വീണുടഞ്ഞ് സ്വപ്നങ്ങള്‍

കൊച്ചി: ആ പെനാല്‍റ്റി ബോക്സിന്‍െറ ചതുരക്കളത്തില്‍ പ്രതീക്ഷകളുടെ തിരകളടങ്ങി. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ നൂല്‍പാലത്തില്‍ ഒരു നാടിന്‍െറ സ്വപ്നങ്ങള്‍ വീണുടയുന്നത് നിറഗാലറി ഹതാശരായി നോക്കിക്കണ്ടു. മഞ്ഞയില്‍ കുളിച്ച് മലയാളം കരുത്തുപകര്‍ന്ന കളിക്കൂട്ടം അവസാനശ്വാസം വരെ പൊരുതിയെങ്കിലും മോഹഭംഗങ്ങളായിരുന്നു കേരള ബ്ളാസ്റ്റേഴ്സിന് ഐ.എസ്എല്ലിന്‍െറ കലാശക്കളി വീണ്ടും സമ്മാനിച്ചത്.

നാട് ഉറ്റുനോക്കിയ ഫൈനല്‍ പോരാട്ടത്തില്‍ മലയാളത്തിന്‍െറ സ്വന്തം ബ്ളാസ്റ്റേഴ്സ് ടൈബ്രേക്കറില്‍ 4-3ന് അത്ലറ്റികോ കൊല്‍ക്കത്തയുടെ വംഗവീര്യത്തിനു മുന്നില്‍ ഒരിക്കല്‍കൂടി മുട്ടുമടക്കി. 2014ലെ ഫൈനലില്‍ അധികസമയഗോളില്‍ ബ്ളാസ്റ്റേഴ്സ് അത്ലറ്റികോയോട് തോറ്റിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാടൈമിലും ഇരുടീമും ഓരോ ഗോളടിച്ച് സമനിലയ പാലിച്ചതോടെയാണ് വിധിനിര്‍ണയം ഷൂട്ടൗട്ടിലത്തെിയത്. 37ാം മിനിറ്റില്‍ മുഹമ്മദ് റാഫിയിലൂടെ മുന്നിലത്തെിയ ബ്ളാസ്റ്റേഴ്സിനെതിരെ 44ാം മിനിറ്റില്‍ ഹെന്‍റിക് സെറേനോയാണ് കൊല്‍ക്കത്തയുടെ സമനില ഗോള്‍ നേടിയത്. ഷൂട്ടൗട്ടില്‍ അല്‍ഹാജി എന്‍ഡോയെ, സെഡ്രിങ് ഹെങ്ബര്‍ട്ട് എന്നിവരുടെ കിക്കുകള്‍ പാഴായതോടെയാണ് കിരീടം കപ്പിനും ചുണ്ടിനുമരികെ വീണ്ടും കേരളത്തെ കൈവിട്ടത്.
ലീഗില്‍ പത്ത് ഗോളുകള്‍ നേടിയ ഡല്‍ഹി ഡൈനാമോസിന്‍െറ മാഴ്സലീഞ്ഞോയാണ് സുവര്‍ണപാദുകത്തിന് അര്‍ഹന്‍. ഹീറോ ഓഫ് ദ ലീഗ് ആയി ഡല്‍ഹിയുടെ തന്നെ ഫ്ളോറന്‍റ് മലൂദയും എമര്‍ജിങ് പ്ളെയറായി ചെന്നൈയുടെ ലാല്‍റിന്‍സുവാലയും തെരഞ്ഞെടുക്കപ്പെട്ടു.

ദുരന്തം ഷൂട്ടൗട്ടിന്‍െറ നൂല്‍പാലത്തില്‍
ഏറെ പ്രതീക്ഷയോടെ ടൈബ്രേക്കറിനെ സമീപിച്ച ബ്ളാസ്റ്റേഴ്സ് തുടക്കത്തിലെ മുന്‍തൂക്കം കളഞ്ഞുകുളിക്കുകയായിരുന്നു. അന്‍േറാണിയോ ജെര്‍മനാണ് ബ്ളാസ്റ്റേഴ്സ് നിരയില്‍ ആദ്യകിക്കെടുത്തത്. ജര്‍മന്‍ അനായാസം ദേബ്ജിതിനെ കീഴടക്കി. കൊല്‍ക്കത്തക്കുവേണ്ടി ഇയാന്‍ ഹ്യൂം തന്നെ തുടക്കമിടാനത്തെി. എന്നാല്‍, ചുവടൊന്നു പിഴച്ച ഹ്യൂമിന്‍െറ ഷോട്ട് അസാധ്യ റിഫ്ളക്ഷനില്‍ തടഞ്ഞിട്ട് സ്റ്റാക്കി ഗാലറിയെ ഉന്മാദം കൊള്ളിച്ചു. ബെല്‍ഫോര്‍ട്ടിന്‍െറ അടുത്ത കിക്ക് ദേബ്ജിതിന്‍െറ കൈകളില്‍ തൊട്ടുതൊട്ടില്ളെന്ന മട്ടില്‍ അകത്തേക്ക്.

