സ്റ്റാക്കി കണ്ട ബ്ളാസ്റ്റേഴ്സ്



യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ പ്രമുഖരായ ആഴ്സനല്‍ അക്കാദമിയില്‍ തുടങ്ങി ഇംഗ്ളീഷ് ക്ളബുകളായ റെഡിങ്, ലീഡ്സ് യുനൈറ്റഡ്, വോള്‍വര്‍ഹാംപ്ട്ടന്‍, ബ്ളാക്പൂള്‍, മില്‍വാള്‍, ഹിബെര്‍നിയന്‍, ബാര്‍നെറ്റ് വഴി കേരള ബ്ളാസ്റ്റേഴ്സ് വരെയുള്ള യാത്ര. 16 വര്‍ഷത്തെ കരിയറിനിടയില്‍ ലോകവും കളിയും ഏറെ കണ്ടെങ്കിലും ഗ്രഹാം സ്റ്റാക്കിന്‍െറ പ്രിയപ്പെട്ടമണ്ണായി കേരളം മാറി. ബ്ളാസ്റ്റേഴ്സിന്‍െറ വലകാക്കുന്ന സൂപ്പര്‍ ഗോളി കേരളത്തിന്‍െറയും ഇന്ത്യന്‍ ഫുട്ബാളിന്‍െറയും യൂറോപ്പിലെ ബ്രാന്‍ഡ് അംബാസഡറായി മാറിയിരിക്കയാണ്. സ്കൈ സ്പോര്‍ട്സിലെ കുറിപ്പില്‍ ഗ്രഹാം സ്റ്റാക് കേരള അനുഭവങ്ങള്‍ പങ്കുവെക്കുന്നു. 
 

എന്‍െറ ഇന്ത്യന്‍ യാത്ര
ബ്ളാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പുവെച്ച് കേരളത്തിലേക്കുള്ള യാത്ര ഒരു വേര്‍പാടുപോലെയായിരുന്നു. തൊണ്ടവരണ്ട്, കണ്ണീരണിഞ്ഞ നിമിഷം. കുസൃതികളായ നാല് മക്കളെയും സുന്ദരിയായ ഭാര്യയെയും വിട്ട് അഞ്ചുമാസത്തേക്ക് 5000 മൈല്‍ അകലേക്ക് പറക്കുന്നതിന്‍െറ വേദന വല്ലാതെ വലച്ചിരുന്നു. എങ്കിലും ശിഷ്ടജീവിതത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന മനോഹര മുഹൂര്‍ത്തമാവുമെന്ന പ്രതീക്ഷ ഊര്‍ജമായി. 
 

ബാര്‍നെറ്റോ ബ്ളാസ്റ്റേഴ്സോ?
കരാറില്‍ ഒപ്പിടുംമുമ്പുള്ള ദിനങ്ങളായിരുന്നു കടുപ്പം. ഇംഗ്ളണ്ടിലെ ലീഗ് രണ്ടില്‍ കളിക്കുന്ന ബാര്‍നെറ്റില്‍ തുടരണോ, അതോ ബ്ളാസ്റ്റേഴ്സിന്‍െറ ഓഫര്‍ സ്വീകരിക്കണോ. തീരുമാനമെടുക്കാന്‍ വല്ലാതെ ബുദ്ധിമുട്ടിയ ദിനങ്ങള്‍. ക്ളബില്‍ തുടരണമെന്ന് ബാര്‍നെറ്റ് കോച്ച് മാര്‍ട്ടിന്‍ അലെന്‍ വീട്ടിലത്തെി നിര്‍ബന്ധിച്ചതോടെ ആകെ കണ്‍ഫ്യൂഷനായി. വ്യക്തിപരമായി ഏറെ ബഹുമാനമുള്ളയാളാണ് മാര്‍ട്ടിന്‍. മാത്രമല്ല, അദ്ദേഹത്തിനുകീഴില്‍ പരിശീലന സഹായിയായും എനിക്ക് റോളുണ്ട്. കുടുംബത്തിനൊപ്പം കഴിഞ്ഞ് ക്ളബിനൊപ്പം തുടരാമെന്നായിരുന്നു കോച്ചിന്‍െറ വാഗ്ദാനം. 30 മിനിറ്റുമാത്രമേ പരിശീലന ഗ്രൗണ്ടില്‍നിന്ന് വീട്ടിലേക്കുള്ളൂ. ദിവസവും കുട്ടികള്‍ക്കൊപ്പം കളിച്ച് കരിയറും തുടരാം. എന്നാല്‍, ജീവിതത്തില്‍ പിന്നീടൊരിക്കല്‍ ലഭിക്കാത്ത അവസരം കൈവിടുന്നത് എങ്ങനെയെന്നായി ചിന്ത. ഇന്ത്യയിലേക്ക് പോവുകയാണെങ്കില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ ഒരുപാടുണ്ട്. അഞ്ചുമാസക്കാലം കുടുംബത്തിന്‍െറ ഉത്തരവാദിത്തം ഭാര്യക്കാവും. അവളുടെ പിറന്നാള്‍, മക്കളായ ആല്‍ഫിയുടെ സ്കൂളിലെ ആദ്യ ദിനം, ജോര്‍ജിന്‍െറ ആദ്യ ഫുട്ബാള്‍ മാച്ച്, എല്ലാം നഷ്ടമാവും. എന്നാല്‍, എല്ലാം ഏറ്റെടുത്ത ഭാര്യ നതാലി നല്‍കിയ ആത്മവിശ്വാസം നിര്‍ണായക തീരുമാനം വൈകിപ്പിച്ചില്ല. അങ്ങനെ, ഇതുവരെ കാണാത്ത, നാനാവിധ സംസ്കാരങ്ങളും ഭാഷയുമുള്ള രാജ്യത്തേക്കുള്ള യാത്രയായി. കോച്ചുമാരായ സ്റ്റീവ് കോപ്പല്‍, വാലി ഡൗണ്‍സ് എന്നിവര്‍ക്കൊപ്പം ഗോള്‍കീപ്പിങ് കോച്ചും ഗോളിയുമായി ഞാനും ചേര്‍ന്നു.
 

