ചടങ്ങു തീര്‍ക്കാനൊരു കായികമേള

പുണെ: ദേശീയ സ്കൂള്‍ സബ് ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ കഴിഞ്ഞതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ സംതൃപ്തിയിലാണ് ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷനും മഹാരാഷ്ട്രയും. കുരുന്നുകളുടേതെങ്കിലും ദേശീയ തലത്തിലുണ്ടാകേണ്ട മേന്മകളൊന്നും മേളയില്‍ കണ്ടതേയില്ല. ഫോട്ടോ ഫിനിഷ് സംവിധാനവും വിന്‍റ്കേജ് ഓപറേറ്ററും ഇല്ലാത്തതിനാല്‍ പിറന്ന റെക്കോഡുകള്‍ രേഖപ്പെടുത്തിയതുമില്ല.

ഫോട്ടോഫിനിഷ് സംവിധാനത്തില്‍ കണ്ടെത്തേണ്ട വിജയികളെ ഒഫീഷ്യലുകള്‍ കണ്ണാലെ തിരിച്ചറിഞ്ഞു. ചോദ്യംചെയ്യപ്പെട്ടപ്പോള്‍ ഫലം തിരുത്തിയത് പലതവണ. എല്ലാ കുട്ടികള്‍ക്കും അവസരമെന്ന ന്യായത്തില്‍ ദേശീയ മീറ്റിന്‍െറ യോഗ്യത മാര്‍ക്ക് മാറ്റിവെച്ചത് ട്രാക്കിലും ഫീല്‍ഡിലും മുഴച്ചുനിന്നു. ഇതൊരു ദേശീയ മീറ്റാണെന്നത് സംഘാടകര്‍ വിസ്മരിച്ചെന്ന് സെന്‍ട്രല്‍ എക്സൈസ് സൂപ്രണ്ടും സീനിയര്‍ അത്ലറ്റിക്സ് ഒഫീഷ്യലുമായ സുധാന്‍ശു ഖൈറെ കുറ്റപ്പെടുത്തി. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ മത്സരങ്ങള്‍ മൂന്ന് മേളകളായി വിഭജിച്ചതും അപാകതയാണെന്ന് അദ്ദേഹം പറയുന്നു. 200ലേറെ സര്‍വകലാശാലകളില്‍നിന്ന് 5000 അത്ലറ്റുകള്‍ പങ്കെടുക്കുന്ന മീറ്റുകള്‍ അനായാസം നടത്തുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചേട്ടന്മാരോട് മല്ലിട്ട് കുരുന്നുകള്‍
സ്കൂളുകള്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് മാത്രമാണ് അത്ലറ്റുകളുടെ വയസ്സറിയാന്‍ അധികൃതര്‍ വാങ്ങുന്നത്. ജനന സര്‍ട്ടിഫിക്കറ്റിന് ഒപ്പം സിവില്‍ മെഡിക്കല്‍ സര്‍ജന്‍ നല്‍കുന്ന മെഡിക്കല്‍ സാക്ഷ്യപത്രവും വാങ്ങുന്നുവെന്ന് മഹാരാഷ്ട്ര സ്പോര്‍ട്സ് ടെക്നിക്കല്‍ ഡയറക്ടര്‍ സുശീല്‍ ഇനംദര്‍ പറഞ്ഞു. എന്നാല്‍, ഇത്തരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരു സംസ്ഥാനവും സമര്‍പ്പിച്ചിട്ടില്ല. ഒരിക്കല്‍ മത്സരത്തിനുള്ള പേരു ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നെ അത്ലറ്റുകളുടെ വയസ്സ് പരിശോധിക്കേണ്ടതില്ളെന്നും പേരു ചേര്‍ക്കപ്പെട്ടവരെ മത്സരിപ്പിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ബാധ്യതയെന്നുമാണ് സംഘാടകര്‍ പറയുന്നത്. ഫലമോ, 14 വയസ്സിനു താഴെയുള്ളവരുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ മീറ്റിന് എത്തുന്നത് മുതിര്‍ന്നവര്‍. തങ്ങളെക്കാള്‍ കായിക ശേഷിയുള്ളവരുമായി കുരുന്നുകള്‍ മല്ലിടുന്ന ദയനീയ കാഴ്ച.