കൊല്‍ക്കത്തക്കുവേണ്ടി അടുത്ത കിക്കെടുത്ത സമീഗ് ദ്യുതി അനായാസം സാ്റ്റാക്ക് ഡൈവ് ചെയ്തതിന്‍െറ എതിര്‍ദിശയിലേക്ക് പന്തടിച്ചുകയറ്റി. എന്നാല്‍, അടുത്ത കിക്ക് തൊടുത്തത് എന്‍ഡോയെ. ഷോട്ട് പക്ഷേ, ക്രോസ്ബാറിന് മുകളിലൂടെ പറന്നു. ബോര്‍യയുടെ അടുത്ത ഷോട്ട് വലയിലത്തെിയതോടെ കൊല്‍ക്കത്ത ഒപ്പമത്തെി. ബ്ളാസ്റ്റേഴ്സ് താരം റഫീഖിന്‍െറ ഷോട്ടും നിലംപറ്റെ വലയില്‍കയറ്റി.  കൊല്‍ക്കത്തയുടെ നാലാംകിക്ക് യാവി ലാറയുടെ വക. ബുള്ളറ്റ് ഷോട്ട് മിന്നായംപോലെ വലയിലേക്ക്. ബ്ളാസ്റ്റേഴ്സിന്‍െറ അവസാനഷോട്ട് ഹെങ്ബര്‍ട്ട് തൊടുത്തത് കാലുകൊണ്ട് ദേബ്ജിത് തട്ടിമാറ്റി. അവസാന ഷോട്ട് ജുവല്‍ രാജ അനായാസം വലയിലത്തെിച്ചതോടെ ബ്ളാസ്റ്റേഴ്സിന് കലാശക്കളിയില്‍ ഒരിക്കല്‍കൂടി കണ്ണീരണിയാനായിരുന്നു വിധി.