ഇന്ത്യന്‍ സൂപ്പര്‍ലീഗ് എന്ന വിസ്മയം
65,000ത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നത് അവിസ്മരണീയമാണ്. ജര്‍മനിയിലെ ബൊറൂസിയ ഡോര്‍ട്മുണ്ടിന്‍െറ ആരാധകര്‍ക്ക് സമാനമാണ് കൊച്ചിയിലെ മഞ്ഞക്കടലും. ടീമുകള്‍ ഗ്രൗണ്ടിലത്തെുംമുമ്പേ 10,000ത്തോളം കാണികളുണ്ടാവും. സ്റ്റാര്‍സ്പോര്‍ട്സിന്‍െറ സംപ്രേഷണവും, ക്രിക്കറ്റര്‍മാരായ സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, ബോളിവുഡ് താരങ്ങള്‍ എന്നിവരുടെ പങ്കാളിത്തവുമെല്ലാം ഐ.എസ്.എല്ലിനെ ബിഗ്ഹിറ്റാക്കി. ഞങ്ങളുടെ ക്ളബ് ഉടമ, സചിന്‍െറ സാന്നിധ്യം വലിയ ആത്മവിശ്വാസമാണ്. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും കൂട്ടുകൂടാനുമായി. വിനയാനിതനും പ്രചോദകനുമായ അദ്ദേഹം ഓരോ താരങ്ങളുടെയും വിശേഷം ചോദിച്ച് മനസ്സിലാക്കും.
 

കളിക്കാര്‍ നാനാവിധം
ഇന്ത്യയുടെ സംസ്കാരം പോലത്തെന്നെയാണ് ടീമും. പലഭാഷകള്‍, പല മതങ്ങള്‍, വിവിധ ശീലങ്ങള്‍. എന്നിട്ടും ഫുട്ബാളിലൂടെ ഞങ്ങള്‍ ഒന്നിച്ചു. അവിശ്വസനീയമായ ടീം സ്പിരിറ്റുമൊരുക്കി. ഇന്ത്യന്‍ താരങ്ങളുടെ ഊര്‍ജവും അര്‍പ്പണമനോഭാവവും അപാരമാണ്. ഒരോ കളിയിലും അവര്‍ അഭിപ്രായം ചോദിക്കും ഉപദേശം തേടും. മികച്ച പരിശീലനവും സൗകര്യവും ലഭിച്ചാല്‍ ലോകനിലവാരത്തിലത്തൊനാവുന്നതാണ് ഇന്ത്യന്‍ ഫുട്ബാള്‍. 
 

ഇന്ത്യയെന്ന ലോകം
ഓരോ യാത്രകളും ഇന്ത്യയെ അറിയലാണ്. താമസമെല്ലാം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍. എവിടെയും സൂപ്പര്‍ സ്റ്റാറിനെ പോലെ സ്വീകരണം. ആലപ്പുഴയിലെ ഹൗസ്ബോട്ട്, കൊല്‍ക്കത്തയിലെ റേസ് കോഴ്സ്, ഗോവയിലെ കാസിനോ ബോട്ടും ബീച്ചും, ഡല്‍ഹിയിലെ ദീപാവലി ആഘോഷം, കൊച്ചിയിലെ അനാഥാലയ സന്ദര്‍ശനം, പിന്നെ ക്ഷേത്രങ്ങളിലൂടെയും ദേവാലയങ്ങളിലൂടെയുമുള്ള യാത്ര. രാത്രികാലങ്ങളില്‍ ടി.വിയിലൂടെ യൂറോപ്യന്‍ ഫുട്ബാള്‍ ലീഗ് മത്സരങ്ങള്‍, ശേഷം സോഷ്യല്‍ മീഡിയയിലൂടെ കുടുംബവുമൊന്നിച്ച്. ബ്ളാസ്റ്റേഴ്സിലേക്കുള്ള വാഗ്ദാനം തള്ളിയെങ്കില്‍ ജീവിതത്തിലെ വലിയൊരു നഷ്ടമാവുമെന്ന് മനസ്സിലാക്കുന്നു. ഇനി ഈ യാത്ര, ഞങ്ങളുടെ കിരീടനേട്ടത്തോടെ അവസാനിച്ചാല്‍ ഇരട്ടി സന്തോഷമാവും.
കുറിപ്പുകള്‍ ഇഷ്ടപ്പെട്ടുവെന്ന വിശ്വാസത്തോടെ, സ്റ്റാക്കി...

Tags:    
News Summary - interview with blasters goal keeper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.