കോഹ്ലിയെ ചൂടാക്കരുത്...

മെല്‍ബണ്‍: വിരാട് കോഹ്ലിയെ ഇത്രക്ക് പേടിയാണോ ആസ്ട്രേലിയക്ക്? പേടിയില്ളെങ്കില്‍ പേടിക്കണമെന്നാണ് ഓസീസ് ടീമംഗങ്ങള്‍ക്ക് അവസാനമായി ലഭിച്ച ഉപദേശം. ഇക്കാര്യം പറയുന്നത് മറ്റാരുമല്ല. ഒരുകാലത്ത് മഞ്ഞപ്പടയുടെ ബാറ്റിങ് വീര്യമായിരുന്ന മൈക്കല്‍ ഹസിയാണ് ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ആസ്ട്രേലിയന്‍ ടീമിന് ഉപദേശം നല്‍കിയത്. ഇന്ത്യന്‍ നായകന്‍ വിരാടിനെ എങ്ങനെ മെരുക്കണമെന്നാണ് ഹസി പറഞ്ഞുകൊടുക്കുന്നത്. ഏഷ്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ കളിച്ച അനുഭവമുള്ള ഓസീസ് കളിക്കാരനെന്ന നിലക്ക് ഈ ഉപദേശത്തിന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും കൂട്ടരും കാതോര്‍ത്തിരുന്നിട്ടുണ്ടാവുമെന്നത് തീര്‍ച്ച. മത്സരത്തിനിടെ സ്ളഡ്ജിങ്ങിന് തുനിയുന്നത് ഇത്തവണ ഒഴിവാക്കണമെന്നാണ് ഉപദേശത്തിന്‍െറ കാതല്‍. കളിക്കിടയില്‍ എതിരാളികള്‍ക്കുമേല്‍ മാനസികമായി ആധിപത്യം സ്ഥാപിക്കാന്‍ ക്രിക്കറ്റില്‍ പതിവുള്ള രീതിയാണ് സ്ളഡ്ജിങ് (ചീത്തപറയല്‍). ‘‘കോഹ്ലിയാണ് ആസ്ട്രേലിയയുടെ ഒന്നാം നമ്പര്‍ ‘ശത്രു’. കോഹ്ലിയെ ആദ്യത്തില്‍തന്നെ പുറത്താക്കണം. അയാളെ സ്ളഡ്ജിങ്ങിന് ശ്രമിച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുത്. കാരണം, കോഹ്ലിയെ ചൂടാക്കുന്തോറും കൂടുതല്‍ ശക്തിയാര്‍ജിക്കും. പിന്നീട് കത്തിപ്പടരുകതന്നെചെയ്യും’’ -മിസ്റ്റര്‍ ക്രിക്കറ്റര്‍ എന്നപേരില്‍ അറിയപ്പെടുന്ന മുന്‍ താരം പറഞ്ഞു. 

‘‘ഇന്ത്യക്കെതിരെ പാഡണിയുമ്പോള്‍ തീര്‍ച്ചയായും നല്ല പ്ളാനുകള്‍ വേണം. അവരെ ഓരോ നിമിഷത്തിലും കഴിയുന്നരീതിയില്‍ പിടിച്ചുനിര്‍ത്തുകയും വേണം. കളിക്കിടയില്‍ വാക്കുകളിലൂടെ പ്രകോപനമുണ്ടാക്കിയേക്കാവുന്ന യാതൊന്നും ഉണ്ടാവരുത്. അത് ഇന്ത്യന്‍ ക്യപ്റ്റനെ പ്രകോപിപ്പിക്കുമെന്നതില്‍ സംശയം വേണ്ട. പിന്നീട് എരിതീയില്‍ എണ്ണയൊഴിച്ചപോലെയാകും. കൂടുതല്‍ സംസാരത്തിലേര്‍പ്പെടുന്നത് ഒരുപക്ഷേ എന്താണോ പ്രധാന്യമുള്ളത്, അതില്‍നിന്നും ശ്രദ്ധതിരിക്കും’’ -ഹസി ഓര്‍മിപ്പിച്ചു. 2013ലാണ് ഹസി രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നത്. 79 ടെസ്റ്റുകള്‍ കളിച്ച ഹസിയുടെ സമ്പാദ്യം 6235 റണ്‍സാണ്. 
‘‘വായ തുറക്കുന്നത് ആരാണ് എന്ന് നോക്കിയിട്ടല്ല കളിയുടെ ഫലം നിര്‍ണയിക്കുന്നത്. കൃത്യമായ തന്ത്രങ്ങളോടെ സ്ഥിരതയാര്‍ന്ന കളി പുറത്തെടുക്കാന്‍ ഓരോ മാച്ചിലും ശ്രദ്ധിക്കണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോഹ്ലി ലോകത്തെ മികച്ച ബാറ്റ്സ്മാനാണ്. 2014 എം.സി.ജി ബോക്സിങ് ഡേ ടെസ്റ്റില്‍ കോഹ്ലിയെ അനാവശ്യമായി പ്രകോപിപ്പിച്ചതിന് ആസ്ട്രേലിയ കടുത്ത വില നല്‍കേണ്ടിവന്നത് ആരും മറക്കണ്ട. 169 റണ്‍സ് അടിച്ചെടുത്ത കോഹ്ലി തന്നോടു തര്‍ക്കിച്ച ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് തല്ലിത്തകര്‍ത്തതും ഓര്‍മവേണം’’ -മുന്‍ ചെന്നൈ സൂപ്പര്‍കിങ്സിന്‍െറ താരം കൂടിയായിരുന്ന ഹസി ഓര്‍മിപ്പിച്ചു. ‘‘സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഏതുപിച്ചിലും കഴിവുതെളിയിച്ച ബാറ്റ്സ്മാന്മാരാണ്. ഇരുവരും ഫോമിലേക്കുയര്‍ന്നാല്‍ ഓസീസിന് വിജയം പ്രതീക്ഷിക്കാം. ഹസി പറഞ്ഞു. 
Tags:    
News Summary - Hussey warns Australia against sledging Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.