തണുത്ത തുടക്കം
പതിഞ്ഞ തുടക്കമായിരുന്നു കലാശക്കളിക്ക്. ഇരുനിരയും ജാഗ്രതയോടെ പന്തുതട്ടിത്തുടങ്ങിയപ്പോള്‍ മുനകൂര്‍ത്ത മുന്നേറ്റങ്ങള്‍ ആദ്യനിമിഷങ്ങളിലുണ്ടായില്ല. കൊല്‍ക്കത്ത ഒന്നു പതുങ്ങിനിന്നപ്പോള്‍ ഈ ഘട്ടത്തില്‍ ബ്ളാസ്റ്റേഴ്സാണ് കയറിയത്തെിയത്. രണ്ടാം മിനിറ്റില്‍ ഹെങ്ബര്‍ട്ടിന്‍െറ പാസില്‍ വിനീത് വലതുവിങ്ങില്‍നിന്നുതിര്‍ത്ത ക്രോസ് കണക്ടു ചെയ്യാന്‍ ആളില്ലാതെപോയി. അടുത്ത മിനിറ്റില്‍ ബോക്സിനു പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കിലും എതിരാളികളെ വിറപ്പിക്കാന്‍ ആതിഥേയര്‍ക്കു കഴിഞ്ഞില്ല.
അറച്ചുനിന്ന അത്ലറ്റികോ കളമറിഞ്ഞ് പതിയെ കയറിയത്തൊന്‍ തുടങ്ങിയതോടെ ഇരുധ്രുവങ്ങളിലേക്കും പന്തത്തെി. ബ്ളാസ്റ്റേഴ്സിന്‍െറ ആക്രമണങ്ങളെ അപേക്ഷിച്ച് എതിരാളികളുടെ നീക്കങ്ങള്‍ക്ക് കൂടുതല്‍ ഏകോപനവും ആസൂത്രണവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്ലറ്റികോയുടെ ഓരോ മുന്നേറ്റവും ഗാലറിയില്‍ തീ കോരിയിട്ടുകൊണ്ടിരുന്നു. ഇതിനിടയില്‍ ഒമ്പതാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചു.  പോസ്റ്റിഗയുടെ പാസ് പിടിച്ചെടുത്ത ബെല്‍ഫോര്‍ട്ട് എതിര്‍ ഡിഫന്‍ഡറെ കടന്നുകയറി നല്‍കിയ പാസില്‍ ക്ളോസ്റേഞ്ചില്‍നിന്ന് ആംഗുലര്‍ ഷോട്ടിലൂടെ റാഫി വല ലക്ഷ്യമിട്ടെങ്കിലും കൊല്‍ക്കത്താ ഡിഫന്‍ഡര്‍ പാഞ്ഞുവീണ് പന്ത് പ്രതിരോധിച്ചു.
ഹൊസുവിന്‍െറ അഭാവത്തില്‍ ഇടതു വിങ്ബാക്ക് പൊസിഷനില്‍ ബൂട്ടുകെട്ടിയ ഇഷ്ഫാക്ക് അഹ്മദ് ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദ്യുതിയുടെ ചുറുചുറുക്കിനെ പ്രതിരോധിക്കാന്‍ അത്യധ്വാനം ചെയ്യേണ്ടിവന്നു. പന്തിന്മേല്‍ കൊല്‍ക്കത്ത മേധാവിത്വം നേടിയതോടെ ഒരുതരം അലസത കേരളത്തെവന്നു പൊതിഞ്ഞു. ബെല്‍ഫോര്‍ട്ടും നാസോണും വിനീതും നടത്തിയ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളായിരുന്നു കാണികള്‍ക്ക് ആശ്വാസമായത്. പോസ്റ്റിഗയെയും ഹ്യൂമിനെയും പടിച്ചുനിര്‍ത്തി ഹ്യൂസും ഹെങ്ബര്‍ട്ടും നയിച്ച പ്രതിരോധം പതിവുപോലെ വിയര്‍പ്പൊഴുക്കിക്കൊണ്ടിരുന്നു.

നായകന്‍ മടങ്ങി, പിന്നാലെ ഗോള്‍
പൂര്‍ണമായും ഫിറ്റല്ലാതിരുന്നിട്ടും ഫൈനലില്‍ കളത്തിലിറങ്ങിയ നായകന്‍ ആരോണ്‍ ഹ്യൂസിന് 34ാം മിനിറ്റില്‍ കളംവിടേണ്ടിവന്നത് കേരളത്തിന് തിരിച്ചടിയായി. എന്നാല്‍, അതില്‍ തളര്‍ന്നിരിക്കാതെ അല്‍പനേരം ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയത് കേരളത്തിന് സമ്മാനിച്ചത് ലീഡ്.
മൈതാനമധ്യത്തുനിന്ന് പന്തെടുത്ത് കുതിച്ച ബെല്‍ഫോര്‍ട്ടിന്‍െറ നീക്കം പ്രതിരോധിക്കുന്നതിനിടെ പ്രീതം വഴങ്ങിയ കോര്‍ണറാണ് ഗോളിലേക്ക് വഴിവെച്ചത്. മെഹ്താബ് എടുത്ത കിക്ക് ഗോള്‍മുഖത്തേക്ക് പറന്നിറങ്ങിയപ്പോള്‍ ഹെഡറുകളുതിര്‍ക്കാന്‍ കേമനായ റാഫിയുടെ ശിരസ്സിലുരുമ്മി പന്ത് വലയുടെ വലതുമൂലയിലേക്ക് പാഞ്ഞുകയറി.  
ഈ ഹെഡര്‍ മിടുക്കില്‍ പ്രതീക്ഷയര്‍പ്പിച്ചുതന്നെ പ്ളേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്ന കോപ്പലിന്‍െറ വിശ്വാസം കാക്കാന്‍ ഫൈനലിന്‍െറ കളത്തില്‍ വല കുലുക്കുകയായിരുന്നു ഈ കാസര്‍കോട്ടുകാരന്‍. ആകാംക്ഷമുറ്റിയ ഗാലറിയുടെ നിശ്ശബ്ദത മാറി ആരവങ്ങളുടെ വെടിമുഴക്കമാണ് ഈ ഗോളിന് അകമ്പടിയായി പിറന്നത്.

