ചുമാരുണ്ടെന്ന് കുറെനാൾ ഇന്ത്യൻ ടീമിെൻറ വല കാത്ത അദ്ദേഹം ചോദിക്കുന്നു. ടൂർണമെൻറുകൾ സംഘടിപ്പിക്കുകയാണ് തലപ്പത്തിരിക്കുന്നവർ അടിയന്തരമായി ചെയ്യേണ്ടതെന്ന് താരങ്ങളും.

നാലുപേർ ഇന്ത്യൻ ക്യാമ്പിലേക്ക്
സന്തോഷ് േട്രാഫിയിലെ പ്രകടനം നോക്കി ദേശീയ ടീം ക്യാമ്പിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ സെലക്ടർമാരെ നിയോഗിച്ചിരുന്നു. മലയാളിയായ സതീവൻ ബാലനും ബംഗാളിൽനിന്നുള്ള ദീപാങ്കർ ചൗധരിയുമാണ് സെലക്ടർമാർ. നാല് കേരളതാരങ്ങൾ ഇവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം. അണ്ടർ 21 താരങ്ങളായ രണ്ട് മിഡ്ഫീൽഡർമാരെയും രണ്ട് സീനിയർ കളിക്കാരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്ക് ടീം ഒരുക്കുന്നതിനാണ് ക്യാമ്പ്.  ‘താരവേട്ട’ക്കായി ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെയും ഐ ലീഗ് ക്ലബുകളുടെയും പ്രതിനിധികൾ ഗോവയിലുണ്ട്.
Tags:    
News Summary - santhosh trophy kerala team 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.