റെക്കോഡിട്ടത് അറിയാതെ മുര്‍മു
ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ ഒഡിഷക്കാരന്‍ ലഖന്‍ മുര്‍മുവിന്‍െറ 6.66 മീറ്റര്‍ ചാട്ടം സബ് ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ റെക്കോഡായിരുന്നു. 2006ല്‍ ബാലെവാഡിയിലെ ഇതേ പിച്ചില്‍ മഹാരാഷ്ട്രയുടെ സഭാ ഭഗത് 6.60 മീറ്റര്‍ ചാടി കുറിച്ച റെക്കോര്‍ഡാണ് മുര്‍മു മറികടന്നത്. എന്നാല്‍, അത് റെക്കോര്‍ഡായി പരിഗണിച്ചില്ല. മുര്‍മുവും ടീം മാനേജറും പരിശീലകരും അതറിഞ്ഞുമില്ല. അറിഞ്ഞ് ചോദ്യം ചെയ്തിട്ട് ഫലവുമുണ്ടായില്ല. 100 മീറ്ററില്‍ രണ്ടാം സ്ഥാനത്ത് ഓടിയത്തെിയതും ലഖന്‍ മുര്‍മു ആയിരുന്നു. റിസല്‍ട്ട് പുറത്തുവന്നപ്പോള്‍ ഗുജറാത്തുകാരന്‍ ശിവം ഗിരി. റിസല്‍ട്ടില്‍ മൂന്നാം സ്ഥാനത്തു പോലും മുര്‍മു ഉണ്ടായിരുന്നില്ല. ഇത് വിട്ടുകൊടുക്കാന്‍ ഒഡിഷക്കാര്‍ തയ്യാറായില്ല. ചോദ്യം ചെയ്തതോടെ തിരുത്ത്. പുതിയ റിസല്‍ട്ടില്‍ മുര്‍മു 11.3 സെക്കന്‍ഡ് വേഗത്തില്‍ രണ്ടാം സ്ഥാനത്ത്.

പതിവുപോലെ കേരളം
സബ് ജൂനിയറിലെ സ്പ്രിന്‍റ് ഇനങ്ങളില്‍ കേരളം പതിവുപോലെ മെഡലുകള്‍ നേടിയില്ല. ആണ്‍, പെണ്‍ വിഭാഗത്തിലെ 100 മീറ്റര്‍, ആണ്‍കുട്ടികളുടെ 200 മീറ്ററുകളുടെ ഫൈനല്‍ ട്രാക്കില്‍ കേരള കുരുന്നുകളാരുമുണ്ടായിരുന്നില്ല. 4X100 മീറ്റര്‍ റിലേയില്‍ ആണ്‍കുട്ടികള്‍ക്ക് ഫൈനലില്‍ പ്രവേശിക്കാനുമായില്ല. 13.50 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷിങ് പോയന്‍റില്‍ ഇനിയും എത്താത്ത താരങ്ങള്‍ അണിനിരന്ന പെണ്‍കുട്ടികളുടെ റിലേ ടീം വെങ്കലം ചൂടിയത് വലിയ നേട്ടമായി. 400 മീറ്ററില്‍ സ്വര്‍ണം നേടിയ പൂവമ്പായി എ.എം.എച്ച്.എസിലെ എല്‍ഗ തോമസ് ഭാവി പ്രതീക്ഷയാണ്. കോതമംഗലം സെന്‍റ് ജോര്‍ജിലെ വാരിഷ് ബോഗിമയൂം (80 മീ. ഹഡ്ല്‍സ് ) ആണ് മറ്റൊരു സ്വര്‍ണ നേട്ടക്കാരന്‍. പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ വെള്ളി നേടിയ കല്ലടി എച്ച്.എസിലെ മഹിമ എം. നായരും പ്രതീക്ഷ നല്‍കുന്നു.

Tags:    
News Summary - national school junior meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.