വരമ്പത്ത് തിരിച്ചടി
ഗാലറിയുടെ ആഘോഷങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. തങ്ങളുടെ വല കുലുക്കിയ അതേ രീതിയില്‍ ബ്ളാസ്റ്റേഴ്സിന്‍െറ നെഞ്ചകം തകര്‍ത്ത് വെടി പൊട്ടിച്ച് വംഗനാട്ടുകാര്‍ ഒപ്പംപിടിച്ചു. ദ്യുതി തൊടുത്ത കോര്‍ണര്‍ കിക്കില്‍ തലവെക്കാന്‍ ഡിഫന്‍സില്‍നിന്ന് പാഞ്ഞത്തെിയ സെറേനോയുടെ ശ്രമം ജിങ്കാന്‍െറ പ്രതിരോധനീക്കങ്ങള്‍ക്ക് പിടികൊടുക്കാതെ ലക്ഷ്യം കണ്ടപ്പോള്‍ അത്ലറ്റികോക്ക് ആഘോഷമായി. ഇതിനു പിന്നാലെയാണ് ഇടവേളയത്തെിയത്.

ഉശിരുചോര്‍ന്ന് രണ്ടാം പകുതിയും
ഗോളടിക്കുന്നതിനെക്കാളേറെ ഗോളടിക്കാതിരിക്കാന്‍ ഇരുനിരയും ജാഗ്രത കാട്ടിയപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തിലും കളിയില്‍ ആവേശനിമിഷങ്ങള്‍ അന്യംനിന്നു. ബ്ളാസ്റ്റേഴ്സ് നിരയില്‍ നാസോണിന്‍െറ ചില നീക്കങ്ങളാണ് കൊല്‍ക്കത്ത ഡിഫന്‍സിനെ അല്‍പമെങ്കിലും ഭീതിയിലാഴ്ത്തിയത്. ഇതിനിടെ, സമനിലഗോള്‍ നേടിയ സെറേനോയുടെ തല വിനീതിന്‍െറ കൈമുട്ടുകൊണ്ടുള്ള ഇടിയേറ്റ സെറേനോ  ചോരയൊലിപ്പിച്ചു കിടന്നു. റഫറിയുടെ കാഴ്ചപ്പുറത്തല്ലായിരുന്നതിനാല്‍ വിനീത് ശിക്ഷയില്‍നിന്നൊഴിവായി. പിന്നീട് തലയില്‍ ബാന്‍ഡേജുമായാണ് സെറേനോ കളിച്ചത്.
വിദേശതാരങ്ങള്‍ക്കൊപ്പം ജുവല്‍ രാജയും ലാല്‍റിന്ദിക റാല്‍തെയുമൊക്കെ അധ്വാനിച്ചു കളിച്ചപ്പോള്‍ പന്തിന്‍മേലുള്ള അത്ലറ്റികോ ആധിപത്യം തുടര്‍ന്നെങ്കിലും ഹെങ്ബര്‍ട്ടും ഹ്യൂസിനു പകരമത്തെിയ എന്‍ഡോയെയും നയിച്ച ഡിഫന്‍സ് ഉറച്ചുനിന്നു. ഇതിനിടയില്‍ ബോക്സിനു പുറത്തുനിന്ന് ലോങ് ഷോട്ടുകള്‍ പായിക്കാനുള്ള അവസരം തേടിയ കൊല്‍ക്കത്ത താരങ്ങള്‍ക്ക് ലക്ഷ്യബോധം തീരെ കുറവായിരുന്നു.
പോസ്റ്റിഗയുടെ പൊള്ളുന്നൊരു ഷോട്ടായിരുന്നു ഇതിന് അപവാദം. ഈ ഷോട്ട് മുഴുനീളത്തില്‍ ഡൈവ്ചെയ്ത് കോര്‍ണറിനു വഴങ്ങിയാണ് സ്റ്റാക്ക് വഴിതിരിച്ചുവിട്ടത്. തൊട്ടുപിന്നാലെ പോസ്റ്റിഗയെ പിന്‍വലിച്ച കോച്ച് മൈതാനം നിറഞ്ഞുകളിക്കുന്ന യാവി ലാറയെ രംഗത്തിറക്കിയെങ്കിലും കളിയില്‍ ഗുണപരമായ മാറ്റമുണ്ടായില്ല.

ഇരട്ടമാറ്റം, മാറ്റമില്ലാതെ കഥ
76ാം മിനിറ്റില്‍ ഇരട്ട മാറ്റങ്ങളുമായി കോപ്പല്‍ അടവൊന്നു മാറ്റിപ്പിടിച്ചു. നന്നായി കളിക്കുമ്പോഴും പാസ് നല്‍കാന്‍ മടി കാട്ടുന്ന നാസോണിനു പകരം അന്‍േറാണിയോ ജെര്‍മെയ്ന്‍ കളത്തിലത്തെി. ഒപ്പം റാഫിയെ മാറ്റി മുഹമ്മദ് റഫീഖും. 2014ല്‍ കേരളത്തിനെതിരെ കൊല്‍ക്കത്തയുടെ  വിജയഗോള്‍ നേടിയ റഫീഖിനെ കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. അവസാന ഘട്ടത്തിലേക്ക് കളിയത്തെുമ്പോഴും ഇരുനിരയുടെയും നീക്കങ്ങളൊന്നും മൂര്‍ച്ചയുള്ളതായിരുന്നില്ല. 90 മിനിറ്റിനിടെ ഒരു ഷോട്ടുപോലും വല ലക്ഷ്യമിട്ട് പായിക്കാന്‍ ഹ്യൂമിന് കഴിഞ്ഞില്ല. ഹെങ്ബര്‍ട്ടിന്‍െറ കത്രികപ്പൂട്ട് അത്ര കണിശമായിരുന്നു.

അറച്ചുനിന്ന് അധികസമയവും
എക്സ്ട്രാ ടൈമിലും കഥ മാറ്റമില്ലാതെ തുടര്‍ന്നു. ഷൂട്ടൗട്ടില്‍ ഭാഗ്യംപരീക്ഷിക്കാമെന്ന തോന്നലിലാണ് ടീമുകളെന്ന് താരങ്ങളുടെ ശരീരഭാഷ വ്യക്തമാക്കുന്നുണ്ടായിരുന്നു. മധ്യനിരയില്‍ കരുനീക്കുമ്പോഴും കൊല്‍ക്കത്തക്ക് ഉറച്ച അവസരങ്ങള്‍ തുറന്നെടുക്കാനായില്ല. ബ്ളാസ്റ്റേഴ്സ് നിരയില്‍ ഒരുതവണ ജര്‍മന് അവസരം കിട്ടിയെങ്കിലും പന്ത് കാലില്‍തട്ടിതെറിച്ചു. അവസാന ഘട്ടത്തില്‍ ആതിഥേയര്‍ ഗോളിനടുത്തത്തെിയെങ്കിലും ഫിനിഷിങ്ങില്‍ പാളി.
ഡല്‍ഹിക്കെതിരെ രണ്ടാം പാദ സെമിഫൈനലിനിറങ്ങിയ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ബ്ളാസ്റ്റേഴ്സ് കളത്തിലത്തെിയത്. ക്രോസ്ബാറിനു കീഴില്‍ സന്ദീപ് നന്ദിക്കുപകരം സ്റ്റാക്ക് അന്തിമ കാവല്‍ക്കാരനായപ്പോള്‍ സസ്പെന്‍ഷനിലായ ഹൊസു പ്രീറ്റോക്കു പകരക്കാരനായി ഇഷ്ഫാക്കിനെ കളത്തിലിറക്കാനായിരുന്നു കോപ്പലിന്‍െറ തീരുമാനം. നാസോണിനെ സ്ട്രൈക്കറായും റാഫിയെ അതിനു തൊട്ടുപിന്നിലും വിന്യസിച്ചുള്ള 4-4-1-1 ശൈലിയായിരുന്നു കോപ്പല്‍ സ്വീകരിച്ചത്. ഹ്യൂമിനെ മുന്നില്‍നിര്‍ത്തി 4-3-2-1 ശൈലിയിലായിരുന്നു കൊല്‍ക്കത്ത കോച്ച് ഹോസെ മൊളിനയുടെ ടീം വിന്യാസം.

Tags:    
News Summary - kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.